ന്യൂദല്‍ഹി: മൂന്ന് ദിവസം നീണ്ടുനിന്ന മുംബൈ ഭീകരാക്രമണം അവസാനിച്ചപ്പോള്‍ കറാച്ചിയിലെ കണ്ട്രോള് റൂമില്‍ ആഘോഷത്തിന്റെ പ്രതീതിയായിരുന്നെന്നും, മുതിര്‍ന്ന ലക്ഷ്കര്‍ തലവന്മാര് പരസ്പരം ആശ്ലേഷിച്ചതായും അജ്മല്‍ കസബിനെ പിടികൂടിയത് മാത്രമാണ് നിരാശാജനകമായതെന്ന് തിങ്കളാഴ്ച പിടിയിലായ ജുണ്ടാല്‍ ചോദ്യം ചെയ്യലില്‍ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.
നിരവധി സാറ്റ്ലൈറ്റ് ഫോണുകള്‍, മൊബെയില്‍ ഫോണുകള്‍, ടിവിസെറ്റുകള്‍ എന്നിവ നിറഞ്ഞ കണ്ട്രോള് റും ആഘോഷത്തിലായതായി ജുണ്ടാല്‍ പറഞ്ഞു.
ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോള്‍ മുബാരക്ക് ഹോ! ഹമ്നേ തീന് ദിന് തക്ക് ഹിന്ദുസ്ഥാന്‍ കി സെക്യൂരിറ്റി ഫോഴ്സ് കെസാത്ത് ലഡായ് കീ, ജോവോ ഹമേശാ യാദ് കരേംഗാ (ഇന്ത്യന്‍ സുരക്ഷാ സൈനികര്‍ക്കെതിരെ മൂന്ന് ദിവസം പോരാടി, ഇത് അവര്‍ ഒരിക്കലും മറക്കില്ല) എന്ന് പറഞ്ഞതായി ജുണ്ടാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മൂന്ന് ദിവസം നീണ്ടുനിന്ന ആക്രമണത്തിന് ശേഷം കസബിനെ പിടികൂടിയപ്പോള്‍ സകിയുര്‍ റഹ്മാന് ലഖ്വി തങ്ങളോട് ഒളി സങ്കേതങ്ങളിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിരുന്നതായി ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ചൊവ്വാഴ്ച ദല്‍ഹി പോലീസിന്റെ പ്രത്യേക ജയിലില്‍ ജുണ്ടാലിനെ മണിക്കൂറുകളോളം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) അധികൃതര്‍ ചോദ്യം ചെയ്തിരുന്നു.
ഗുജറാത്ത് കലാപത്തിന് ശേഷമാണ് ജുണ്ടാല്‍ പൂര്‍ണ ജിഹാദിയായി മാറിയതെന്നും, മനസാക്ഷിയില്ലാതെ 166 മുംബൈക്കാരെ കൊന്നൊടുക്കിയതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ജുണ്ടാല്‍ അഭിമാനിക്കുന്നതായും ഇനിയൊരു അവസരം ലഭിക്കുകയാണെങ്കില്‍ അയാള്‍ ഇത് വീണ്ടും ആവര്‍ത്തിക്കുമെന്നും കഴിഞ്ഞ ആറേഴ് വര്‍ഷത്തിനുള്ളിലാണ് ലക്ഷ്കറെ- തൊയ്ബയുടെ ഉയര്‍ന്ന സ്ഥാനത്തെത്തിയതും വളരെ വിശ്വസ്തനായതെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
ജുണ്ടാലിനെ ചോദ്യം ചെയ്യുന്നതുവഴി ലഷ്കര്‍ ഭീകരരുടെയും 26/11 ന് ശേഷം ഒളിവില്‍ പോയ ഭീകര തലവന്മാരുടെയും രഹസ്യസങ്കേതങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ദല്‍ഹിപോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാക്കിസ്ഥാനിലെ മുറിദക്ക്, മന്‍സേര, അസീസാബാദ്, മുസാഫറാബാദ്, പാഞ്ച് ടീ തുടങ്ങിയ പ്രദേശങ്ങളിലെ ലക്ഷ്കറിന്റെ പരിശീലന ക്യാമ്പുകളെ കുറിച്ചുള്ള വിവരം ജണ്ടാല് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലഷ്കറെ-തൊയ്ബയുടെ ഓപ്പറേഷനല്‍ കമാണ്ടര്‍ മുസാമിലിനെക്കുറിച്ചും, ലഷ്കര്‍ തലവന്‍ ഹഫീസ് സെയ്ദിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. സെയ്ദ് കറാച്ചിയില്‍ വരാറുണ്ടെന്നും അയാളെ പലവട്ടം കണ്ടിട്ടുണ്ടെന്നും ജുണ്ടാല്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്താമാക്കി. ഭീകരര്‍ക്ക് പണം ലഭിക്കുന്നത് എവിടെ നിന്നാണെന്നും ലഷ്കര്‍ നേതാക്കളും രാജ്യത്തെ ഇന്ത്യന്‍ മുജാഹിദീന്‍ തലവന്മാരും ഒളിച്ചുകഴിയുന്നത് എവിടെയാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
രാജ്യത്ത് അടുത്തിടെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ ഷാരൂഖ് എന്നറിയപ്പെടുന്ന അഹമ്മദ് സര്‍ദാര്‍ സിദ്ധിബാപ്പയുടെ നേതൃത്വത്തില്‍ നടത്തിയ അക്രമണത്തെക്കുറിച്ച് ജുണ്ടാലിന് വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ ഷാരൂഖിനെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ജുണ്ടാലിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: