അമ്മ എന്ന വാക്കിനുപോലുണ്ട് ഉള്ള് കുളിര്‍ക്കുന്ന ഒരു സാന്ത്വനഭംഗി. അത് ആംഗലേയത്തിലായാലും സംസ്കൃതത്തിലായാലും മാറുന്നില്ല. അച്ഛന് അതില്ലേ എന്ന് ചോദിക്കും മുമ്പ്, തര്‍ക്കത്തിനല്ല ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് പറഞ്ഞുകൊള്ളട്ടെ. അമ്മയില്‍ ഉരുവംകൊണ്ട് കിടക്കുന്ന മാതൃത്വത്തിന് പകരം വെക്കാന്‍ ഇഹപരലോകത്തില്‍ ഒന്നുമില്ലെന്നാണ് വിവരമുള്ള വ്യക്തികളൊക്കെ പല സന്ദര്‍ഭങ്ങളിലായി വിശദീകരിച്ചിട്ടുള്ളത്. അമ്മ ഒരു മഹാസാഗരമാണ്. ആഴംകാണാനാവാത്ത, വ്യാഖ്യാനിച്ചു വിലയിരുത്താന്‍ പറ്റാത്ത ഒരു പ്രതിഭാസം. സര്‍വംസഹയായ ഭൂമീദേവിയുടെ അനുഭവിച്ചറിയാന്‍ കഴിയുന്ന ഒരു മിനിയേച്ചര്‍ രൂപമാണ് അമ്മയുടേത്. ബയോളജിക്കല്‍ ഇഫക്ടിന്റെയും സാങ്കേതികതയുടെയും അളവുകോലില്‍ അച്ഛന് ഒരു പക്ഷേ, മുമ്പന്തിയിലാണെന്ന് തോന്നിയാലും അനുഭവിച്ചാലും അതിനും മുകളിലാണ് വാത്സല്യത്തിന്റെ സഹസ്ര കോടി പ്രഭ വിതറി വാരിപ്പുണരുന്ന മാതൃത്വം. പകരം വെക്കാനാവാത്ത പവിത്രമായ ഒരു വികാര സാമ്രാജ്യമാണത്.
ആ മാതൃത്വത്തിന്റെ അനുഭവദീപ്തിയെക്കുറിച്ച് പലരും പല തരത്തില്‍ എഴുതിയിട്ടുണ്ട്. അത് വായിച്ച് നാമൊക്കെ കണ്ണീരൊഴുക്കുകയോ സാന്ത്വനമനുഭവിക്കുകയോ ചെയ്തിട്ടുണ്ട്. ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ സ്നേഹപൂര്‍വ്വം വാഴുന്നവരാണ് അങ്ങനെ ചെയ്യുന്നതെങ്കില്‍ പിന്നെ പറയാനുമില്ല. ഇവിടെയിതാ മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന് അമ്മയുടെ അവാച്യമായ, അനുഭൂതിദായകമായ, വാത്സല്യപൂര്‍ണമായ, സ്നേഹസമൃദ്ധിയെപ്പറ്റി സൂക്ഷ്മമായി ഓര്‍ത്തുവെക്കുന്നു. ലോകത്തെ സര്‍വമാന അമ്മമാരുടെയും സ്നേഹം എന്താണെന്നും അത് അനുഭവിക്കുമ്പോള്‍ മക്കള്‍ ഏത് ലോകത്തിന്റെ വിസ്മയഭരിതമായ അനുഭൂതിയിലാണ് കോള്മയിര്കൊള്ളുന്നതെന്നും മനസ്സിലാക്കാനാവുന്നു. മലയാള മനോരമയുടെ ഞായറാഴ്ച (ജൂണ്‍ 24)യില്‍ പെണ്മ പംക്തിയില്‍ സ്നേഹക്കടലിന്റെ തീരത്ത്… എഴുതിയ മോഹന്‍ലാലിന്റെ ഹൃദയാവര്‍ജകമായ വാക്കുകളില്‍ ലോകത്തെ അമ്മമാര്‍ മുഴുവന്‍ കൂടുകൂട്ടിയിരിക്കുകയാണ്.
സാന്ത്വനത്തിന്റെ അനേകം അമ്മക്കൈകള്‍ നമുക്കു മുമ്പിലേക്കു നീണ്ടു വരുന്നതായി കാണാം. ഒരുവേള ആര്‍ക്കും സ്വന്തം അമ്മയെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തുപോകാന്‍ അത് ഇടവെക്കുന്നു. ചില സാര്ത്ഥകനിമിഷങ്ങളെക്കുറിച്ച് സാഹിത്യകാരന്മാരും കവികളും പണ്ഡിതന്മാരും പറയാറില്ലേ? ആ നിമിഷമാണ് സ്നേഹക്കടലിന്റെ തീരത്ത്… വായിക്കുമ്പോള്‍ ഉണ്ടാവുന്നത്.
എല്ലാവരോടും ചിരിച്ചുകൊണ്ട് ഇടപഴകുന്ന ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ ആശുപത്രിക്കിടക്കയില്‍ നിശ്ശബ്ദയായി കിടക്കുന്നതിന്റെ സങ്കടം പങ്കുവെക്കുന്നതോടൊപ്പം കിട്ടാവുന്ന സമയത്തില്‍ ഭൂരിഭാഗവും അമ്മയ്ക്കായി നീക്കിവെക്കണമെന്ന് ലാല്‍ കുറിപ്പില്‍ പറയാതെ പറയുന്നു. നോക്കുക: രോഗം വല്ലാത്തൊരു അവസ്ഥയാണ്. മരുന്നും ഡോക്ടര്‍മാരും സ്വാധീനവും പണവുമെല്ലാം കാഴ്ചക്കാര്‍ മാത്രമായി പോകുന്ന അവസ്ഥ. തിരുവനന്തപുരത്താണു തളര്‍ന്നു വീണതെങ്കില്‍ അമ്മയ്ക്കു ചികിത്സ കിട്ടാന്‍ വൈകിയേനെ. പക്ഷേ, അമ്മ എന്റെ അടുത്തുവന്നു ആശുപത്രിയില്‍ വെച്ചു തന്നെ തളര്‍ന്നു വീണു. അത്രപോലും എന്നെ പ്രയാസപ്പെടുത്തരുതെന്ന് കരുതിക്കാണും. എന്നെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തിരുന്ന അമ്മ പെട്ടെന്നൊരു ദിവസം മറ്റൊരാളായി മാറുന്നതു ഞാന്‍ കണ്ടു. ആരെയും തിരിച്ചറിയാതെ, വേദനയുണ്ടെന്നുപോലും പറയാനാകാതെ, വിരല്‍ത്തുമ്പുപോലും അനക്കാനാകാതെ കിടക്കുന്ന പുതിയൊരു ജന്മം. ആ ജന്മത്തിലെ അമ്മയുടെ സ്ഥിതി നോക്കിനില്ക്കാന് മക്കള്‍ക്കു കഴിയില്ലെന്നത് പ്രപഞ്ചസത്യം. (അപവാദങ്ങളുണ്ടാകാം, അത് സാമാന്യവല്ക്കരണത്തില് പെടില്ല)
കൊച്ചി അമൃത ആശുപത്രിയിലെ കിടക്കയില്‍ നിന്ന് വാത്സ്യല്യത്തിന്റെ പൂമരമായി അമ്മ തളിര്‍ത്ത് സുഗന്ധം പരത്തണമെന്ന് ലാല്‍ കൊതിക്കുന്നു. അതിനുവേണ്ടി ഉറങ്ങാതെ രാത്രിയുടെ അന്ത്യയാമങ്ങളിലും നമ്മുടെ പ്രിയ നടന് കാവലിരിക്കുന്നു. എന്റെ ജീവിതത്തിലെ ഒരു ദുരന്തത്തിലും ഞാന്‍ ദൈവത്തോട് എന്തിനാണ് എന്നോടിത് ചെയ്തത് എന്നു ചോദിച്ചിട്ടില്ല. പക്ഷേ, ഇവിടെ വെച്ചു ഞാന്‍ ചോദിച്ചു എന്തിനിതു ചെയ്തുവെന്ന്. രണ്ടു മാസത്തിലേറെ ഞാന്‍ അമൃത ആശുപത്രിയില്‍ താമസിച്ചു. രാത്രി ചെറിയശബ്ദം കേള്‍ക്കുമ്പോള്‍ പോലും അകത്തെമുറിയില്‍ നിന്ന് അമ്മയുടെ വിവരം വല്ലതും വരുന്നുണ്ടോ എന്നു കാത്തിരുന്നു.കണ്ണുതുറന്നു എന്നു കേള്‍ക്കുമ്പോള്‍ പോലും മനസ്സില്‍ ഉത്സവമായിരുന്നു.
മലയാളത്തിന്റെ സുകൃതസാന്നിധ്യമാണ് ഈ അമ്മയും മകനും .വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവകാലത്തിലേക്ക് നമ്മെകൈപിടിച്ചുകയറ്റുന്നു ലാല്‍ അമ്മയിലൂടെ. ഇത് വായിച്ചു കഴിയുന്ന ഒറ്റമക്കള്‍ക്കും സ്വന്തം അമ്മയുടെ നേരെ തമാശയ്ക്കു പോലും ഒന്നു വിരല്‍ ചൂണ്ടാന്‍ തോന്നില്ല; പിന്നെയല്ലേ ദേഷ്യപ്പെടല്‍. ഒടുവില്‍ ലാല്‍ ഇങ്ങനെയാണ് പ്രാര്‍ഥിക്കുന്നത്. എന്നെയും സുചിയെയും കുട്ടികളെയും തിരിച്ചറിയുന്ന ഒരമ്മയെ തിരിച്ചുതരിക . ഒരുവീല്‍ചെയറില്‍ ഒരു ദിവസത്തേക്കെങ്കിലും… ഒരു മണിക്കൂറെങ്കിലും… ഒരു നിമിഷത്തേക്കെങ്കിലും….
പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങള്‍ നിര്‍ണയിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ജഗദീശ്വരന് അതിന് വഴിതെളിക്കട്ടെ എന്ന പ്രാര്‍ഥനയല്ലാതെ മേറ്റ്ന്ത്?
നെയ്യാറ്റിന്‍കരയിലെ വിജയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് ആഹ്ലാദിക്കാനുള്ള വകയുണ്ടോ എന്നു നോക്കുന്നു കലാകൗമുദി (ജൂലായ് ഒന്ന്) വാരിക. കേരളത്തെ നിയന്ത്രിക്കുന്നത് പാണക്കാട് തങ്ങള്‍ എന്ന ഒരഭിമുഖവുമുണ്ട്. നെയ്യാറ്റിന്‍കരയില്‍ അഭിമാനാര്‍ഹമായി പയറ്റിയെന്നു ഒരു വിധപ്പെട്ടവരൊക്കെ സമ്മതിക്കുന്ന ബിജെപി നേതാവ് ഒ. രാജഗോപാലുമായി കെ. എന്‍ ഷാജികുമാര്‍ നടത്തുന്ന സംഭാഷണത്തില്‍ ഒട്ടെല്ലാവിഷയവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
പാര്‍ട്ടിയുടെ നിലപാടിന്റെ വിജയശതമാനമാണ് അവിടെ കണ്ടതെന്ന വിശ്വാസമാണ് രാജഗോപാലിന്റേത്. കോണ്‍ഗ്രസ്സിനെ മുസ്ലീം ലീഗിന് അടിയറവെച്ചാണ് ഉമ്മന്‍ചാണ്ടി ഭരിക്കുന്നത്. അഞ്ചാം മന്ത്രി അതിനുതെളിവാണ് കെ.പി.സി.സി.യും ഹൈക്കമാന്റുമല്ല, പാണക്കാട്ടെ തങ്ങളാണ് കേരളം നിയന്ത്രിക്കുന്നതെന്ന് അഞ്ചാം മന്ത്രി പ്രശ്നത്തോടെ വെളിപ്പെട്ടു. ശെല്‍വരാജിന്റെ രാജി കോണ്‍ഗ്രസ് നടത്തിയ കുതിരക്കച്ചവടമായിരുന്നു. ചന്ദ്രശേഖരന് വധം രാഷ്ട്രീയമായി ഉപയോഗിച്ച് ഇതെല്ലാം മറച്ചുവെച്ച് തിരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിട്ടു എന്നാണ് രാജേട്ടന് പറയുന്നത്.
ലീഗിനോടുള്ള സമീപനത്തില്‍ അന്നും ഇന്നും ഒരേ നിലപാടാണ് കോണ്‍ഗ്രസ്സിനെന്ന് അറിയാതെ പോവുന്നവര്‍ വോട്ടുകുത്തിക്കൊണ്ടേയിരിക്കുന്നു എന്നതു തന്നെ സ്ഥിതി. ലീഗിനെ ഒറ്റയ്ക്കു മത്സരിക്കാന്‍ നിര്‍ബ്ബന്ധിച്ചാല്‍ 1965 ല്‍ കിട്ടിയ കൈവിരലിലൊതുങ്ങിയ സീറ്റ് തന്നെ ഇപ്പോഴും കിട്ടും എന്നല്ലാതെ രാഷ്ട്രീയത്തിലെ നൃശംസശക്തിയായി അതിന്റെ അംഗസംഖ്യവര്ധിക്കില്ലെന്ന ആത്യന്തിക സത്യം എന്ന് മറ്റുരാഷ്ട്രീയ ശക്തികള്‍ മനസ്സിലാക്കുന്നോ അന്നേ നാടുനന്നാവൂ.
ഏറ്റവും ഒടുവില്‍ എത്തിനില്‍ക്കുന്ന എയിഡഡ് സ്കൂള്‍ സംഭവം തന്നെ പോരെ കത്തിക്കൊണ്ട് തേങ്ങചുരണ്ടുതിന്നുന്ന സ്വഭാവം വ്യക്തമാവാന്‍. രാജേട്ടന്റെ അഭിമുഖത്തിനൊപ്പമുള്ള നെയ്യാറ്റിന്കരവിഭവങ്ങള് ഇതൊക്കെയാണ്: നെയ്യാറ്റിന്‍കരയുടെ പാഠം (വിശകലനം) ഡോ. ജി. ഗോപകുമാര്‍, കേരളം ഒരു മൂന്നാം ബദല്‍ തേടുന്നു (റിപ്പോര്‍ട്ട് ) ഡോ. എന്‍ ജയദേവന്.
ഏതായാലും മൂത്തലീഗും മൂത്ത കോണ്‍ഗ്രസ്സും അടിക്കുമ്പോഴേ യഥാര്‍ത്ഥ എരിവ് നാവില്പടരൂ. യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ്സും ആവുമ്പോള്‍ എരിവ് അത്രപിടിക്കില്ല. പറയാനുള്ളത് പറയുകയും ചെയ്യാം നടപടിയെടുക്കുകയും വേണ്ട എന്ന സ്ഥിതിയാണെന്ന് യുവപത്രപ്രവര്‍ത്തകര്‍ പലയിടത്തും മനസ്സുതുറക്കുന്നുണ്ട്. അതിനൊപ്പം ഒരു മൂന്നാംബദലിലേക്ക് കാര്യങ്ങള്എത്തുമോ റബ്ബേ എന്ന് ചിലര്‍ പ്രാര്ഥിക്കുന്നുമുണ്ട്.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: