യാങ്കൂണ്‍: സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും മറ്റും രാജ്യത്തെ ബര്മ്മയെന്ന് അഭിസംബോധന ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ആങ്ങ് സാന്‍ സൂകിക്ക് മ്യാന്മര് സര്‍ക്കാരിന്റെ അറിയിപ്പ്. ഭരണപക്ഷത്തിന്റെ മുഖപത്രത്തിലാണ് സൂകിക്കും പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്കും തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്യത്തെ മ്യാന്മര് എന്ന് വിളിക്കണമെന്ന് ഉത്തരവ് നല്‍കിയത്.
സൂകി നടത്തിയ വിദേശപര്യടനങ്ങളിലെല്ലാം മ്യാന്മറിനെ പഴയ നാമമായ ബര്‍മ്മ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. രാജ്യത്തിന്റെ നാമം എഴുതുകയോ പറയുകയോ ചെയ്യുമ്പോള്‍ ഭരണഘടനാപ്രകാരം അനുസരിക്കണമെന്നും ഭരണഘടനയോട് അനാദരവ് പ്രകടിപ്പിക്കരുതെന്നും കമ്മീഷന് പ്രത്യേക ലേഖനത്തിലൂടെ അറിയിച്ചു. ബര്‍മ്മീസ് ഭാഷയില്‍ രാജ്യത്തെ രണ്ട് തരത്തില്‍ അഭിസംബോധന ചെയ്യാറുണ്ട്, മ്യാന്മറെന്നും ബര്മ്മയെന്നും. അനൗദ്യോഗിക സംഭാഷണങ്ങളില്‍ ബര്മ്മയെന്ന് വിളിക്കാറുണ്ടെങ്കിലും ഔദ്യോഗിക സംഭാഷണങ്ങളിലും സാധാരണയായും മ്യാന്മര് എന്നുതന്നെയാണ് വിളിക്കാറ്. ഇതാണ് ഭരണഘടനാ വിധേയമെന്നും നേതാക്കളും എംപിമാരും ഇത് ശ്രദ്ധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: