ന്യൂദല്‍ഹി: നെഹ്റു-ഗാന്ധി കുടുംബത്തോടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടങ്ങാത്ത കൂറിനെതിരെ പരേതനായ മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന പി.വി. നരസിംഹറാവു പൊട്ടിത്തെറിച്ചതായി വെളിപ്പെടുത്തല്‍. എഞ്ചിനുമായി ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകള്‍ ബന്ധിപ്പിച്ചപോലെ നെഹ്റു-ഗാന്ധി കുടുംബവുമായി കോണ്‍ഗ്രസ് പാര്‍ട്ടി ഒട്ടിക്കിടക്കേണ്ട കാര്യമില്ലെന്നായിരുന്നു റാവുവിന്റെ നിലപാട്.
1991 മെയ് മാസത്തില്‍ രാജീവ്ഗാന്ധിയുടെ വധത്തിനുശേഷം സോണിയാഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന നിര്‍ദ്ദേശത്തോടുള്ള റാവുവിന്റെ പ്രതികരണം ഇതായിരുന്നുവെന്ന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അര്‍ജുന്‍സിംഗിന്റെ മരണാനന്തരം പുറത്തിറങ്ങുന്ന ആത്മകഥ (എ ഗ്രെയിന്‍ ഓഫ് സാന്‍ഡ് ഇന്‍ ദ് അവര്‍ ഗ്ലാസ് ഒാഫ് ടൈം)യില്‍ പറയുന്നു. റാവുവിന്റെ പ്രതികരണം കേട്ടതോടെ രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖവുമായി താന്‍ മുഖത്തോട് മുഖം എത്തുകയും വെറുപ്പ് തോന്നുകയും ചെയ്തതായി അര്‍ജുന്‍സിംഗ് ചൂണ്ടിക്കാട്ടി. അദ്ദേഹം ഇങ്ങനെ തുടരുന്നു: സോണിയയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന നിര്‍ദ്ദേശം കേട്ടതോടെ റാവു ഏതാനും നിമിഷം രൂക്ഷമായ മുഖഭാവത്തോടെ മൗനത്തിലാണ്ടു. പൊടുന്നനെ കോപം കൊണ്ട് പൊട്ടിത്തെറിച്ച അദ്ദേഹം നെഹ്റു-ഗാന്ധി കുടുംബമാകുന്ന എഞ്ചിനില്‍ ഘടിപ്പിച്ച തീവണ്ടി പോലെ കോണ്സൃ പാര്‍ട്ടിയെ കണക്കാക്കേണ്ടതിന്റെ കാര്യമെന്തെന്ന് ചോദിച്ചു. ബദല്‍ മാര്‍ഗങ്ങള്‍ ഇല്ലേയെന്നും ആരാഞ്ഞു. നരസിംഹറാവുവിന്റെ പ്രതികരണത്തില്‍ സ്തബ്ധനായെങ്കിലും ഞാന്‍ മൗനം പാലിച്ചു.”
നരസിംഹറാവുവിന്റെ നെഹ്റുവിരുദ്ധ വികാരം വളരെ വ്യക്തമായി പ്രകടമാക്കുന്നതായിരുന്നു ഈ പ്രതികരണമെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു. 383 പേജ് വരുന്ന പുസ്തകത്തിന്റെ പ്രസാധകര് ഹേഹൗസ് ഇന്ത്യയാണ്. അശോക് ചോപ്ര സഹഗ്രന്ഥകാരനായാണ് പുസ്തകം അണിയറയില്‍ ഒരുങ്ങുന്നത്. ആത്മകഥ പൂര്‍ണമാകുന്നതിന് മുമ്പ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 4 നാണ് അര്‍ജുന്‍സിംഗ് മരിച്ചത്. അര്‍ജുന്‍സിംഗിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെയായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കുശേഷം എല്ലാ ഭാഗങ്ങളും പൂര്ണമാക്കാന് ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ടെന്ന് ചോപ്ര വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: