ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് നോട്ടീസ് നല്കി. ലൈംഗിക കുറ്റങ്ങള്‍ക്കുള്ള വിചാരണയ്ക്കായി സ്വീഡന് കൈമാറുന്നത് തടയാന്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാഞ്ഞ് രാഷ്ട്രീയാഭയം തേടി ദിവസങ്ങള്‍ക്കകമാണ് നോട്ടീസ് നല്‍കിയത്. ആവശ്യപ്പെടുന്ന സമയത്ത് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. ഇക്വഡോര്‍ എംബസിക്കും പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എംബസി വൃത്തങ്ങള്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പോലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ലെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശമെന്നും ഹാജരാകില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്നും അസാഞ്ഞ് പറഞ്ഞു.
സ്വീഡനില്‍ അസാഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി 2010 ആഗസ്റ്റിലാണ് രണ്ട് സ്ത്രീകള്‍ രംഗത്തുവന്നത്. അതേസമയം ഈ ആരോപണം അസാഞ്ഞ് നിഷേധിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കണമെന്ന അസാന്‍ജിന്റെ അപേക്ഷ ബ്രിട്ടനിലെ പരമോന്നത കോടതി തള്ളിയിരുന്നു. ജൂണ്‍ 28 വരെ അസാന്‍ജിനെ സ്വീഡന് കൈമാറരുതെന്നും കഴിഞ്ഞമാസം അവസാനം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പോലീസ് നോട്ടീസ് നല്‍കിയത്.
2010 ല്‍ യുഎസ് നയതന്ത്ര രേഖകളും രഹസ്യ കേബിള്‍ സന്ദേശങ്ങളും പുറത്തുവിട്ടതിനെത്തുടര്‍ന്ന് വിവാദ നായകനായ അസാന്‍ജിന് എതിരെ അമേരിക്കയിലും കേസുണ്ട്. സ്വീഡന് വിട്ടുകൊടുത്താല്‍ അവിടെനിന്നും യുഎസിലേക്ക് അയക്കപ്പെടുമെന്ന ഭയമാണ് തന്നെ അലട്ടുന്നതെന്നും സ്വീഡനില്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നുമാണ് അസാന്‍ജിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: