മൂവാറ്റുപുഴ: സ്വഭാവദൂഷ്യം ആരോപിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഗോപി കോട്ടമുറിക്കലിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയ എല്‍ സി, ബ്രാഞ്ച്, ഏരിയാ കമ്മറ്റി നേതാക്കള്‍ അടക്കമുള്ളവരെ ചേര്‍ത്ത് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഇന്നലെ രാവിലെ അമ്പലംകുന്നിലുള്ള കോട്ടമുറിക്കലിന്റെ കുടുംബവീട്ടിലായിരുന്നു യോഗം. ഏരിയാ തലം വരെയുള്ള സെക്രട്ടറിമാര്‍ അടക്കം നാല്പതോളം പേര് പങ്കെടുത്തതായാണ് അറിയുന്നത്.
മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും കോട്ടമുറിക്കലിന്റെ വിശ്വസ്ത അനുയായിയും സി ഐ ടി യു ഏരിയാ കമ്മറ്റി അംഗവുമായ നേതാവിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഇതില്‍ ഏഴ് എല്‍ സി സെക്രട്ടറിമാര്‍, രണ്ട് കൗണ്‍സിലര്‍മാര്‍, കോ-ഓപ്പറേറ്റീവ് പ്രസിഡന്റ്, എസ് എഫ് ഐ നേതാവ് എന്നിവര്‍ പങ്കെടുത്തു. ഇവരുടെ നേതൃത്വത്തില്‍ എത്തിയ അണികള്‍ കോട്ടമുറിക്കലിന് പിന്തുണ പ്രഖ്യാപിക്കുകയും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ഈ സാഹചര്യത്തില്‍ രാജി വയ്ക്കുന്നത് ഉചിതമല്ലെന്നും ഒരു വര്‍ഷക്കാലം തന്നെ വേട്ടയാടിയിട്ടും രാജിവച്ചില്ലെന്നും പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ട് പോരാടുകയാണ് വേണ്ടതെന്നും ഗ്രൂപ്പ് യോഗത്തില്‍ കോട്ടമുറിക്കല്‍ പറഞ്ഞതായാണ് അറിവ്.
ഇന്ന് നടക്കുന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറി ടെലിഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും, ഇത് പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെങ്കിലും പാര്‍ട്ടിയോടുള്ള വിധേയത്വം മാനിച്ച് താനിത് അംഗീകരിക്കുകയാണെന്നും മീറ്റിംഗില്‍ പങ്കെടുക്കുന്നില്ലെന്നും ഗോപി കോട്ടമുറിക്കല്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തില്‍ ക്രിമിനല്‍വത്കരണം നടക്കുന്നത് തടയുവാന്‍ യോജിച്ച് പ്രവര്‍ത്തിക്കുവാനും ശക്തമായി നീങ്ങുവാനും പിന്തുണ അറിയിച്ച് എത്തിയവരോട് നിര്‍ദ്ദേശിക്കുകയായിരുന്നു എന്നും അറിയുന്നു.
എന്നാല്‍ തന്റെ വീട്ടില്‍ അത്തരമൊരു യോഗം നടന്നിട്ടില്ലെന്നും, തന്നെ കാണുവാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുന്നുണ്ടെന്നും അതില്‍ ചിലര്‍ രാജി വയ്ക്കുമെന്ന് പറഞ്ഞപ്പോള്‍ താന്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തതെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.
എന്നാല്‍ ഗ്രൂപ്പ് യോഗം കൂടിയതാണെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന വിഭാഗീയ പ്രവര്‍ത്തനവുമായി പോകുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും വി എസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള മൂവാറ്റുപുഴ ഏരിയാ കമ്മറ്റിയുടെ നേതാക്കള്‍ പറയുന്നു. ഏതായാലും പുറത്താക്കലിലൂടെ തീരുമെന്ന് കരുതിയിരുന്ന ഗ്രൂപ്പ് പോരുകള്‍ ഇനിയും തുടരുമെന്നതിന്റെ സൂചനയാണ് കോട്ടമുറിക്കലിന്റെ വീട്ടില്‍ നടന്ന ഗ്രൂപ്പ് യോഗം തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: