ചമാന്/പാക്കിസ്ഥാന്: ഏഴുമാസത്തെ കാത്തിരിപ്പിനൊടുവില്‍ അഫ്ഗാനിലെ നാറ്റോ പാതയിലൂടെ യുഎസ് സൈന്യത്തിന്റെ ട്രക്കുകള്‍ യാത്ര ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് ചമാല്‍ അതിര്‍ത്തി കടന്നാണ് ആദ്യ ട്രക്ക് അഫ്ഗാനിലെത്തിയതെന്ന് പാര്‍ലമെന്റ് ഉദ്യോഗസ്ഥന് ഫസല്‍ ബാരി അറിയിച്ചു. കഴിഞ്ഞവര്‍ഷം നവംബറിലുണ്ടായ യുഎസ് വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് നാറ്റോ പാത അടച്ചിടുന്നത്. ഇതേത്തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു.
ഏഴുമാസത്തെ ഇടവേളയ്ക്കുശേഷം ബുധനാഴ്ചയാണ് നാറ്റോ പാത തുറക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്. നവംബറിലെ സംഭവത്തില്‍ യുഎസ് ഭരണകൂടം മാപ്പ് പറയണമെന്ന് പാക് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികമായി മാപ്പു പറയാത്ത പക്ഷം നാറ്റോ പാത തുറന്നുകൊടുക്കില്ലെന്ന് ഷിക്കാഗോയില്‍ നടന്ന നാറ്റോ ഉച്ചകോടിയിലും പാക് സര്‍ക്കാര്‍ പറഞ്ഞിരുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറുമായി നടത്തിയ ചര്‍ച്ചയിലാണ് നാറ്റോ പാത തുറക്കുന്ന കാര്യത്തില്‍ തീരുമാനമായത്. നാറ്റോ ആക്രമണത്തില്‍ പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ടെന്നും അതിനാല്‍ മാപ്പ് പറയുന്നുവെന്നായിരുന്നു ഹിലരിയുടെ പ്രസ്താവന. ലോക ശക്തിയായ അമേരിക്കയുടെ പക്ഷത്തുനിന്ന് മാപ്പ് പറയുന്നത് പോലൊരു സമീപനമുണ്ടാകുന്നത് അത്ര ചെറിയ കാര്യമല്ല. ക്ഷമാപണം സ്വീകരിച്ച് നാറ്റോ പാത തുറക്കുകയാണെന്ന് ഹിന റബ്ബാനിയും അറിയിച്ചതോടെ ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏഴുമാസമായി ഉണ്ടായിരുന്ന മഞ്ഞ് ഉരുകിത്തീരുകയായിരുന്നു.
നാറ്റോ പാത തുറക്കുന്നതിനെതിരെ പാക് താലിബാന് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. പാതയിലൂടെ കടന്നുപോകുന്ന ട്രക്കിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇന്നലെ ചില ട്രക്കുകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള രഹസ്യ ചര്‍ച്ചകളോ ധാരണകളോ ഉണ്ടായിട്ടില്ലെന്ന് ഇന്നലെ ഹിന റബ്ബാനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: