മട്ടാഞ്ചേരി: മണ്‍സൂണ്‍ കാലത്തെ മത്സ്യകൊയ്ത്ത് പ്രതീക്ഷിച്ച് അന്യദേശത്ത്നിന്ന് കുട്ടമത്സ്യപിടിത്ത സംഘമെത്തി. കൊച്ചി കായല്‍- വേമ്പനാട്ട് കായലുകളില്‍ കുട്ടയുടെ രൂപത്തിലുള്ള വള്ളങ്ങളുമായാണ് അന്യദേശക്കാരെത്തിയിരിക്കുന്നത്. കൈക്കുഞ്ഞ് മുതല്‍ വൃദ്ധര്‍വരെയുള്ള കുടുംബങ്ങള്‍ കൂട്ടമായെത്തിയാണ് മത്സ്യബന്ധനത്തിലെര്പ്പെടുന്നത്. കനത്തമഴയിലും കാറ്റിലും പെട്ട് വള്ളങ്ങള്‍ നിയന്ത്രണംവിട്ടൊഴുകുന്നതും ജലത്തിന്റെ ഗതിമാറ്റവും വകവെയ്ക്കാതെയാണ് അരവയര്‍ നിറയ്ക്കുന്നതിന് ഇവര്‍ മത്സ്യബന്ധനത്തിലെര്പ്പെടുന്നത്. പലപ്പോഴും ചെറിയ കുട്ടികളെയും കുട്ടവെള്ളങ്ങളിലിരുത്തി കായലിന് നടുക്ക് തുഴഞ്ഞെത്തിയാണ് ഇവര്‍ മത്സ്യബന്ധനം നടത്തുന്നത്. കൊച്ചി വിമാനത്താവള പരിസരവും തേവര പാലം, പറമ്പിത്തറ പാലം, അരൂര്‍ പാലം എന്നിവ കേന്ദ്രീകരിച്ചുമാണ് മത്സ്യബന്ധന സംഘം പ്രവര്‍ത്തിക്കുന്നതും താമസിക്കുന്നതും.
പൊതുവേ ശാന്തമാണെങ്കിലും അറബിക്കടലിനോടും തുറമുഖ കപ്പല്ചാലിനോടും ബന്ധപ്പെട്ടുള്ള കൊച്ചികായലും വേമ്പനാട്ടുകായല്‍ വരിയും ഏറെ അപകടമേഖലയായാണ് വിലയിരുത്തുന്നത്. ശക്തമായ അടിയൊഴുക്കും ചെളിയും മൂലം പലപ്പോഴും ഓട്ടേറെ ചെറുകിട വള്ളങ്ങളില്‍നിന്നുള്ള മത്സ്യബന്ധന തൊഴിലാളികള്‍ കായലില്‍ വീണ് മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുളവുകാടിന് സമീപം കുട്ടിയും രക്ഷിതാവും മത്സ്യബന്ധനത്തിനിടെ കായലില്‍ വീണ് മരണപ്പെട്ടിരുന്നു. കൂടാതെ മരട്- കുണ്ടന്നൂര്‍ പാലത്തിന് സമീപവും കണ്ണങ്ങാടിന് സമീപവും രാത്രിയില്‍ വള്ളം മുങ്ങി രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. മത്സ്യബന്ധനത്തിലെര്പ്പെടുന്ന ചെറുവള്ളങ്ങള്‍ അപകടത്തില്‍പ്പെടുന്നതും മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ഓട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുമുണ്ട്. കൊച്ചി തുറമുഖ പരിധിയിലുള്ള കായലുകളില്‍ നടക്കുന്ന കുട്ടവള്ള മത്സ്യബന്ധനത്തിന്റെ അപകടം തിരിച്ചറിയാതെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതെന്ന് കായല്‍ തീരത്തുള്ളവര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം കുട്ടവള്ളങ്ങള് കൊച്ചി- വേമ്പനാട്ട് കായലില്‍ അപകടത്തില്‍പ്പെട്ട ഒട്ടേറെ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. മണ്‍സൂണ്‍ കാലത്തെ കായല്‍ മത്സ്യകൊയ്ത്ത് പ്രതീക്ഷിച്ചെത്തുന്ന കുട്ടവള്ള മത്സ്യബന്ധനത്തെ നിരുത്സാഹപ്പെടുത്തണമെന്നാണ് പൊതുവായി ആവശ്യപ്പെടുന്നത്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: