തിരുവനന്തപുരം : വയനാട്ടിലെ ആദിവാസി ഭൂപ്രശ്നത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സിപിഎം നേതാവും മുന്‍മന്ത്രിയുമായ എ.കെ.ബാലനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ 52 ദിവസമായി വയനാട്ടില്‍ ഭൂമിക്കുവേണ്ടി നടത്തുന്ന സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയാണെന്നും ബാലന് ആരോപിച്ചു.
ഇരുനൂറിലധികം ആദിവാസികള്‍ ജയിലിലാണ്. സമരം ചെയ്യുന്ന ആദിവാസികളെ റിമാന്‍ഡ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുപോലും ലംഘിക്കപ്പെട്ടിരിക്കുകയാണ്. സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ദ്രോഹനടപടികള്‍ സ്വീകരിക്കുന്നുവെന്ന് വിഷയം ഉന്നയിച്ച് സംസാരിച്ച എ.കെ.ബാലന് ആരോപിച്ചു. നഷ്ടപരിഹാരത്തിന് മുഖ്യമന്ത്രി നല്കിയ നിര്‍ദേശം നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എ.കെ.ബാലന് ആവശ്യപ്പെട്ടു.
അതേസമയം, ആദിവാസി ഭൂസമരത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് നോട്ടീസിന് മറുപടി പറഞ്ഞ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആദിവാസികളെ രാഷ്ട്രീയ ലാഭത്തിനായി എല്‍ഡിഎഫ് ഉപയോഗിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ കൈവശം ചില രേഖകളുണ്ടെന്നും അതേ മേശപ്പുറത്ത് വയ്ക്കാന്‍ അനുവദിക്കണമെന്നും എ.കെ.ബാലന് ആവശ്യപ്പെട്ടു. എന്നാല്‍ നിയന്ത്രണങ്ങളില്ലാതെ എ.കെ. ബാലനെ സഭയില്‍ പെരുമാറാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്കി.
അറസ്റ്റിലായവരുടെ റിമാന്റ് കാലാവധി നീട്ടരുതെന്നും മുത്തങ്ങ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി സമരത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മറുപടി നല്കി. ആദിവാസികളെ സമരത്തിന് പ്രേരിപ്പിക്കുന്നത് എല്‍ഡിഎഫ് നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. ആദിവാസി പ്രശ്നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും വിവിധ ആദിവാസി സംഘടനകളുടെ 12 പ്രതിനിധികളും പങ്കെടുത്ത് ചര്‍ച്ച ചെയ്തിരുന്നു.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നെന്നും എ.കെ. ബാലന് ചൂണ്ടിക്കാട്ടി. പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ റവന്യൂമന്ത്രിയടക്കം ആറ് മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമരം നടത്തുന്ന ആദിവാസികളെ മേലില്‍ അറസ്റ്റ് ചെയ്യില്ലെന്നും റിമാന്റ് ചെയ്തവരെ നിരുപാധികം വിട്ടയക്കുമെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനം സര്‍ക്കാര്‍ പാലിച്ചില്ല. യോഗത്തിന് ശേഷം ജൂണ്‍ 25ന് സ്ത്രീകളടക്കം 102 പേരെ അറസ്റ്റ് ചെയ്തിരുന്നു. സമരത്തിന്റെ പേരില്‍ റിമാന്റ് ചെയ്തവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റിമാന്റ് കാലാവധി നീട്ടുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പെരിഞ്ചാന്കുട്ടിയില്നിന്നും ആദിവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മതിയായ ചികിത്സ കിട്ടാതെ ഒരു ആദിവാസി സ്ത്രീ ജയിലില്‍ മരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറസ്റ്റിലായവരെ ആരെങ്കിലും ജാമ്യത്തിലെടുത്താല് എതിര്‍പ്പൊന്നുമില്ലാതെ വിട്ടുകൊടുക്കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കോടതി റിമാന്‍ഡ് ചെയ്തവരായതിനാല്‍ സര്‍ക്കാരിന് നിയമപരമായേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: