ഒഞ്ചിയം സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് നെഞ്ചത്തടിച്ച് നിലവിളിച്ചു പറഞ്ഞ പാര്‍ട്ടിയുടെ ഉള്ളിന്റെയുള്ളില്‍ ക്രൗര്യം ആയിരം ഫണം വിടര്‍ത്തിയാടുകയാണെന്ന് വ്യക്തമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പാര്‍ട്ടി ഒന്നടങ്കം ആലോചിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് കമ്മ്യൂണിസ്റ്റുകാരനായിട്ടുപോലും ഒരു പച്ചമനുഷ്യനെ കൊത്തിയരിഞ്ഞ് കാലത്തിന്റെ മാറില്‍ ചോരച്ചാലുകള്‍ വെട്ടിയൊരുക്കിയത്. ഒരു തരത്തിലും വ്യാഖ്യാനിക്കാന്‍ പറ്റാത്തതരത്തിലുള്ള നീക്കങ്ങളും നിലപാടുകളും സ്വീകരിക്കുകവഴി മാനവികതയെന്നത് ആ പാര്‍ട്ടിയുടെ മുഖംമൂടി മാത്രമായിരുന്നുവെന്ന് പൊതു സമൂഹത്തിന് മനസ്സിലാക്കാനായി. ഏതെങ്കിലും മാനവിക മുഖമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ആ പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തികച്ചും യാദൃച്ഛികമായി വന്നുപെട്ടതാണെന്നേ വിലയിരുത്താനാവൂ. അത്രമാത്രം ക്രൗര്യത്തിന്റെ കൊടുംവിഷം അവര്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം പുറത്തുവന്ന ഒരു വീഡിയോദൃശ്യം കണ്ടവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്)യുടെ കിരാത സ്വഭാവത്തിന്റെ ശക്തി മനസ്സിലായിട്ടുണ്ടാവും. പാര്‍ട്ടിവിട്ട ഒരു മനുഷ്യന് ജനമനസ്സുകളില്‍ പച്ചപ്പായി പടര്‍ന്നുകയറുകയും മൊത്തം സമൂഹത്തിന്റെ സ്വത്തായി മാറുകയുമായിരുന്നല്ലോ. ഒരു കേഡര്‍പാര്‍ട്ടിക്ക് സഹിക്കാവുന്നതായിരുന്നില്ല അത്. പാര്ട്ടിച്ചിട്ടയുടെ കോട്ടകൊത്തളങ്ങളില്‍ അരങ്ങേറുന്ന നൃശംസതയുടെ രസതന്ത്രം അറിയുന്ന വ്യക്തി കേഡര്‍ സ്വഭാവം വെടിഞ്ഞ് മാനവികതയുടെ വെള്ളിവെളിച്ചത്തിലേക്കിറങ്ങിയാല് എന്താണു സംഭവിക്കുകയെന്ന് വ്യക്തം. തങ്ങള്‍ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന എല്ലാ സ്ഥാപനങ്ങളുടെയും ഇടിഞ്ഞുപൊളിയല് സംഭവിക്കുകയാണ്. അതിന് തടയിടാന്‍ ഏതറ്റം വരെ പോകാനും അവര്‍ തയ്യാറാണ്. പാര്‍ട്ടിയാണ് ശരിയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രമേ മനുഷ്യസമൂഹത്തിന് എത്രമാത്രം വിപല്‍ക്കരമാണ് ആ ശരിയെന്ന് മനസ്സിലാവുകയുള്ളൂ.
അത്തരമൊരു തിരിച്ചറിവിന്റെ തീരത്തുകൂടിയുള്ള യാത്രയായിരുന്നു ചന്ദ്രശേഖരന്റേത്. അപകടം മണത്ത പാര്‍ട്ടി ഓരോ കവലയിലും നിരീക്ഷണ സംഘത്തെയും അവര്‍ക്ക് ശക്തിപകരാന്‍ രണോത്സുകരായ അണികളെയും നിരത്തി. ജീവന്റെ തിരിനാളം കെടാന്‍ സമയമെടുത്തതിനാല്‍ ഇറക്കുമതി ഗുണ്ടകളെ പാര്‍ട്ടി ഗുണ്ടകള്‍ക്ക് പകരം നിയമിച്ചു. അതിന്റെ ആത്യന്തികഫലം എന്താവുമെന്ന് പാര്‍ട്ടിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ടി.പി.യെ കൊല്ലുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തന് പോലീസില്‍ സമ്മതിക്കുമ്പോഴും ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന് ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി.പി. ഗോപാലകൃഷ്ണന് പൊതുയോഗത്തില്‍ പ്രസംഗിച്ചത് ഇപ്പോള്‍ പുറത്തുവരുമ്പോഴും ഒഞ്ചിയം കൊലപാതകത്തിലെ എല്ലാ ദുരൂഹതകളും അലിഞ്ഞുതീരുകയാണ്. ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്ന പ്രസിദ്ധമായ വാക്യത്തിന്റെ പ്രസക്തിപോലും നഷ്ടമാവുകയാണ്.
ഒഞ്ചിയത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുമ്പോള്‍ സാന്ദര്‍ഭികമായി ചില കാര്യങ്ങള്‍ പറഞ്ഞത് അതിന്റെ വാച്യാര്‍ത്ഥത്തില്‍ എടുക്കരുതെന്നാണ് കണ്ണൂരിലെ പാര്‍ട്ടിയുടെ മാടമ്പി നേതാവ് വിശദീകരിക്കുന്നത്. അക്രമത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍ ഉമ്മകൊടുക്കാനാണോ പറയേണ്ടതെന്നാണ് അദ്ദേഹത്തിന്റെ മറുചോദ്യം. ഇത്രയും കൊടിയ നടപടികള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടും പൊതുസമൂഹം ഒരു ഞെട്ടിലില്‍ നിന്ന് ഇനിയും പുറത്തുവരാതായിട്ടും നേതാക്കള്‍ ഇമ്മാതിരി ധാര്‍ഷ്ട്യത്തോടെ തന്നെ മുന്നോട്ടു പോവുന്നുവെങ്കില്‍ ഈ പാര്‍ട്ടിയെക്കുറിച്ച് എന്താണ് ധരിക്കേണ്ടത്. അന്വേഷണം അത്രയൊന്നും സ്വാധീനിക്കപ്പെടാതെ മുന്നോട്ടു പോവുന്നതിന്റെ അസഹിഷ്ണുത പല തരത്തിലാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. റെയ്ഡിനെത്തുന്ന പോലീസുകാരെ കൈകാര്യം ചെയ്യുമെന്നും അത്തരം നടപടികള്‍ എന്നേക്കുമായി അവസാനിപ്പിക്കുമെന്നും ഭീഷണിമുഴക്കുന്നതില്‍ വരെ അത് ചെന്നെത്തുന്നു.
ഭരണത്തിലും പ്രതിപക്ഷത്തും മാറി മാറി വരുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി മൊത്തം ഗുണ്ടാസംസ്കാരം പ്രകടിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുമ്പോള്‍ സംസ്ഥാനത്ത് സ്വസ്ഥമായി ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുമോ? പാര്‍ട്ടി വേണമെങ്കില്‍ തങ്ങളുടെ പാര്‍ട്ടി മാത്രം എന്ന നിലപാടിലേക്ക് സമൂഹത്തെ ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന കാട്ടാള സംസ്കാരം ഈ പാര്‍ട്ടി കൈവിടില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്. കമ്മ്യൂണിസം കമ്മ്യൂണലിസത്തിലേക്കും കിരാതത്വത്തിലേക്കും വഴിമാറിയെത്തുമ്പോള് ആധുനിക താലിബാനിസത്തിന്റെ ഇരകളായി സമൂഹം നശിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകില്ലേ? കമ്മ്യൂണിസത്തിന് കാരുണ്യമുഖമുണ്ടെന്ന് പറയുന്ന നേതാക്കളുടെ മുമ്പിലൂടെയല്ലേ കാലുഷ്യത്തിന്റെ തിറയാട്ടം നീങ്ങുന്നത്? ഇതൊന്നും നേരാംവണ്ണം വിശകലനം ചെയ്യാനോ തെറ്റുകള്‍ ബോധ്യപ്പെടാനോ പാര്‍ട്ടി ശ്രമിക്കുന്നില്ല എന്നത് അങ്ങേയറ്റം ദു:ഖകരമല്ലേ?
ഒഞ്ചിയം ലോക്കല്‍ സെക്രട്ടറിയുടെ കൊലവിളി ആഹ്വാനത്തെ നിസ്സാരമായി കാണുന്ന അതേ പാര്‍ട്ടിനേതൃത്വം മലപ്പുറത്തെ കുനിയില്‍ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ലീഗ് എംഎല്‍എ പി.കെ. ബഷീറിനെ ഇരുത്തിപ്പൊറുപ്പിക്കുന്നില്ലല്ലോ. ബഷീറിന്റെ പ്രസംഗത്തിന്റെ ഫലമാണ് ഇരട്ടക്കൊലപാതകമെന്ന് പ്രചരിപ്പിച്ച് നിയമസഭയില്‍ പോലും അവര്‍ ചെട്ടിമിടുക്ക് കാണിക്കുകയുണ്ടായി. ‘എല്ലാ ഇറച്ചിയും തനിക്ക് പഥ്യം തന്റെ ഇറച്ചി ആര്‍ക്കും പറ്റില്ല’ എന്ന കഴുകന് സമീപനമല്ലേ ഇതില്‍ നിഴലിക്കുന്നത്? എന്തിന്റെ പേരിലായാലും പാര്‍ട്ടി പുറത്താക്കിയ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ യഥാര്‍ത്ഥചിത്രം സമൂഹത്തിന് നല്‍കുന്നുണ്ട്. പാര്‍ട്ടിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ സജീവമായുണ്ട് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പാര്‍ട്ടി പദവിയില്‍ ഇരുന്ന ഒരാള്‍ ഇക്കാര്യം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാവുമല്ലോ പറയുക. ഇതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് തങ്ങളുടെ പേശീബലത്തിന്റെ രാഷ്ട്രീയവുമായി മുന്നോട്ടു പോകാനാണ് ഭാവമെങ്കില്‍ പൊതുസമൂഹം അതിനെതിരെ മനസ്സാക്ഷി മതില്‍ക്കെട്ട് പണിയേണ്ടിവരും. തെറ്റു മനസ്സിലാക്കി, സമസ്താപരാധവും ഏറ്റുപറഞ്ഞ് ഒഞ്ചിയം പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സാഹചര്യം ഒത്തുവരും വരെ ആ മതില്‍ക്കെട്ട് ഉയര്‍ന്നുതന്നെ നില്‍ക്കണം. അല്ലെങ്കില്‍ ഭീകരമായ വ്യാളീപരാക്രമങ്ങള്ക്ക് സമൂഹം വിധേയമാകും, തീര്‍ച്ച.
വിഫലമായ പ്രാര്‍ത്ഥന
നൂറ് കോടി പ്രാര്‍ത്ഥനകളുടെ വിശുദ്ധിയിലേക്ക് ഉറങ്ങിയെഴുന്നേല്‍ക്കാന്‍ ഹരിയാണക്കാരിയായ നാലു വയസ്സുകാരി മഹിക്കായില്ല. മൂടാത്ത കുഴല്‍ക്കിണറില്‍ വീണ് ഈ ലോകത്തിന്റെ സമസ്ത സൗന്ദര്യങ്ങളില്‍ നിന്നും എന്നേക്കുമായി ഗുഡ്ബൈ പറയാനായിരുന്നു അവളുടെ വിധി. നാലാം പിറന്നാള്‍ ആഘോഷത്തിന്റെ തിമിര്‍പ്പില്‍ പരിസരത്തെ മൂടാത്ത കുഴല്‍ക്കിണര്‍ ശ്രദ്ധയില്‍പ്പെട്ടില്ല. അതിന്റെ അനന്തരഫലമാണ് വിടരും മുമ്പെ കൊഴിഞ്ഞുപോയ അവളുടെ വിധി. എല്ലാ ആധുനിക ഉപകരണങ്ങളും വിദഗ്ധരായ ഉദ്യോഗസ്ഥരും തൊഴിലാളികളും ഒന്നിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും ആ കുരുന്നിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. വല്ലാത്തൊരു ദുരന്തമാണത്. മനുഷ്യരുണ്ടാക്കുന്ന ദുരന്തം. ലക്കും ലഗാനുമില്ലാതെ കുഴല്‍ക്കിണറുകള്‍ കുഴിക്കലും ഒടുവില്‍ അതിന്റെ ഉപയോഗം നടന്നില്ലെങ്കില്‍ ഉപേക്ഷിക്കലും സര്‍വ്വസാധാരണമാണ്. ഇക്കാര്യത്തില്‍ മതിയായ സുരക്ഷാ ഏര്‍പ്പാടുകള്‍ ഉറപ്പുവരുത്താന്‍ അധികൃതര്‍ ശ്രമിക്കാറുമില്ല.
രണ്ടുവര്‍ഷം മുമ്പ് ബഹുമാനപ്പെട്ട സുപ്രീംകോടതി ഇക്കാര്യത്തില്‍ കര്‍ക്കശനിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രത്യേകിച്ചും ഹരിയാണ, യു.പി, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഗൗരവതരമായ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അതൊക്കെ ജലരേഖയായി. അപകടം വരുമ്പോള്‍ ഓടിക്കൂടി ജാഗ്രത കാണിക്കുന്ന ആ പ്രാകൃത മനോഭാവം മാറാത്തിടത്തോളം കാലം കണ്ണീര്‍പ്പുഴയില്‍ മുങ്ങിക്കിടക്കല്‍ തന്നെ വിധി. ഏതായാലും മഹിയുടെ ദുരന്തത്തിന്റെ വേദനയില്‍ സംവദിച്ചുകൊണ്ട് അധികൃതര്‍ യുക്തിസഹമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. മഹിമയെന്ന പൊന്നോമനയുടെ രക്ഷിതാക്കളുടെ വേദനയില്‍ ഞങ്ങളും പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: