മൂവാറ്റുപുഴ: തീവ്രവാദികളുടെ അക്രമത്തിനിരയായ പ്രൊഫ. ജോസഫിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുവാന്‍ തൊടുപുഴ ന്യൂമാന്‍സ് കോളേജ് മാനേജ്മെന്റ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. മൂവാറ്റുപുഴയിലെ പ്രൊഫസറുടെ വസതിയിലെത്തി കൂടിക്കാഴ്ചയ്ക്കിടയിലാണ് ആവശ്യപ്പെട്ടത്.
മാരകായുധങ്ങള്‍ കൊണ്ടുള്ള വെട്ടേറ്റ് കൈയ്ക്കും കാലിനും മറ്റും ഗുരുതരമായി പരിക്കേറ്റ് അവശനിലയിലാവുകയും നിരവധി ക്ലേശങ്ങള്‍ സഹിക്കേണ്ടിവരികയും ചെയ്ത പ്രൊഫ. ജോസഫിന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മനുഷ്യാവകാശവും സാമുഹ്യനീതിയും നിഷേധിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കുമ്മനം പറഞ്ഞു.
പ്രധാന പ്രതികള്‍ ഉള്‍പ്പടെ 56പ്രതികളില്‍ പകുതിയിലേറെ പേരെ ഇനിയും പിടികൂടിയിട്ടില്ല. ഇവര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച, സമാനതകളില്ലാത്ത ഈ കൊടുംഭീകരാക്രമണ കേസ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും പ്രധാനപ്പെട്ട പ്രതികളെ അന്വേഷണ സംഘം പിടികൂടാത്തതില്‍ സമാധാന കാംക്ഷികളായവര്ക്കെല്ലാം ഉത്കണഠയും അമര്‍ഷവുമുണ്ട്.
പ്രതികളെ പിടികൂടുവാനും നിയമത്തിന്റെ മുന്നില്‍ ഹാജരാക്കുവാനും ശക്തമായ നടപടികള്‍ കൈക്കൊള്ളണം. സഹതാപത്തോടും സഹാനുഭൂതിയോടും കൂടി കോളേജ് മാനേജ്മെന്റ് ഈ പ്രശ്നത്തെ കണ്ട് പ്രൊഫ. ജോസഫിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി താലൂക്ക് യൂണിയന് പ്രസി. ഉണ്ണികൃഷ്ണന് കര്‍ത്ത, ജില്ലാ പ്രസി. എം. പി. അപ്പു, താലൂക്ക് സംഘടനാ നേതാക്കളായ പി.എം. മനോജ്, റെജി ചെറുശ്ശേരി, പി. സി. അജയഘോഷ്, വി എസ് എസ് മഹിളാ സംഘം സംസ്ഥാന സെക്രട്ടറി വിജി പ്രഭാകരന് എന്നിവരും സന്നിഹതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: