ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അബു ജുണ്ടാലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറണമെന്ന് പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക് ഇന്ത്യയോടാവശ്യപ്പെട്ടു.
കുറ്റവാളികള്‍ ഉപയോഗിക്കുന്ന വ്യാജ പാസ്പ്പോര്‍ട്ട് പാക്കിസ്ഥാന്റേതല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.ജുണ്ടാലിന്റെ മുംബൈ ആക്രമണം സംബന്ധിച്ച് ജുണ്ടാല്‍ നല്‍കിയെന്ന് ഇന്ത്യ അവകാശപ്പെടുന്ന മൊഴിയുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും മാലിക്ക് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ നല്‍കിയെന്നാരോപിച്ച പാസ്പ്പോര്‍ട്ടിന്റെ ഒറിജിനല്‍ കോപ്പി ഉടന്‍ ലഭിക്കുമെന്ന് മാലിക്ക് കഴിഞ്ഞദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം ഇന്ത്യന്‍ പൗരനായ അന്‍സാരി എന്ന അബു ജുണ്ടാല്‍ പാക്കിസ്ഥാനി പാസ്പ്പോര്‍ട്ട് ഉപയോഗിച്ചാണ് സൗദി അറേബ്യയിലേക്ക് കടന്നതെന്ന് ഇന്ത്യന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന വ്യാജപാസ്പ്പോര്‍ട്ട് പാക്കിസ്ഥാന്റേതല്ലെന്നും മാലിക്ക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണത്തിലും പാക്കിസ്ഥാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും മാലിക്ക് വ്യക്തമാക്കി.പാക്കിസ്ഥാനും ഇന്ത്യയും തങ്ങളുടെ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണത്തിന് പുറകില്‍ പാക്കിസ്ഥാന്റെ കൈകളുണ്ടെന്ന് ബുധനാഴ്‌ച്ച ആഭ്യന്തര മന്ത്രി പി.ചിദംബരം പറഞ്ഞത് മാലിക്ക് നിഷേധിച്ചിരുന്നു.ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് വിഭാഗത്തില്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഇതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായും മാലിക്ക് കൂട്ടിച്ചേര്‍ത്തു.എന്നാല്‍ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്കറെ തൊയ്ബ തലവന്‍ സക്കീര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെ 7 ഭീകരരെ പാക് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പാക് കോടതിയില്‍ ഇതിന്റെ വിസ്താരം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക