ന്യൂദല്‍ഹി: ഇന്ത്യയെയും കേന്ദ്രസര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര ഉരുക്ക് വ്യവസായ മന്ത്രി ബേണി പ്രസാദ് വര്‍മ്മ ആവശ്യപ്പെട്ടു.
എന്തുകൊണ്ട് ലക്ഷ്മി മിത്തല്‍ ഇന്ത്യയില്‍ സ്റ്റീല്‍ പ്ലാന്റുകള്‍ ആരംഭിക്കുന്നില്ലെന്നും മന്ത്രി ചോദിച്ചു. ജൂണ്‍ 19 ന് ന്യൂയോര്‍ക്കിലെ ഒരു പരിപാടിയിലാണ് പ്രമുഖ സ്റ്റീല്‍ കമ്പനിയുടെ ചെയര്‍മാനായ മിത്തല്‍ ഇന്ത്യയെയും സര്‍ക്കാരിനെയും കുറിച്ച് മോശമായി സംസാരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാവസായികവല്‍ക്കരണം എന്നത് വികസിത സമ്പദ്വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ഇന്ത്യയാകട്ടെ രാജ്യത്തെ പാവപ്പെട്ടവരെ കുറ്റം പറയാനാണ് ശ്രമിക്കുന്നതെന്നായിരുന്നു മിത്തലിന്റെ പരാമര്‍ശം.
ജാര്‍ഖണ്ഡിലും ഒറീസയിലും സ്റ്റീല്‍ പ്ലാന്റുകള്‍ ആരംഭിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ്. എന്നാല്‍ ഇത് സംബന്ധിച്ച് മിത്തല്‍ തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബേണി പ്രസാദ് പറഞ്ഞു. ഇന്ത്യയില്‍ പ്ലാന്റുകള്‍ ആരംഭിക്കുവാനുള്ള തീരുമാനവുമായി മിത്തല്‍ മുന്നോട്ട് പോയാല്‍ അതിനെ കേന്ദ്രം പിന്തുണക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ കൊറിയന്‍ സ്റ്റീല്‍ കമ്പനിയായ പോസ്കോയുടെ 12 ബില്ല്യണ്‍ ഡോളര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഒഡീഷയില്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. 12 മില്ല്യണ്‍ ടണ്‍ സ്റ്റീലായിരിക്കും ഇവിടെ ഉല്‍പ്പാദിപ്പിക്കുക. കഴിഞ്ഞ ആറുവര്‍ഷമായി ഒഡീഷയിലും ജാര്‍ഖണ്ഡിലും 30 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതി ആരംഭിക്കുവാനായി കാത്തിരിക്കുകയാണ് മിത്തല്‍. എന്നാല്‍ അഞ്ച്-പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടെ ഇന്ത്യയിലെ പദ്ധതികള്‍ ആരംഭിക്കുവെന്ന് അടുത്തിടെ കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: