കണ്ണൂര്‍: തളിപ്പറമ്പ് അരിയിലിലെ മുസ്ലീം ലീഗ് പ്രവര്ത്തകന് ഷുക്കൂര്‍ വധക്കേസില്‍ 5 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പോലീസ് നോട്ടീസ് നല്കി. ഇന്നലെ രാവിലെ സിപിഎം ജില്ലാ ഓഫീസിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് കൈമാറിയത്. എന്നാല്‍ 9 ന് മാത്രമേ തനിക്ക് ഹാജരാകാന്‍ കഴിയൂ എന്ന് ജയരാജന് അന്വേഷണ സംഘത്തെ അറിയിച്ചു. ഏതാനും ദിവസം മുമ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ജയരാജനോട് ആവശ്യപ്പെട്ടെങ്കിലും ശാരീരിക അസ്വാസ്ഥ്യമാണെന്ന് പറഞ്ഞ് ഹാജരാവാതിരിക്കുകയായിരുന്നു.
കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്ന ടി.വി.രാജേഷ് എംഎല്‍എ ഹജരായില്ല. നിയമസഭ കഴിയുന്നതുവരെ തനിക്ക് ഹാജരാകാന്‍ കഴിയില്ലെന്നാണ് രാജേഷ് അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. ഇതേ കാരണം പറഞ്ഞ് മുമ്പും രാജേഷ് ഹാജരായിരുന്നില്ല. അതുകൊണ്ടുതന്നെ സ്പീക്കറുടെ അനുമതിയോടെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെടാന്‍ പറ്റുമോ എന്ന് പോലീസ് അന്വേഷിക്കുന്നതായി അറിയുന്നു.
സമ്മേളനം നടന്നുകൊണ്ടിരിക്കെ ഇന്നലെ എംഎല്‍എ കണ്ണൂരിലെത്തിയിരുന്നു. സ്ഥലത്തുണ്ടായിട്ടും ഒഴിവുകഴിവ് ചൂണ്ടിക്കാട്ടി മാറിനിന്നത് ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനുളള തന്ത്രമാണെന്ന് സംശയിക്കുന്നു. ഇനിയങ്ങോട്ട് വധക്കേസുകളിലെ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികളില്‍ സഹകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും ഒഴിഞ്ഞുമാറലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ നേരത്തെ ജയരാജനെ പോലീസ് ചോദ്യം ചെയ്തിരുന്നു. പട്ടുവം അരിയിലില്‍ പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമമുണ്ടായതിന് പിന്നാലെയാണ് ഷുക്കൂര്‍ കൊലചെയ്യപ്പെട്ടത്. നേതാക്കളെ ആക്രമിച്ചതിന് പ്രതികാരമായി ഗൂഡാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വെച്ചാണ് ഗൂഡാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വാഹനത്തില്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജേഷും പി.ജയരാജനും സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗൂഡാലോചന നടന്നപ്പോള്‍ രണ്ട് നേതാക്കളും സ്ഥലത്തുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ആദ്യവട്ടം ചോദ്യം ചെയ്യലില്‍ പിടിയിലായ പ്രതികള്‍ നല്കിയ മൊഴിയില്‍ നിന്നും വ്യത്യസ്തമായ മൊഴിയാണ് ജയരാജന് നല്‍കിയതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ചോദ്യം ചെയ്യാനായി രണ്ടാമതും ജയരാജനെ വിളിപ്പിച്ചതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: