മെല്‍ബണ്‍: ഇന്ത്യക്കാരിയായ കാമുകിയെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ ഓസ്ട്രേലിയന്‍ പൗരന് 35 വര്‍ഷത്തെ ജയില്‍ശിക്ഷ. പരോള്‍ പോലും അനുവദിക്കരുതെന്ന നിര്‍ദേശത്തോടെയാണ് ക്യൂന്സ്ലന്ഡ് സുപ്രീംകോടതി ജഡ്ജി ജോണ്‍ ബൈര്നി വിധി പ്രസ്താവിച്ചത്.
ക്യൂന്‍സ്ലന്‍ഡിന്റെ ചരിത്രത്തില്‍ ഒരു പ്രതിയ്ക്ക് ഇത്രയേറെ കാലയളവ് പരോളില്ലാ തടവ് ശിക്ഷ വിധിക്കാനായത് ഇതാദ്യമാണ്. പ്രാകൃതവും ക്രൂരവുമായ രീതിയിലാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചതെന്ന് ജഡ്ജി വിലയിരുത്തി. മാസിമോ മാക്സ് സികാ എന്ന നാല്പത്തിരണ്ടുകാരനാണ് ശിക്ഷ ലഭിച്ചത്. ഇന്ത്യക്കാരിയായ നീല്മ സിംഗ് (24), സഹോദരങ്ങളായ കുണാല്‍ (18), സിദ്ധി (12) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി.
2003 ലാണ് കൊലപാതകം നടന്നത്. സികാ കുറ്റക്കാരനാണെന്ന് പന്ത്രണ്ടംഗ ജൂറി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മൂന്നു കൊലപാതകങ്ങളും കണക്കിലെടുത്താണ് 35 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. പ്രത്യേകിച്ച് യാതൊരു ഭാവഭേദങ്ങളുമില്ലാതെയാണ് സികാ വിധി പ്രസ്താവം കേട്ടത്. ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.
സികായുമായുള്ള പ്രേമബന്ധത്തെ നീല്മയുടെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. ദുബായില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റായി ജോലികിട്ടിയ നീല്മ ക്രമേണ മാക്സ് സികായുമായി അകന്നു. തുടര്‍ന്നാണ് അയാള്‍ നീല്മയെ തലയ്ക്കടിച്ചു വീഴ്ത്തിയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്നും തന്നെ തിരിച്ചറിഞ്ഞ് പോലീസിന് കാട്ടിക്കൊടുക്കുമെന്ന ചിന്തയാല്‍ അവരുടെ സഹോദരന്മാരെ ഗാര്ഡന് ഫോര്‍ക്ക് കൊണ്ട് കുത്തികൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: