ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നാറ്റോ സേനയുടെ വ്യോമാക്രമണത്തില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വടക്കന്‍ വസീരിസ്ഥാനിലെ ഷവാല്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരുന്ന വീട് ലക്ഷ്യമാക്കിയാണ് മിസെയില്‍ ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു ആക്രമണം.
അതേസമയം കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നാറ്റോ പതിവാക്കിയതിനാല്‍ വ്യോമാക്രമണം നിര്‍ത്തണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലും ആക്രമണങ്ങള്‍ യുഎസ് തുടരുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പലവിധത്തില്‍ വഷളായിരിക്കുന്ന ബന്ധം വീണ്ടും മോശമാക്കുന്നതാണ്. അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന നാറ്റോ സേനയ്ക്ക് സഞ്ചാരമാര്‍ഗം നല്‍കുന്നത് സംബന്ധിച്ച് പാക്കിസ്ഥാന് തീരുമാനമെടുക്കാത്തതും യുഎസിനെ ചൊടിപ്പിച്ചിരുന്നു.
കഴിഞ്ഞമാസം ഷിക്കാഗോയില്‍ നടന്ന നാറ്റോ ഉച്ചകോടി ഇക്കാര്യത്തില്‍ ധാരണയാകാതെ പിരിഞ്ഞശേഷം പാക്കിസ്ഥാനില്‍ യുഎസ് വന്‍തോതില്‍ പെയിലറ്റില്ലാ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ അതിര്‍ത്തിയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ പാക്കിസ്ഥാന്റെ 24 പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്ന സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത അടച്ചത്. വിഷയം പരിഹരിക്കാതെ നാറ്റോ സഖ്യസേനയ്ക്കായി പാത തുറക്കില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്.
ജൂണ്‍ നാലിന് നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ വടക്കന്‍ വസീരിസ്ഥാനില്‍ അല്‍ഖ്വയ്ദ തലവന്‍ അബുയാഹു-അല്‍ ലിബി ഉള്‍പ്പെടെ 15 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യോമാക്രമണത്തിനെതിരെ പാക്കിസ്ഥാന് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും തകര്‍ക്കുന്നതിനും കാരണമാകുമെന്നും പാക്കിസ്ഥാന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ താലിബാന് വിരുദ്ധ ഭീകരവാദ സംഘടനാ തലവനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അടുത്തിടെ പെഷവാറിലുണ്ടായ ചാവേറാക്രമണത്തില്‍ ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാര്‍ നഗരത്തിന് സമീപമുള്ള പ്രാന്തപ്രദേശത്താണ് മുഹമ്മദ് ഫഹീം ഖാന്റെയും കൂട്ടാളികളുടേയും മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. നാലുപേരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും അവരുടെ മൃതദേഹം കാറിനകത്താണ് കണ്ടെത്തിയതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ബദാബര്‍ പ്രദേശത്ത് പാക് താലിബാന് ഭീകരര്‍ക്കെതിരെ പോരാടുന്ന ലഷ്ക്കര്‍ ഭീകരവാദ സംഘടനയുടെ തലവനാണ് ഖാന്. താലിബാന്റെ ചാവേറാക്രമണം ഉള്‍പ്പെടെ നാല് ആക്രമണങ്ങളില്‍ നിന്നും ഖാന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ജൂണ്‍ 12 ന് പെഷവാറില്‍ ഖാനിന്റെ കാറിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.
എന്നാല്‍ ഖാനിന്റെയും അനുയായികളുടേയും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഖാനിനെയും അനുയായികളെയും മേറ്റ്വിടെയോ കൊലപ്പെടുത്തി മൃതദേഹം പെഷ്വാറില്‍ കൊണ്ട് ഇട്ടതാവുമെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടു.
കാറില്‍നിന്നും പോലീസ് മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നത് ടിവിയില്‍ സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ അദ്ദേഹത്തിന്റെ അനുയായികളും ബന്ധുക്കളും ഇതിന് പ്രതികാരം ചെയ്യുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.
പ്രദേശത്തെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഖാന് താലിബാന്റെ തുടര്‍ച്ചയായുള്ള ആക്രമണത്തെ ത്തുടര്‍ന്ന് മറ്റൊരു സംഘടന രൂപീകരിക്കുകയായിരുന്നു. ഇതിനുമുമ്പ് ഖാനിന്റെ ഗസ്റ്റ് ഹൗസിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ഖാനെ വധിച്ചതോടെ താലിബാന്വിരുദ്ധ ഭീകരരുടെ ജീവന് അപകടത്തിലായിരിക്കുകയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താലിബാന് ഭീകരര്‍ നൂറ് കണക്കിന് ഗോത്രവര്‍ഗക്കാരെ കൊന്നൊടുക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: