അനേകായിരങ്ങള്‍ പുണ്യദര്‍ശനത്തിനെത്തുന്ന ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. പ്രൗഢികൊണ്ടും പ്രശസ്തികൊണ്ടും ഗുരുവായൂര്‍ ലോകത്തിനു മുന്നില്‍ നിറഞ്ഞു നില്ക്കുന്നു. ഓരോദിവസം ചെല്ലുംതോറും തീര്‍ത്ഥാടകരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഭാരതത്തില്‍ മറ്റൊരു ക്ഷേത്രത്തിലും ദര്‍ശിക്കാന്‍ കഴിയാത്ത ഗജസമ്പത്ത് ഗുരുവായൂരിലുണ്ട്. ആനകളെ സംരക്ഷിക്കാന്‍ പുന്നത്തൂര്‍ കൊട്ടാരം കേന്ദ്രമാക്കി ആനക്കോട്ടതന്നെ ഒരുക്കിയിരിക്കുന്നു. ഗുരുവായൂരെ ഗജവീരന്മാര്ക്ക് ഇനി സുഖ ചികിത്സയുടെ കാലമാണ്. കര്‍ക്കിടക മാസത്തില്‍ ആയുര്‍വ്വേദ ചികിത്സ നടത്തുന്നു.
എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന് സ്വന്തമായി ഒരു ആനപോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. ഇതില്‍ ഭക്തരേറെ ദുഃഖിതരായിരുന്നു. കോഴിക്കോട് സാമൂതിരിയായിരുന്നു അന്ന് ക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത്. ക്ഷേത്രാചാരങ്ങള്‍ മുടക്കമില്ലാതെ നടത്തുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു സാമൂതിരി. ക്ഷേത്രത്തിലേക്ക് ഉത്സവത്തിനും മറ്റും ആനകളെ കൊണ്ടുവന്നിരുന്നത് കൊച്ചി മഹാരാജാവിന്റെ നേതൃത്വത്തിലുളള തൃക്കണ്ണാമതിലകം ക്ഷേത്രത്തില്‍ നിന്നായിരുന്നു. ഒരുവേള സാമൂതിരിയും കൊച്ചിരാജാവും തമ്മില്‍ സ്പര്ധയിലായി. അതുകൊണ്ടുതന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആനയെ നല്‍കേണ്ടെന്ന് കൊച്ചി രാജാവ് തീരുമാനിക്കുകയായിരുന്നു. ഗുരുവായൂര്‍ ഉത്സവം നടക്കുന്ന സമയത്തായിരുന്നു ഇത്. ഉത്സവം എങ്ങനെ നടത്തുമെന്ന ആശങ്കയിലായി സാമൂതിരിയും ഭക്തരും. ഉത്സവക്കൊടിയേറ്റ് ദിവസം രാവിലെ ആനയില്ലാതെ ശീവേലി നടത്തേണ്ട സ്ഥിതിവരെയെത്തി. ഉത്സവ കൊടിയേറ്റത്തിനും ആനയുണ്ടാകില്ലെന്ന ആശങ്ക പരന്നതോടെ ഭക്തര്‍ ഏറെ ദുഃഖത്തിലായി. ഇങ്ങനെ ആശങ്കയിലിരിക്കുമ്പോഴാണ് ഭക്തമനസ്സുകളില്‍ ഭക്തിയുടെയും സന്തോഷത്തിന്റെയും കണ്ണീര് നിറച്ചു കൊണ്ട് തൃക്കണ്ണാമതിലകം ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പില്‍ പങ്കെടുത്തുകൊണ്ടിരുന്ന ആനകള്‍ തിടമ്പുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഓടിയെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രവും ആനയില്ലാക്കാലവും സംബന്ധിച്ച് കാലങ്ങളായി പറഞ്ഞു കേള്‍ക്കുന്ന ഐതിഹ്യമാണിത്. ഇതിന്റെ സ്മരണ പുതുക്കി ഉത്സവക്കൊടിയേറ്റ് ദിവസം രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാ ശീവേലിയും ആനകള്‍ ഓടിയെത്തിയതിന്റെ ഓര്‍മ്മ പുതുക്കി ആനയോട്ടവും നടത്തുന്നു.
സാമൂതിരിയുടെ കാലഘട്ടത്തില്‍ നിന്ന് കാലം വീണ്ടും മുന്നോട്ട് കുതിച്ചൊഴുകി. ഗുരുവായൂര്‍ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും പേരുകേട്ടതും സമ്പന്നവുമായ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതായി മാറി. ഇതോടൊപ്പം ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലും വര്‍ധനയുണ്ടായി. ഒരാനപോലും ഇല്ലാതിരുന്ന ഗുരുവായൂരപ്പന്റെ കൈവശം ഇന്ന് 64 ആനകളാണുള്ളത്. അതും ലക്ഷണം തികഞ്ഞവ. ഒന്നിനൊന്ന് മെച്ചപ്പെട്ടവ. പിടിയാനകള്‍ 6, മോഴകള് 2, ബാക്കിയെല്ലാം ലക്ഷണമൊത്ത കൊമ്പന്മാര്. ഇതില്‍ വയസ്സു കൊണ്ടും പ്രൗഢികൊണ്ടും ഒന്നാമന് സാക്ഷാല്‍ ഗജരത്നം ഗുരുവായൂര്‍ പത്മനാഭന് തന്നെ. വിശ്വപ്രസിദ്ധനായ ഗുരുവായൂര്‍ കേശവനെന്ന ഗജകേസരിയുടെ പിന്‍ഗാമിയായി ആനപ്രേമികള്‍ വാഴ്ത്തുന്ന ഗുരുവായൂര്‍ പത്മനാഭന് ആനക്കോട്ടയിലെ സീനിയറാണെങ്കില്‍ ജൂനിയര്പദവി സ്വന്തമാക്കിയിരിക്കുന്നത് 15കാരനായ ലക്ഷ്മീനാരായണനാണ്. സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പില്‍ പെട്ട 8 ആനകള്‍ ഇവിടെയുണ്ട്. പത്മനാഭന്, കേശവന്, കുട്ടിശങ്കരന്, രാമന്‍കുട്ടി, പ്രകാശന്, അപ്പു, കുട്ടികൃഷ്ണന്, നാരായണന്‍കുട്ടി എന്നിവരാണ് 60 വയസ്സുകഴിഞ്ഞവര്‍. ഇവര്‍ക്ക് പ്രത്യേക ഭക്ഷണരീതിയുമുണ്ട്. 6 കിലോ ശര്‍ക്കര, 5 കിലോ അവില്, 6 ലിറ്റര്‍ പാല് എന്നിവയാണ് ഇവര്‍ക്കു നല്‍കുന്നത്. ഇക്കൂട്ടത്തില്‍ അപ്പു ദേശീയ ശ്രദ്ധ ആകര്‍ഷിച്ച പഴയ ഏഷ്യാഡ് അപ്പു തന്നെ.
കേരളത്തിലെ മറ്റേത് ജില്ലയെക്കാളും ആനകളെ ഏറ്റവും നന്നായി പരിപാലിക്കുന്നവര്‍ തൃശൂര്‍ ജില്ലക്കാരാണെന്ന് പറയാറുണ്ട്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് എത്തുന്ന ഗജകേസരിമാര്‍ക്ക് കിട്ടുന്ന പരിചരണം ഇതിന്റെ ഏററവും നല്ല ഉദാഹരണമാണ്. രാവിലെ 7 മുതല്‍ 12 വരെ വിസ്തരിച്ച് തേച്ചുകുളിയാണ് സുഖചികിത്സയുടെ ആദ്യപടി. തുടര്‍ന്ന് പതിവ് ആഹാരങ്ങളായ പട്ടയും പുല്ലും. വൈകീട്ട് 3 മണിയോടെയാണ് സുഖചികിത്സയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഭക്ഷണങ്ങള്‍ ആനകള്‍ക്ക് നല്‍കുക. ചോറ്, ചെറുപയര്‍, മുതിര, മിനിറല്‍ മിക്സ്ചര്‍, മഞ്ഞപ്പൊടി, ച്യവനപ്രാശം, അഷ്ടചൂര്‍ണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണമാണ് നല്‍കുക. ഇതോടൊപ്പം എരണ്ടകെട്ടിനുളള മരുന്നുകളും കൊടുക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്ക് മാത്രമേ ഈ 30 ദിവസ കാലയളവില്‍ ഈ ആനകള്‍ക്ക് പുറത്തിറങ്ങേണ്ടി വരുന്നുള്ളു.
സുഖചികിത്സ കഴിയും വരെ വേറെ ഒരു പരിപാടിക്കും ഇവയെ ആനക്കോട്ടയ്ക്ക് പുറത്തിറക്കില്ല. തേച്ചുകുളി, സുഖഭക്ഷണം, മയക്കം. ആര്‍ക്കും കൊതിതോന്നുന്ന 30 ദിവസത്തെ സുഖചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന ആനകള്‍ക്ക് 250 മുതല്‍ 500 കിലോ വരെ തൂക്കം കൂടിയിരിക്കും. ഇപ്പോള്‍ത്തന്നെ പല ആനകളും തൂക്കക്കൂടുതലാണെങ്കിലും കര്‍ക്കിടക മാസത്തിലെ സുഖചികിത്സ ഒഴിവാക്കുന്നില്ലെന്ന് ആനക്കോട്ടയുടെ ചുമതലയുള്ള ഡോ.വിജയന് നമ്പ്യാരും ഡോ.വിവേകും പറഞ്ഞു. 64 ആനകളുള്ള ഗുരുവായൂരില്‍ ആനപരിചരണത്തിനായി ഒരു വര്‍ഷം നല്ലൊരു തുകയാണ് ചെലവിടുന്നത്. കര്‍ക്കിടകമാസത്തില്‍ ഒരു മാസം നീളുന്ന സുഖചികിത്സയ്ക്ക് മാത്രം 8.4 ലക്ഷം രൂപയാണ് ദേവസ്വം ചെലവഴിക്കുന്നത്. 30 ദിവസത്തെ ചികിത്സയ്ക്കായി 384 കിലോ ച്യവനപ്രാശം, 192 കിലോ അഷ്ടചൂര്‍ണം, 5760 കിലോ അരി, 1320 കിലോ ചെറുപയര്‍, 600 കിലോ മുതിര, 288 കിലോ ഷാര്‍ക്കോ ഫെറോല് (ടോണിക്), മിനിറല്‍ മിക്സച്ചര്‍ 48 കിലോ, 96 കിലോ മഞ്ഞള്‍പൊടി, 192 കിലോ ഉപ്പ്, വിരമരുന്ന് 300 എണ്ണം എന്നിവയാണ് ചെലവിടുന്നത്.120 ഗ്യാസ് സിലിണ്ടറുകളാണ് ആനകളുടെ സ്പെഷ്യല്‍ മെനു തയ്യാറാക്കാനായി സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ പാചക കൂലിയിനത്തില്‍ 18,000 രൂപയും മറ്റു ചെലവുകള്‍ക്കായി നാല്‍പ്പത്തി മൂവ്വായിരം രൂപയും സുഖചികിത്സയ്ക്ക് വേണ്ടി ദേവസ്വം നീക്കി വച്ചിട്ടുണ്ട്. ആനകളുടെ ഓജസ്സും ശരീര പുഷ്ടിയും മെച്ചപ്പെടുത്താനാണ് ആയുര്‍വ്വേദത്തിന് പ്രാധാന്യം നല്‍കിയുള്ള 30 ദിവസത്തെ ചികിത്സ. ആനകളെ കഴുകി തുടച്ച് ചോറും ഔഷധങ്ങളും അടങ്ങുന്ന സമീകൃത ആഹാരം ഈ 30 ദിവസങ്ങളിലും നല്‍കും.
സുഖചികിത്സയ്ക്ക് ആനവിദഗ്ധര്‍ മേല്‍ നോട്ടം വഹിക്കും. 15 ഓളം കൊമ്പന്മാര് ഇപ്പോള്‍ മദപ്പാടിലാണ്. ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രഗത്ഭരായ ഗജരത്നം പത്മനാഭന്, വലിയ കേശവന്, ഇന്ദ്രസെന്‍, വലിയ അച്യുതന്, ഗജേന്ദ്ര തുടങ്ങി 15 ഓളം കൊമ്പന്മാരാണ് ഇപ്പോള്‍ നീരിലുള്ള പ്രമുഖര്‍. മദപ്പാടിലുള്ള ആനകളെ നീരില്‍ നിന്നും അഴിച്ചാല്‍ അവര്‍ക്കും സുഖചികിത്സ നല്‍കും.
ആനകളുടെ സുഖചികിത്സ കാണാനായി ഈ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ തിരക്കേറും. സാധാരണ ദിവസങ്ങളില്‍ അയ്യായിരം മുതല്‍ പതിനായിരം സന്ദര്‍ശകര്‍ വരെ ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ട കാണാനെത്താറുണ്ട്. ഇതില്‍ വിദേശികളും ഉള്‍പ്പെടും. രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് സന്ദര്‍ശകസമയം. സുഖചികിത്സയുടെ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കൂടും. ഈ സന്ദര്‍ശകര്‍ തന്നെ ആനക്കോട്ടയ്ക്ക് നല്ലൊരു വരുമാനമാണ് നല്‍കുന്നത്. എന്നാല്‍ ആനക്കോട്ടയുടെ പരിപാലനത്തിനും മറ്റും വരുന്ന ചെലവ് വരുമാനത്തെക്കാള്‍ അധികമാണ്. മൂന്നര കോടി രൂപയോളം ചെലവ് ആനക്കോട്ടയുടെയും ആനകളുടെയും പരിപാലനത്തിനും പാപ്പാന്മാരുടെ വേതന ആനുകൂല്യങ്ങള്‍ക്കുമായി വേണ്ടിവരുന്നു. 12 ടണ്‍ പനമ്പട്ട, 4 ടണ്‍ തീറ്റപ്പുല്ല് എന്നിവ ആനക്കോട്ടയിലേക്ക് ദിവസവും ആവശ്യമാണ്.
ആനക്കോട്ടയെ കൂടുതല്‍ നവീകരിച്ച് മികച്ച ആനപരിപാലന കേന്ദ്രമാക്കി മാറ്റാനാണ് ദേവസ്വം തീരുമാനിച്ചിരിക്കുന്നത്. സമഗ്രവികസന പദ്ധതികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞു. ആനകള്‍ക്ക് വെയിലും മഴയും കൊള്ളാതെ നില്‍ക്കാനുള്ള സൗകര്യത്തിന് മേല്‍ക്കൂരയടക്കമുള്ള സൗകര്യങ്ങള്‍, മികച്ച തറികള്‍, ശുചിത്വം ഉറപ്പാക്കുന്നതിന് നല്ല ഡ്രൈനേജ് സംവിധാനം, എന്നിവയെല്ലാം ദേവസ്വം വിഭാവനം ചെയ്യുന്നു. ആറരക്കോടി രൂപയാണ് പദ്ധതിക്കായി വേണ്ടി വരിക.
ആനക്കോട്ടയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം കാലങ്ങളായി ദേവസ്വം അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെയും ഇത് ശരിയാംവിധം നടപ്പാക്കിയിട്ടില്ലെന്ന് ആനപ്രേമികള്‍ ആരോപിക്കുന്നുണ്ട്. അസൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഗുരുവായൂരപ്പ സന്നിധിയില്‍ ആനകളെ നടയിരുത്തുവാനും ആനക്കോട്ടയിലംഗമാക്കാനും ഇപ്പോഴും നിരവധിപേരാണ് അപേക്ഷ നല് കിയിട്ടുള്ളത്. പക്ഷേ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് വര്‍ധിപ്പിക്കാന്‍ തടസ്സമായിട്ടുള്ളത് ശക്തമായ നാട്ടാന പരിപാലന നിയമമാണ്. ഏറെ നൂലാമാലകള്‍ കടന്നുവേണം ഇപ്പോള്‍ ഗുരുവായൂരപ്പന് മുന്നില്‍ ആനയെ നടയിരുത്താന്‍. അതുകൊണ്ടുതന്നെ പലപ്പോഴും ഭക്തരുടെ മനസ്സ് നിറഞ്ഞ് ആനകളെ നടയിരുത്താന്‍ സാധിക്കാതെ വരുന്നു. പ്രതീകാത്മക നടയിരുത്തലാണ് പ്രധാനമായും നടക്കുന്നത്. എന്നിരുന്നാലും ഗുരുവായൂരിലെത്തി ഭഗവദ് ദര്‍ശനം കഴിഞ്ഞാല്‍ ഭക്തര്‍ ഉടനെ പോവുക ഭാരതത്തില്‍ ഒരു സ്ഥലത്തും ദര്‍ശിക്കാന്‍ കഴിയാത്ത പുന്നത്തൂര്‍ ആനക്കോട്ടയിലേക്ക് തന്നെയാണ്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: