കൊച്ചി: ടി.പി ചന്ദ്രശേഖരന്റേത് രാഷ്ര്ടീയ കൊലപാതകമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാര്‍ട്ടി വിട്ടതിലുള്ള വൈരാഗ്യമാണ് ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ കാരണം. 2009 മുതല്‍ ഇതിനായി ഗൂഢാലോചന നടത്തിയിരുന്നതായും സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.എച്ച് അശോകന്, കെ.കെ കൃഷ്ണന് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ കൊലപാതകത്തിന്റെ പൂര്‍ണ വിവരം വ്യക്തമാകൂവെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.
അന്വേഷണം സംബന്ധിച്ചു മാധ്യമങ്ങളോടു വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ചല്ല അന്വേഷണം നടത്തുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എല്ലാ കാര്യങ്ങളും പറയണമെന്നില്ല. കേസ് ഡയറി ഹാജരാക്കാന്‍ തയാറാണെന്നും അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.
ടി.പി വധക്കേസ് അന്വേഷണം സുതാര്യമായിട്ടാണ് നടക്കുന്നതെന്നും എ. ജി കോടതിയെ അറിയിച്ചു. 2009 മുതല്‍ ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് അശോകനും കൃഷ്ണനും എതിരായ ആരോപണം. എന്നാല്‍ ഇതു സംബന്ധിച്ചു തെളിവുകള്‍ ഇല്ലെന്നു പ്രതിഭാഗം അഭിഭാഷകന് എം.കെ. ദാമോദരന്‍ വാദിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇതിനെ അഡ്വക്കേറ്റ് ജനറല്‍ ഖണ്ഡിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് ജോഷി ചെറിയാനെ മാറ്റിയതു രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും നിഷേധിച്ചു. ജോഷി ചെറിയാന് ഇപ്പോഴും അന്വേഷണ സംഘത്തില്‍ ഉണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അതിനിടെ കൊലപാതക സംഘത്തിലുണ്ടായിരുന്ന എം.സി. അനൂപിനെ വടകര കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: