തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് പെരുമാറുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മോഹനനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ആരോപിച്ചത്.
കേസില്‍ പോലീസിന്റെ നീക്കങ്ങള്‍ കുടിലമാണ്. പി. മോഹനനെ വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തത് ഇതിന്റെ ഉദാഹരണമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് യാത്ര ചെയ്യുന്നതിനിടയില്‍, വഴിയില്‍ വെച്ച്, സഞ്ചരിക്കുന്ന വാഹനം തടഞ്ഞിട്ട് നാടകീയ രംഗം സൃഷ്ടിച്ചുകൊണ്ടാണ് അറസ്റ്റ് നടത്തിയത്. യുഡിഎഫ് പോലീസിന്റെ തെറ്റായ സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണിത്.
അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാല്‍ എത്തിച്ചേരുന്നവരാണ് സി.പി.എം നേതാക്കള്‍ എന്ന അനുഭവം, ഈ കേസുമായി ബന്ധപ്പെട്ടുതന്നെ ഏരിയാ സെക്രട്ടറി സി.എച്ച്.അശോകന്റെ കാര്യത്തില്‍ പോലീസിന്റെ മുന്നിലുള്ളതാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരം നിന്ദ്യമായ നീക്കങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായ പ്രതിഷേധം നടത്തുന്നതിനും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: