കളങ്കമേല്ക്കാത്ത ദാമ്പത്യജീവിതമായിരുന്നു അയാള്‍ നയിച്ചിരുന്നത്. അയാളുടെ ഫോണില്‍ ആ മിസ്ഡ് കോള്‍ വരുന്നതുവരെ. സാധാരണ മിസ്ഡ് കോളുകളിലേക്കൊന്നും അയാള്‍ തിരിച്ചുവിളിക്കാറില്ല. പക്ഷേ ആ നമ്പറിലേക്ക് വിളിക്കാന്‍ അയാള്‍ക്ക് ഒരു ഉള്‍വിളിയുണ്ടായി. ഒരു സ്ത്രീയാണ് മറുതലക്കല്‍. അയാള്‍ സ്വയം പരിചയപ്പെടുത്തി. അവരും. സംസാരം പുരോഗമിക്കെ അവരുടെ ശബ്ദസൗകുമാരത്തെ പ്രശംസിക്കാനും അയാള്‍ മടിച്ചില്ല.
മുഖസ്തുതിയിലും പ്രശംസയിലും വീഴാത്ത പെണ്ണുങ്ങള് കുറവാണെന്ന് തന്റെ സ്ത്രീ സംസര്‍ഗാനുഭവങ്ങളില്‍ നിന്നും അയാള്‍ മനസ്സിലാക്കിയിരുന്നു. ആ ശബ്ദം അയാള്‍ക്ക് സുപരിചിതമാണ്. മുമ്പൊരിക്കല്‍ താന്‍ സ്വന്തമാക്കാനാഗ്രഹിച്ചിരുന്ന പ്രണയിനിയുടെ സ്വരവുമായി നല്ല സാമ്യമുണ്ടായിരുന്നു. ദിവസത്തിലൊരിക്കലെങ്കിലും അവളുടെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ തനിക്കാവില്ലായിരുന്നു. പക്ഷേ, എല്ലാം നഷ്ടപ്പെട്ടിട്ട് വര്‍ഷമേറെകഴിഞ്ഞു. അവളെകുറിച്ചുള്ള ഓര്‍മകള്‍ വീണ്ടും ഉണര്‍ന്നതുകൊണ്ടാവാം ആ മിസ്ഡ്കോള് നമ്പര്‍ അയാള്‍ തന്റെ മൊബെയിലില്‍ സേവ് ചെയ്തു. ഭാര്യക്ക് സംശയം തോന്നാതിരിക്കാനും ആ നമ്പറിലേക്ക് വിളിക്കാതിരിക്കാനുമായി അഡ്വര്‍ടൈസ്മെന്റ് എന്ന പേരിലാണ് സേവ് ചെയ്തത്. ആ സൗഹൃദം ദൃഢമാകാന്‍ അധികദിവസം വേണ്ടിവന്നില്ല. ദിവസവും പകല്‍ സമയത്താണ് ഫോണ്‍ സംഭാഷണം. പ്രത്യേകിച്ച് അയാളുടെ ഓഫീസിലെ ഉച്ചയൂണിനു ശേഷം. ഊണിനുശേഷം പഞ്ചസാര പായസം കഴിക്കുന്ന അനുഭൂതിയാണ് അവരോട് സംസാരിക്കുമ്പോഴുണ്ടാകുന്നതെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞു.
“തന്റെ ഭര്‍ത്താവ് ഇതുവരെ ഇങ്ങനെയൊരു വാക്ക് പറഞ്ഞിട്ടില്ല.” അവര്‍ സങ്കടപ്പെട്ടു.
“സാരമില്ല. ചിലര്‍ക്ക് ചിലതൊന്നും തിരിച്ചറിയാന്‍ കഴിയില്ല. നിങ്ങള്‍ ഒരു പനിനീര് പൂവാണ്. ഒരു കുരങ്ങന്റെ കയ്യില്‍ കിട്ടിയാലത് പിച്ചിചീന്തും. ഒരു സുന്ദരിയാണെങ്കിലവളത് മുടിയില്‍ ചൂടും. ഒരു കവിക്കാണ് കിട്ടുന്നതെങ്കില്‍ അയാളാ പൂവിന്റെ സൗന്ദര്യവും നൈര്‍മല്യവും വാസനയും ആവോളം ആസ്വാദിക്കും. ഒരുപക്ഷേ അതിനെപ്പറ്റിയൊരു കവിതയെഴുതിയെന്നും വരും.”
” അതുകൊണ്ട് സങ്കടപ്പെടേണ്ട. ഏതെങ്കിലും ഒരു കാലത്ത് ആരെങ്കിലും നിങ്ങളെ തിരിച്ചറിയും. ആ സമയം വന്നെത്തിയിരിക്കുന്നു എന്ന് സമാധാനിച്ചോളൂ.” അയാള്‍ പറഞ്ഞു.
“ഈശ്വരാ നമ്മള് ഇത്രയും ദൂരത്തായത് കഷ്ടമായി. ഇപ്പോള്‍ നിങ്ങളെന്റെയടുത്തുണ്ടായിരുന്നെങ്കില്‍ കെട്ടിപിടിച്ചൊരുമ്മ തന്നേനെ.”
അതുപറയുക മാത്രമല്ല ഒരു ചുംബനത്തിന്റെ ശബ്ദം അയാള്‍ കേള്‍ക്കുകയും ചെയ്തു.
അന്ന് രാത്രി വീട്ടിലെത്തിയപ്പോള്‍ പതിവുപോലെ ഭാര്യ അയാളുടെ മൊബെയില്‍ പരിശോധിച്ചു.
“ഇതെന്താ, അഡ്വര്‍ടൈസ്മെന്റ് കോളില്‍ 12.26 മിനിറ്റ് സംസാരിച്ചിരിക്കുന്നല്ലോ. സാധാരണ പരസ്യത്തിന്റെ കോള്‍ വരുമ്പോള്‍ നിങ്ങള്‍ കട്ട് ചെയ്യാറല്ലേ പതിവ്.”
അവള് നിഷ്കളങ്കതയോടെ ആ സംശയം അയാളോട് ചോദിച്ചു.
“അതൊരു ഓഫറിനെപ്പറ്റിയുള്ള പരസ്യമായിരുന്നു. അതിന്റെ സംശയമൊക്കെ ചോദിച്ചും പറഞ്ഞും കഴിഞ്ഞപ്പോഴേക്കും സമയം കുറെയായി.”
അയാള്‍ ലാഘവത്തോടെ പറഞ്ഞൊഴിഞ്ഞു.
അവളുടെ ആ സംശയമാണ് ഇരട്ടസിം ഉള്ള മൊബെയില്‍ ഫോണ്‍ വാങ്ങാന്‍ അയാളെ പ്രേരിപ്പിച്ചത്. കൂടെ കിട്ടിയ പുതിയ കണക്ഷന്റെ നമ്പര്‍ അയാള്‍ കാമുകിക്ക് കൊടുത്തു. മൊബെയില്‍ സാങ്കേതിക വിദ്യയെകുറിച്ചറിവില്ലാത്ത ഭാര്യയോട് പുതിയ നമ്പറിനെക്കുറിച്ച് അയാള്‍ പറഞ്ഞില്ല. അന്നുമുതല്‍ കാമുകിയുടെ നമ്പര്‍ കാള്‍ ലിസ്റ്റില്‍ നിന്നും ഡിലിറ്റ് ചെയ്യാനും തുടങ്ങി അയാള്‍.
പ്രണയാതുരനായ കാമുകനായും സ്നേഹനിധിയായ ഭര്‍ത്താവായും ഇരട്ടവേഷങ്ങളില്‍ അയാള്‍ ജീവിക്കുമ്പോഴാണ് രംഗ ബോധമില്ലാത്ത കോമാളികളെപോലെ രണ്ട് പോലീസുകാര്‍ അയാളെ അന്വേഷിച്ച് ഓഫീസിലെത്തിയത്. ഒപ്പം സ്റ്റേഷനിലേക്ക് ചെല്ലാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടു. കാര്യം ചോദിച്ചെങ്കിലും അവര്‍ ഒന്നും പറഞ്ഞില്ല.
സ്റ്റേഷനിലെത്തിയപ്പോള്‍ തന്റെ ഭാര്യയും അവളുടെ സഹോദരിയും- ഭര്‍ത്താവും അമ്മയും കാര്യമറിയാതെ അയാള്‍ പകച്ചു. അവരാരും പക്ഷേ അയാളെ കണ്ടതായി ഭാവിച്ചില്ല. എല്ലാവരുടെയും മുഖത്ത് ഒരുതരം വെറുപ്പ് പ്രകടമായിരുന്നു. അവരില്‍ നിന്നും അല്പം മാറി കറുത്തു മെലിഞ്ഞ ഒരു സ്ത്രീയും ഒപ്പം ഒരു പുരുഷനും. അവരെ അയാള്‍ ആദ്യമായ് കാണുകയായിരുന്നു.
പോലീസുകാര്‍ അയാളെ എസ്.ഐക്ക് മുമ്പില്‍ ഹാജരാക്കി. “നിങ്ങള്‍ക്കെതിരെ ഇവിടെ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ട്. ഒന്ന് ഇവരുടേതാണ്. കറുത്തു മെലിഞ്ഞ കൈകളില്‍ വെള്ള പാണ്ഡുള്ള സ്ത്രീയെ ചൂണ്ടി എസ്.ഐ.തുടര്‍ന്നു. മാസങ്ങളായി നിങ്ങളീ സ്ത്രീയെ മൊബെയിലില്‍ വിളിച്ച് ശല്യം ചെയ്യുകയാണെന്നും കൂടെ ചെല്ലാമോയെന്ന് ചോദിച്ചെന്നുമാണ് പരാതി.” അയാള്‍ സംശയത്തോടെ അവരെ നോക്കി. “ഇല്ല ഇത് നുണയാണ്. ഞാനിവരെ അറിയില്ല. ആദ്യമായ് ഇന്നാണ് കാണുന്നത്.” അമ്പരപ്പ് മാറാതെ അയാള്‍ പറഞ്ഞു.
“ഞങ്ങള്‍ ദിവസവും ഫോണില്‍ സംസാരിക്കാറുണ്ട്. ഇന്നലെ ഇയാളുടെ ഭാര്യയാണ് ഫോണെടുത്തത്. അവരെ ഇയാള്‍ വഞ്ചിക്കുകയായിരുന്നു. എന്നെയും ഇയാള്‍ കുറെ കാര്യങ്ങള്‍ പറഞ്ഞുപറ്റിച്ചു.” – ആ കുറുത്തു മെലിഞ്ഞ രൂപം പിറുപിറുത്തു.
അയാളുടെ ഉള്ളൊന്നുകാളി. ദൈവമേ….. ഇവളോ? ബീനയുടെ ശരീരത്തിലുള്ള സൗന്ദര്യം ശരീരത്തിലില്ലെന്ന തിരിച്ചറിവ് അയാളെ ഞെട്ടിച്ചു. സത്യത്തിന്റെ മുഖംമാത്രമല്ല. ശരീരംപോലും വികൃതമാണെന്ന് അയാള്‍ക്ക് തോന്നി.
“അടുത്ത പരാതി നിങ്ങളുടെ ഭാര്യയുടേതാണ്. നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും വഞ്ചനാകുറ്റത്തിന് കേസെടുക്കണമെന്നുമാണ് പരാതി. പത്തുപന്ത്രണ്ടു കൊല്ലമായി നിങ്ങളോടൊത്തു ജീവിക്കുന്ന ആ സാധു സ്ത്രീയെ പറ്റിക്കാമോ? അവര്‍ക്കിനി നിങ്ങളുടെ കൂടെ കഴിയാന്‍ താല്‍പ്പര്യമില്ലെന്നും പറയുന്നു.”
എസ്ഐയുടെ വാക്കുകള്‍ അയാളെ ചിന്തയില്‍ നിന്നുമുണര്‍ത്തി. എങ്ങിനെയാണ് ഞാന്‍ കുറ്റകാരനായത്? അയാളുടെ ആലോചനകള്‍ പലവഴിപോയി. ഒടുവില്‍ ഇരട്ട സിം ഉള്ള ആ മൊബെയില്‍ ഫോണ്‍ അയാളുടെ മനസ്സില്‍ തെളിഞ്ഞു. ഇന്നലെ ഫോണ്‍ എടുക്കാതെയാണ് ഓഫീസിലേക്ക് പോയത്. പതിവുപോലെ ഉച്ചയ്ക്ക് ബീന വിളിച്ചിട്ടുണ്ടാവാം. ഫോണെടുത്ത ഭാര്യ എല്ലാം മനസ്സിലാക്കിയെന്ന് അയാള്‍ക്ക് തോന്നി. സംസാരം അവസാനിച്ചപ്പോള്‍ രണ്ടുപേരും പരാതിക്കാരയതാവാം.
വര്‍ണ്ണിക്കാനാവാത്ത ഒരു വികാരത്തിനടിമപ്പെട്ട് മന്ദബുദ്ധിയെപ്പോലെ നിന്ന അയാളെ എസ്.ഐ. ഉന്തിതള്ളി ലോക്കപ്പിലാക്കി.
“ഇയാളുടെ കാര്യം ഞങ്ങള്‍ നോക്കികൊള്ളാം. ഇനി ഉപദ്രവമൊന്നുമുണ്ടാവില്ല. നിങ്ങള്‍ ചെന്നാട്ടെ. എസ്.ഐ.ബീനയോട് പറഞ്ഞു.
“സര് ഞങ്ങളിവളെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്”ഭാര്യ സഹോദരിയുടെ ഭര്‍ത്താവിന്റെ ശബ്ദം ഞെട്ടലോടെ അയാള്‍ കേട്ടു.
വിതുമ്പുന്ന ചുണ്ടുകളും മിഴിക്കോണിലശ്രു ബിന്ദുക്കളുമായ ഭാര്യയും. വെറുപ്പും കാലുഷ്യവും നിറഞ്ഞ മുഖത്തോടെ ബീനയും സ്റ്റേഷനില്‍ നിന്നുമിറങ്ങുന്നത് നിര്‍വികാരതയോടെ അയാള്‍ നോക്കി നിന്നു.
വിവരമറിഞ്ഞ് അയാളുടെ സഹപ്രവര്‍ത്തകര്‍ വക്കീലിനെയും കൂട്ടി ജാമ്യമെടുക്കാനെത്തി. ഒന്നു താക്കീതു ചെയ്തു വിട്ടാല്‍ മതിയെന്നും, കേസ് രജിസ്റ്റര്‍ ചെയ്യണ്ടായെന്നും ഇരുകൂട്ടരും പറഞ്ഞിരുന്നതുകൊണ്ട് അയാളെ അവര്‍ക്കൊപ്പം വിട്ടയച്ചു.
“പിച്ചയൊട്ടു കിട്ടിയതുമില്ല. പട്ടികടി കൊള്ളുകയും ചെയ്തപോലെയായല്ലോ” സഹപ്രവര്‍ത്തകരിലൊരാള്‍ പരിഹസിക്കുന്നതു കേട്ടപ്പോള്‍ അയാള്‍ക്ക് വല്ലാതെ ദേഷ്യം വന്നു. തന്റെ പോക്കറ്റില്‍ കിടന്ന ഇരട്ട സിം ഉള്ള ആ മൊബെയില്‍ ഫോണ്‍ അയാള്‍ വലിച്ചെറിഞ്ഞു. ചിന്നിചിതറിയ അതിന്റെ കഷണങ്ങള്‍ തന്നെ നോക്കി പരിഹസിക്കുന്നതായി അയാള്‍ക്ക് തോന്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: