ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധക്ക്; രാജ്യത്തിന്റെ ചരിത്രം അറിയാത്തവര്‍ക്ക് അവിടേക്ക് പ്രവേശനം അനുവദിക്കുന്നതല്ല! ‘ലൈഫ് ഇന്‍ ദ യുകെ ടെസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന യുകെയിലേക്കുള്ള പ്രവേശനപരീക്ഷയുടെ ദൈര്‍ഘ്യം 45 മിനിറ്റാണ്.
2005 ല്‍ ലേബര്‍ സര്‍ക്കാരാണ് ഇങ്ങനെയൊരാശയം മുന്നോട്ടുവെക്കുന്നത്. വിദേശരാജ്യങ്ങളില്‍നിന്നും ബ്രിട്ടനിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ രാജ്യത്തിന്റെ ചരിത്രവും സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം അറിഞ്ഞിരിക്കണമെന്ന നിര്‍ബന്ധമാണ് ലേബര്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. പ്രവേശനപ്പരീക്ഷയിലെ വിദേശപൗരന്മാരുടെ വിജയം സ്വന്തം അജ്ഞതയെ വെല്ലുവിളിക്കാന്‍ ബ്രിട്ടീഷ് പൗരന്മാര്ക്ക് പ്രേരകമാകുമെന്നും കണക്കുകൂട്ടപ്പെടുന്നു. ബ്രിട്ടീഷ് പൗരന്മാരായി മാറുന്നതിന് മുമ്പ് ബ്രിട്ടീഷ് ദേശീയഗാനത്തിന്റെ ആദ്യശ്ലോകവും അത്യാവശ്യം ചരിത്രവും നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്നും ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കുന്നു. ബ്രിട്ടനിലെ പ്രധാന കണ്ടുപിടിത്തങ്ങളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും ഇംഗ്ലീഷ് സാഹിത്യത്തെപ്പറ്റിയും ഇക്കൂട്ടര്‍ ബോധവാന്മാരായിരക്കണമെന്ന് ആഭ്യന്തരമന്ത്രി തെരേസ മെ അറിയിച്ചതായി ‘ദ സണ്‍ഡേ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുന്ന ജനതക്ക് ബ്രിട്ടീഷ് സംസ്കാരം അറിഞ്ഞിരിക്കണമെന്നത് പുതിയ നിയമവശമാണെന്നും ഇത് അവരുടെ ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വിദേശപൗരന്മാരെ ബ്രിട്ടണിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ രാജ്യം അഭിമാനം കൊള്ളുന്നു. പൗരത്വം സ്വീകരിക്കുന്ന രാജ്യത്തിന്റെ പശ്ചാത്തലം അറിഞ്ഞിരിക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണ്. മറ്റ് രാജ്യങ്ങളിലെ നിയമം യുകെക്ക് ബാധകമല്ല. യുകെ നിയമം അനുസരിക്കാന്‍ കഴിയാത്തവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി നല്കാന് സാധിക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: