ന്യൂദല്‍ഹി: ഇന്ത്യ തയ്യാറാവുകയാണെങ്കില്‍ മുംബയ് ഭീകരാക്രമണത്തെ കുറിച്ചും ഭീകരാക്രമണ സമയത്ത് കറാച്ചിയിലെ കണ്ട്രോള് റൂമില്‍ നിന്ന് ഭീകരര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കിയ അബു ജന്ഡാലിന്റെ കാര്യത്തിലും സംയുക്ത അന്വേഷണത്തിന് തയ്യാറാണെന്ന് പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനി.
രണ്ടു ദിവസത്തെ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുമൊത്ത് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനും ഇന്ത്യയും തീവ്രവാദത്തിന്റെ ഇരകളായ രണ്ട് രാജ്യങ്ങളാണ്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ അനുകൂല ഫലം ഉണ്ടാകില്ലെന്നും ജലീല്‍ അബ്ബാസ് ജിലാനി പറഞ്ഞു.
ഇന്ത്യ-പാക് ബന്ധത്തിന്റെ അടിസ്ഥാനം മുംബൈ ഭീകരാക്രമണകേസിന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ ഇരു രാജ്യങ്ങളും സംയുക്തമായി നടപടികള്‍ കൈക്കൊള്ളുമെന്നും മത്തായി പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് ഏറ്റവും പ്രധാനം. മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന വിവരം ലഭിച്ചത് സൗദി അറേബ്യയില്‍ നിന്നും വിട്ടുകിട്ടിയ അബു ജുന്‍ഡാലിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു.
2010 ല്‍ തന്നെ ഭീകരാക്രമണത്തിലെ പാക് തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയിരുന്നതായും അദ്ദേഹം പറഞ്ഞു. അബു ജന്ഡലിന്റെ അറസ്റ്റിനെക്കുറിച്ചും ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളും പാക് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും രഞ്ജന്‍ മത്തായി പറഞ്ഞു.
സമാധാനവും സുരക്ഷയും, ജമ്മുകാശ്മീര്‍, സൗഹൃദപരമായ ആശയവിനിമയം എന്നിവയെകുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. കാശ്മീര്‍ വിഘടനവാദികളായ സയ്യിദ് അലി ഷാ ഗിലാനി, മിര്‍വെയ്സ് ഉമര്‍ ഫാറൂഖ്, യാസിന് മാലിക് എന്നിവരെയും പാക് വിദേശകാര്യ സെക്രട്ടറി സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: