കേരളം ദീര്‍ഘകാലമായി താലോലിച്ചുവന്ന സ്വപ്ന പദ്ധതിയായ കൊച്ചിന് മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതോടെ ഒരു വികസന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. കേരളത്തിന്റെ വികസനക്കുതിപ്പിന് ഇത് പുതിയ ചിറകുകള് നല്‍കിയിരിക്കുകയാണ്. മെട്രോ റെയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നാല് വര്‍ഷംകൊണ്ട് പൂര്‍ത്തിയാകും എന്ന് കേന്ദ്ര ആഭ്യന്തര ചിദംബരവും പ്രഖ്യാപിച്ചിരിക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ചെന്നൈ മാതൃകയില്‍ പൊതുമേഖലയില്‍ 5128 കോടി രൂപയാണ് പദ്ധതി ചെലവ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25കിലോമീറ്റര്‍ ദൂരത്തില്‍ 23 സ്റ്റേഷന് വരുന്നതോടെ വ്യവസായ തലസ്ഥാനമായ കൊച്ചിയ്ക്ക് പുതിയ ഒരു ഗതാഗത സംസ്ക്കാരം രൂപം കൊള്ളുമെന്നാണ് പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 15 ശതമാനം വീതം ഓഹരിയ്ക്ക് പുറമെ ജപ്പാന് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്റെ വായ്പയും കൊച്ചി മെട്രോയ്ക്ക് ലഭിക്കും. കേന്ദ്ര ബജറ്റില്‍ മാറ്റിവെച്ച 60 കോടി രൂപയും സംസ്ഥാന ബജറ്റില്‍ 150 കോടിയുംകൊണ്ട് പ്രവര്‍ത്തനം തുടങ്ങും. മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ചുമതല കോംഗ്കണ്‍ റെയില്‍വേയും ദല്‍ഹി മെട്രോയും യാഥാര്‍ത്ഥ്യമാക്കിയ മജീഷ്യന്‍ ഇ.ശ്രീധരനായതും കേരളത്തിന് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇപ്പോള്‍ കേന്ദ്രാനുമതിയ്ക്ക് മുന്‍പ് തന്നെ എറണാകുളം നോര്‍ത്ത് മേല്‍പ്പാലവും പുനര്‍നിര്‍മാണവും സലിം രാജന് റോഡ് ഫ്ലൈ ഓവര്‍ നിര്‍മാണവും ഏതാണ്ട് പൂര്‍ത്തീകരിച്ച നിലയിലാണ്.
കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നത് അതിനുവേണ്ട സ്ഥലം ഏറ്റെടുക്കലില്‍ നേരിടേണ്ടിവരുന്ന പ്രതിഷേധങ്ങളാണ്. മെട്രോ റെയില്‍ അലൈന്‍മെന്റിനെപ്പറ്റിയും സ്റ്റേഷനുകളെപ്പറ്റിയും നേരത്തെ വിവാദമുയര്‍ന്നിരുന്നു. ആലുവ വെസ്റ്റ്, തൃക്കാക്കര നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, എറണാകുളം, ഇളങ്കുളം, പൂണിത്തുറ വില്ലേജുകളില്‍ക്കൂടി കടന്നുപോകുന്ന റെയില്‍ പാന്‍ പേട്ടയില്‍ അവസാനിക്കുന്നു. വൈറ്റില മൊബിലിറ്റി ഹബ്ബിലേക്ക് മെട്രോ റെയില്‍ സ്റ്റേഷന് മാറ്റാനാണ് തീരുമാനം. പക്ഷെ സ്ഥലമേറ്റെടുക്കല്‍ കടമ്പ വലിയ പ്രശ്നം തന്നെയാണെന്ന് തെളിയിച്ച് വൈറ്റില-പേട്ട റോഡ് വികസനത്തില്‍ പ്രതിഷേധവുമായി സ്ഥലവാസികള്‍ എത്തിക്കഴിഞ്ഞു. ആദ്യം 30 മീറ്റര്‍ വീതി എന്നത് ചുരുക്കി 26 മീറ്റര്‍ ആക്കാം എന്നാണ് പുതിയ തീരുമാനം. പേട്ട നിവാസികള്‍ പറയുന്നത് ജനവാസവും കച്ചവട സ്ഥാപനങ്ങളും ഇല്ലാത്ത സ്ഥലത്ത് പശ്ചാത്തല സൗകര്യവും ഒരുക്കേണ്ടതുണ്ട്. എംജി റോഡ്, ബാനര്‍ജി റോഡ് എന്നിവിടങ്ങളില്‍ സ്ഥലം പൊന്നുംവിലക്കെടുക്കുവാനും കോടതിയില്‍ പണം കെട്ടിവയ്ക്കാനുമാണ് തീരുമാനം. കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ഡിഎംആര്സിയ്ക്കാണെങ്കില് സംസ്ഥാനം കെഎംആര്‍എല്‍ എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഘടനയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍ക്കൊള്ളിച്ച് ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കേണ്ടിവരും. ചെയര്മാന് സ്ഥാനവും കേന്ദ്രത്തിനാകും. ദല്‍ഹി മെട്രോ നിര്‍മാതാവായ ഇ.ശ്രീധരനെ കൊച്ചി മെട്രോയുടെ എല്ലാമെല്ലാം ആക്കും എന്ന് പറയുമ്പോഴും കെഎംആര്എന് ഇതിന് തടസ്സം സൃഷ്ടിക്കുന്നതായാണ് കാണുന്നത്. കെഎംആര്‍എല്‍ ഡയറക്ടര്‍ ബംഗളൂരു മെട്രോ സന്ദര്‍ശിച്ചത് ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇ.ശ്രീധരന് ഇതില്‍ നീരസം ഉണ്ടെന്നും വാര്‍ത്തയുണ്ട്. നിര്‍മ്മാണച്ചുമതല ഡിഎംആര്‍സിക്ക് പൂര്‍ണമായി നല്‍കിയാലെ പദ്ധതി ഏറ്റെടുക്കൂവെന്ന് ശ്രീധരന് വ്യക്തമാക്കിയിരിക്കുകയാണ്.
കെഎംആര്‍എല്‍ പ്രതിബദ്ധതയോടെ, സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കുന്നതും മറ്റും പൂര്‍ത്തിയായില്ലെങ്കില്‍ മെട്രോമാന് ഇ.ശ്രീധരന് പോലും ഇത് പറയുന്ന പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാകും. ഇടപ്പള്ളി, വൈറ്റില, മേല്‍പ്പാല പദ്ധതിയുടെ മെട്രോ റെയില്‍ തൂണുകള്‍ എങ്ങനെ വേണമെന്നോ ഏത് സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നോ ഉള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരും സത്വര നടപടി എടുക്കേണ്ടതുണ്ട്. സ്ഥലമെടുപ്പ് ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും എന്ന തീരുമാനത്തിന് തടസ്സങ്ങള്‍ ഉയരുമ്പോള്‍ അത് പരിഹരിക്കാനുള്ള നിശ്ചയദാര്‍ഢ്യവും സര്‍ക്കാര്‍ പ്രകടമാക്കേണ്ടതുണ്ട്. കേന്ദ്ര നഗരവികസന വകുപ്പ് നഗര ഗതാഗത നിധി രൂപീകരിക്കണമെന്നും മെട്രോ റെയിലിന് സെസ്സ് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നേടി എടുക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ വിജയിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കല്‍, ഫണ്ട് സമാഹരിക്കല്‍ മുതലായവയ്ക്ക് മുന്‍ഗണന നല്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ദല്‍ഹി മെട്രോ, സമയത്തിന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ സാധിച്ച ഇ.ശ്രീധരന്റെ പുതിയ റോള്‍ എന്തായിരിക്കുമെന്നോ കെഎംആര്‍എല്ലിന്റെ റോള്‍ എന്താണെന്നോ കരാറിന്റെ കാലാവധി എന്താണെന്നോ ഉള്ളതില്‍ വ്യക്തതയില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെട്രോ റെയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ അത് അവരുടെ കിരീടത്തിലെ പൊന്‍തൂവല്‍ ആയിരിക്കും. മുന്‍ഗണന സ്ഥലമേറ്റെടുക്കലിന് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: