വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എക്കാലത്തേയും മികച്ച നിലയിലാണ് പുരോഗമിക്കുന്നതെന്ന് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവു പറഞ്ഞു. സാമ്പത്തിക, തന്ത്രപ്രധാന വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുംതമ്മില്‍ മികച്ച ബന്ധമാണുള്ളത്.
ഇത് ഇരുരാജ്യങ്ങളുടെയും വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ ദ ഹില്‍’ എന്ന വാഷിംഗ്ടണ്‍ പത്രത്തിലെ ലേഖനത്തിലാണ് നിരുപമയുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയില്‍ ഇനിയുള്ള വികസനം രാജ്യങ്ങളുടെ സ്ഥായിയായ പുരോഗതിക്ക് സഹായകമാകും. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാണിജ്യമേഖലയിലെ പങ്കാളിത്തവും അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ ആണവപദ്ധതി ഇന്ത്യയും യുഎസും തമ്മിലുള്ള ഏറ്റവും വലിയ ഉടമ്പടിയാണ്. 2008 ലെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ആണവ ഉടമ്പടി ഇന്ത്യയുടെ നാഴികക്കല്ലാണെന്നും നിരുപമ ചൂണ്ടിക്കാട്ടുന്നു.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിരുപമ പത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഫ്ഗാനിലെ സമാധാന പദ്ധതികള്‍ക്കുവേണ്ടി യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും ഇതുതന്നെയാണ് മറ്റൊരു പ്രധാനപ്പെട്ട വിഷയമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: