ഹൂസ്റ്റണ്‍: ലഷ്ക്കറെ തൊയ്ബയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മുന്‍ പാക് മന്ത്രി ഷെയ്ക് റഷീദിനെ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹഫീസ് സെയ്ദുമായി ബന്ധമുണ്ടെന്ന അടിസ്ഥാനത്തിലാണ് റഷീദിനെ തടഞ്ഞുവെച്ചത്.
പാക്കിസ്ഥാന് അവാമി മുസ്ലീംലീഗ് നേതാവായ റഷീദ് എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ ഉടനെയാണ് തടഞ്ഞുവച്ചത്. അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷം പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. സെയ്ദുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് റഷീദിനെ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ധനസമാഹരണത്തിനും ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുവാനും വേണ്ടിയാണ് റഷീദ് യുഎസില്‍ എത്തിയത്. എന്നാല്‍ റഷീദിനെ തടഞ്ഞുവച്ചത് സംബന്ധിച്ച് ഹോസ്റ്റണ് സുരക്ഷാ വകുപ്പ് പ്രതികരിച്ചിട്ടില്ല.
യുഎസിലെ പാക്കിസ്ഥാന് അംബാസിഡര്‍ ഷെറി റഹ്മാന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഹോസ്റ്റണിലെ പാക് കൗണ്‍സല്‍ ജനറല്‍ അവില് നദീം അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് മന്ത്രിയെ വിട്ടയച്ചത്.
അടുത്തിടെ ഭീകരവാദസംഘടനയായ ദേഫ-ഇ-പാക്കിസ്ഥാന് കൗണ്‍സില്‍ സംഘടിപ്പിച്ച പല റാലികളിലും ചര്‍ച്ചകളിലും റഷീദ് പങ്കെടുത്തിരുന്നു. ജെയുഡി തലവന്‍ സെയ്ദിനൊപ്പമാണ് റഷീദ് പല റാലികളിലും ഇന്ത്യക്കും അമേരിക്കക്കുമെതിരെയും നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. 2006 മുതല്‍ 2008 വരെ റെയില്‍വേ മന്ത്രിയായിരുന്നു റഷീദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: