ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് തൃപ്പൂണിത്തുറയ്ക്കടുത്ത് പൂണിത്തുറയില്‍ സംഘത്തിന്റെ പ്രാന്തീയ ശിബിരം നടന്നു. അവിടെ അന്ന് പ്രാന്തപ്രചാരകനായിരുന്ന എസ്.സേതുമാധവന് പല കാര്യങ്ങളും സംസാരിക്കുന്നതിനിടയില്‍ സ്വദേശി ജാഗരണ്‍ മഞ്ചിനേക്കുറിച്ചും പരാമര്‍ശിച്ചു. അതിന്റെ സംസ്ഥാന സംയോജകന്‍ എന്ന ചുമതല വഹിക്കാന്‍ നിര്‍ദ്ദേശിച്ചു. മുമ്പ് ഏറ്റെടുക്കാത്ത ഒരു ചുമതലയായിരുന്നു അത്. അതിന്റെ പ്രവര്‍ത്തന രീതിയോ മേറ്റ്ന്തെങ്കിലും വിവരങ്ങളോ പരിചിതമല്ലാത്തതിനാല്‍ എന്റെ ആശങ്ക അറിയിച്ചു. കെ.വി.ബിജു, കമലാകാന്തന്‍, കൃഷ്ണദാസ് തുടങ്ങിയ പരിചയ സമ്പന്നര്‍ മുഖ്യപ്രവര്ത്തകരായി ഉണ്ടെന്നും മുതിര്‍ന്ന ഒരു സംഘ കാര്യകര്‍ത്താവ് അതിന്റെ സംയോജകനായിരിക്കുക എന്നത് ഔപചാരികത മാത്രമാണെന്നുമാണ് എനിക്ക് ലഭ്യമായ ധാരണ. ഇവരില്‍ ആരേയും അടുത്തു പരിചയമുണ്ടായിരുന്നില്ല. കെ.വി.ബിജുവിനോട് വിദ്യാര്‍ത്ഥി പരിഷത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനെന്ന നിലയ്ക്ക് പ്രാന്ത കാര്യാലയത്തില്‍ വെച്ച് സംസാരിച്ചിട്ടുണ്ടെന്ന് മാത്രം. കമലാകാന്തനാകട്ടെ വിഭാഗ് കാര്യവാഹ് ആയിരുന്നു. സ്വാശ്രയ സംഘങ്ങള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച പഞ്ചായത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു എന്നുമറിയാം. കൃഷ്ണദാസ് യുവ അഭിഭാഷകനും മുന്‍ വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തകനുമാണ്.
മത്സ്യബന്ധന മേഖലയിലെ വിദേശ മൂലധനത്തിന്റെ കടന്നുകയറ്റത്തെ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ ഒരു സമരയാത്ര മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ കടലിലൂടെ സംഘടിപ്പിച്ച സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരിപാടിക്ക് എറണാകുളം ബോട്ടുജെട്ടിയില്‍ നല്കിയ സ്വീകരണച്ചടങ്ങില്‍ മുമ്പ് പങ്കെടുത്തിരുന്നതാണ് സ്വദേശീ ജാഗരണ്‍ മഞ്ചിന്റെതായി ആദ്യം കണ്ട പരിപാടി.
ജന്മഭൂമിയുടെ ചുമതലകളില്‍നിന്ന് വിരമിച്ച് വിശ്വാസം സംവാദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കുറേ സമയം ചെലവഴിച്ചുവെങ്കിലും അത് ഒരു സംഘടിത രൂപത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ല. അത് നിര്‍ഭാഗ്യകരമായിപ്പോയി.
സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പഠനശിബിരമാണ് ആദ്യം പങ്കെടുത്ത പരിപാടി. പത്തനംതിട്ട എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ സ്ഥലമായിരുന്നു. സംഘപ്രചാരകനായിരുന്നപ്പോഴോ, ജനസംഘ കാലത്തോ അവിടെ പോകാന്‍ അവസരമുണ്ടായിട്ടില്ല. ബിജെപിയുടെ ഒരു സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നുവെങ്കിലും സ്ഥലവാസികളായി ആരെയും പരിചയപ്പെടാന്‍ അവസരമുണ്ടായില്ല. രാജമാതാ വിജയരാജേ സിന്ധ്യയുടെ ഒരു കേരള പര്യടനക്കാലത്ത് (1991 ലാണെന്ന് തോന്നുന്നു) പത്തനംതിട്ട വഴിയാണ് പോയത്. അവര്‍ക്ക് വി.എന്‍.ഉണ്ണിയുടെ വസതിയില്‍ ഉച്ചഭക്ഷണവും മടക്കയാത്രക്കിടയില്‍ പത്തനംതിട്ട നഗരത്തില്‍ പൊതു സ്വീകരണവുമുണ്ടായി. രാജമാതാവിന്റെ പ്രഭാഷണം വിവര്‍ത്തനം ചെയ്യേണ്ട ബാധ്യത എനിക്കായിരുന്നു. ഇത്രയുമായിരുന്നു പത്തനംതിട്ടയുമായുള്ള മുന്‍കാല ബന്ധം. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പഠനശിബിരത്തില്‍ ക്ലീന്സ്ലേറ്റുമായി എത്തിയ എനിക്ക് ആ പ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ അവിടെനിന്നാണ് കിട്ടിയത്. പത്തനംതിട്ടയിലെ സംഘചാലക് ആയിരുന്ന കുഞ്ഞുണ്ണിയുടെ അതിഥിയായിട്ടാണ് ഞാന്‍ താമസിക്കേണ്ടതെന്ന് അറിഞ്ഞു. അദ്ദേഹത്തെ മുമ്പ് സംഘ ബൈഠക്കുകളില്‍ കണ്ട പരിചയമുണ്ടായിരുന്നു. പണിപൂര്ത്തിയായിട്ടില്ലാതിരുന്ന സംഘകാര്യാലയത്തിലായിരുന്നു പഠന ശിബിരം ഏര്‍പ്പാട് ചെയ്തിരുന്നത്. വേണ്ടത്ര മുന്‍കൂര്‍ തയ്യാറെടുപ്പോ, ആസൂത്രണമോ കൂടാതെ നടത്തപ്പെട്ട പരിപാടിയായിരുന്നതിനാല്‍ അത് വേണ്ടത്ര ഫലപ്രദമായില്ല എന്ന അനുഭവമാണുണ്ടായത്. അന്ന് സംസാര വിഷയമായത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ജലചൂഷണത്തിനും ചില്ലറ വ്യാപാരരംഗത്തെ കടന്നുകയറ്റത്തിനും അനിയന്ത്രിതമായ വിദേശ മൂലധനനിക്ഷേപത്തിനും അവസരമുണ്ടാക്കുന്ന നടപടികളുടെ വിപത്തിനെക്കുറിച്ച് ജനജാഗരണമുയര്ത്തുന്നതിനായിരുന്നു.
ലോകവ്യാപാര സംഘടന നിലവില്‍ വരുന്നതിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സമ്മേളനങ്ങള്‍ സിംഗപ്പൂരിലും കാന്കൂനിലും മറ്റും എടുത്ത തീരുമാനങ്ങള്‍ ഭാരത സമ്പദ്വ്യവസ്ഥയെയും ഇവിടുത്തെ പരമ്പരാഗത തൊഴില്‍ മേഖലകളെയും കാര്‍ഷിക വ്യവസ്ഥയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വേണ്ട ജനജാഗരണം നടന്നിട്ടില്ല. എന്‍ഡിഎ സര്‍ക്കാര്‍ വല്ലാത്തൊരു സന്ദിഗ്ദ്ധ ഘട്ടത്തെയാണ് അതുമൂലം നേരിടേണ്ടിവന്നത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നരസിംഹറാവുവിന്റെയും ഡോ.മന്‍മോഹന്‍സിംഗിന്റെയും മൊണ്ടേക് സിംഗ് ആലുവാലിയായുടേയും ചിദംബരത്തിന്റെയും ആഗോളവല്‍ക്കരണ ഉദാരീകരണ പാശ്ചാത്യവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോയതില്‍ പല കാര്യങ്ങളും തിരിച്ചുവരവ് അസാധ്യമായ ഘട്ടത്തിലെത്തിയിരുന്നു.
പത്തനംതിട്ടയിലെ ശിബിരത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് ചില പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നു. താമസം കുഞ്ഞുണ്ണിയുടെ കൂടെയായിരുന്നുവെന്നു സൂചിപ്പിച്ചുവല്ലൊ. അദ്ദേഹത്തിന് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ചുമതലയുമുണ്ടായിരുന്നു. ജലസേചന വകുപ്പില്‍ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിരുന്ന ആളായിരുന്നു. ആ ചുമതലയില്‍ കുറെനാള്‍ തൊടുപുഴയില്‍ മൂവാറ്റുപുഴ നദീതട പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനുള്ള അന്വേഷണ ഘട്ടത്തില്‍ ഉണ്ടായിരുന്നത്രെ. അതിന്റെ സര്‍വേയും മറ്റും ചെയ്തപ്പോള്‍ എന്റെ വീടും പുരയിടവുമുള്ള ഭാഗങ്ങളിലൂടെ പോയിട്ടുണ്ടെന്ന് മനസ്സിലായി. ഒന്നാന്തരം ഫലപുഷ്ടിയുള്ള കൃഷിയിടങ്ങളിലൂടെ 100 മീറ്ററിലധികം വീതിയില്‍ സ്ഥലം പൊന്നുംവിലക്കെടുത്ത് നടപ്പാക്കി പൂര്‍ത്തിയാക്കാത്ത ആ പദ്ധതിക്ക് ശതകോടിക്കണക്കിന് രൂപ ചെലവായെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാനോ പൂര്‍ണമായ പ്രയോജനം ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല. തൊടുപുഴത്താലൂക്കിലെ ഏറ്റവും വലിയ നെല്പ്പാടശേഖരമാണ് അതുമൂലം നിഷ്പ്രയോജകങ്ങളായത്. ലോകബാങ്ക് നല്കിയ വായ്പ്പകള്‍ ആരുടെയൊക്കെ കീശയിലേക്കാണ് പോയതെന്ന് ആര്‍ക്കും പിടിയില്ല.
കുഞ്ഞുണ്ണി സാര്‍ സേവന വിമുക്തനായി ഏതാണ്ട് മുഴുവന്‍ സമയവും പരിവാര്‍ പ്രസ്ഥാനങ്ങളുടെ ചുമതലയിലായിരുന്നു. ജാഗരണ്‍ മഞ്ചിന്റെ പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ എന്ന ചുമതലയും അദ്ദേഹമേറ്റെടുത്തു.
ആ മാസത്തില്‍ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ് ഗഢ് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നു. വോട്ടെണ്ണല്‍ ദിവസമാണ് കുഞ്ഞുണ്ണിസാറിന്റെ വീട്ടില്‍ താമസിച്ചത്. എണ്ണല്‍ വിവരങ്ങള്‍ തത്സമയം ടിവിയില്‍ വന്നുകൊണ്ടിരുന്നു. ഗോധ്ര സംഭവങ്ങളും തുടര്‍ന്ന് ഗുജറാത്തില്‍ നടന്ന അനിഷ്ടസംഭവങ്ങളും അവിടുത്തെ നരേന്ദ്രമോഡി സര്‍ക്കാരിനെയും ഭാരതീയ ജനതാപാര്‍ട്ടിയേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. മാധ്യമപ്രചാരങ്ങളും ആ വിധത്തില്‍ത്തന്നെയായിരുന്നു. മധ്യപ്രദേശിലും പുതിയതായി നിലവില്‍ വന്ന ഛത്തീസ്ഗഢിലും ബിജെപി മുമ്പ് പ്രതിപക്ഷത്തായിരുന്നതിനാല്, ആ ഫലവും ഉത്കണ്ഠാകുലമായിരുന്നു. ഫലപ്രഖ്യാപനം വന്നു തുടങ്ങിയപ്പോള്‍ ഗുജറാത്തില്‍ ബിജെപി ഐതിഹാസികമായ വിജയമാണ് നേടിയതെന്നറിഞ്ഞു. ആ ഉത്സാഹത്തിലാണ് പഠനശിബിരത്തിന്റെ രണ്ടാം ദിവസം കടന്നുപോയത്.
സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തന സാധ്യതകളും മേഖലയും അതിവിപുലവും വൈവിധ്യപൂര്‍ണവുമാണ് എന്ന് അന്നു കൂടുതല്‍ വ്യക്തമായി. അത് വേണ്ടത്ര ഗൗരവത്തോടെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ ആളുകളുണ്ടാകേണ്ടതുണ്ട് എന്നും ബോധ്യമായി.
ഇപ്പോള്‍ നമ്മുടെ പൊതുസമൂഹവും സാമ്പത്തികരംഗവും കാര്‍ഷിക വ്യാവയാസിക മേഖലകളും അകപ്പെട്ടിരിക്കുന്ന അതിഭയങ്കരമായ പ്രതിസന്ധി സര്‍ക്കാരിന്റെ ദുര്ന്നയങ്ങളുടെ അനിവാര്യഫലമാണ്. കള്ളപ്പണത്തിന്റെ തോത് ശതകോടികളും സഹസ്രകോടികളുമെന്ന കണക്കിലല്ല ഇപ്പോള്‍ ലക്ഷം കോടികളുടെ തോതിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഭാരതത്തിലെ ജനങ്ങളുടേയും അവരുടെ സാമൂഹ്യ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളേയും തീരെ കണക്കിലെടുക്കാതെയുള്ള ആസൂത്രണ പരിപാടികള്‍ മൂലമാണ് കൃഷിയും പരമ്പരാഗത വ്യവസായങ്ങളും തകര്‍ന്നതും ഉപഭോഗ പ്രധാനമായ ഉല്‍പ്പാദന വ്യവസ്ഥയും ഉല്‍പ്പന്നങ്ങളും വര്‍ധിച്ചതും. ജനങ്ങളെ മുഴുവന്‍ ഊട്ടുവാന്‍ ചുമതലപ്പെട്ട കാര്‍ഷിക വൃത്തിയില്‍നിന്നും സാധാരണ ജനങ്ങള്‍ കൊഴിഞ്ഞു പോകുകയാണ്. കൃഷി സ്ഥലങ്ങള്‍ ചുരുങ്ങുന്നു, കാര്‍ഷിക വിഭവങ്ങള്‍ കുറയുന്നു. വിദേശ നിര്‍മിതവും വിദേശ സാങ്കേതിക വിദ്യയുമുപയോഗിച്ച് നിര്മ്മിക്കപ്പെട്ടവയുമായ ഭക്ഷ്യവസ്തുക്കള്‍ നിത്യജീവിതത്തിന്റെ അനിവാര്യഭാഗമായിത്തീരാന് ഇനി അധികകാലം വേണ്ട.
ലോകത്തിലെ ഏറ്റവും പ്രാചീനമായ നെല്‍കൃഷി ഭാരതത്തിലെയാണ്. ഒന്നേകാല്‍ ലക്ഷത്തോളം നെല്ലിനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. അവയില്‍ എത്രയെണ്ണം വംശനാശം സംഭവിച്ച് ഇല്ലാതെയായി എന്ന കണക്കുപോലും ലഭ്യമല്ല. നമ്മുടെ നാട്ടിലെ വിത്തിനങ്ങളെ കുറിച്ച് തനത് പ്രതിഭയുപയോഗിച്ച് ഗവേഷണവും പരിഷ്ക്കരണങ്ങളും നടത്തുന്നതിന് പകരം പാശ്ചാത്യ ബഹുരാഷ്ട്ര ഭീമന്മാരുടെ കൊള്ള ലാഭാര്‍ത്തിപൂണ്ട ഗവേഷണങ്ങളെ നാം അവലംബിക്കുകയും കടമെടുക്കുകയുമാണ്. മാരകമായി പരിണമിച്ച പരുത്തിവിത്തും വഴുതനവിത്തും അബദ്ധങ്ങളായി എന്ന് ആ കമ്പനി തന്നെ കുമ്പസാരിച്ചു കഴിഞ്ഞു. മറ്റ് എല്ലാ കാര്യങ്ങളിലുമെന്നപോലെ കാര്‍ഷികരംഗത്തും പാശ്ചാത്യമാതൃകകളെ സ്വീകരിക്കാതെ ഭാരതത്തിന്റെ മൗലികപ്രതിഭയിലുള്ള ഗവേഷണങ്ങളും നിഗമനങ്ങളും സൃഷ്ടിക്കാന്‍ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ബഹുരാഷ്ട്ര ഭീമന്മാരുടെ നീരാളിപ്പിടുത്തത്തിലേക്ക് രാജ്യത്തിന്റെ സമസ്ത മേഖലകളെയും തള്ളിയിടാനാണ് യുപിഎ സര്‍ക്കാര്‍ തുനിഞ്ഞിട്ടുള്ളത്. സര്വവിനാശത്തിലേക്കാണ് ഭാരതജനതയെ സര്‍ക്കാര്‍ നയങ്ങള്‍ തള്ളിവിടുന്നത്. ധനം മാത്രമാണ് ജീവിതലക്ഷ്യമെന്ന ധാരണ സര്‍വത്ര വ്യാപിച്ചിരിക്കുന്നു. അതിന്റെ ഫലങ്ങള്‍ അനുദിനം നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: