കൊച്ചി: മഹാത്മ ഗാന്ധിയുടെ ദര്‍ശനങ്ങള്‍ വരും തലമുറകളില്‍ കൂടി പകര്‍ന്ന് നല്‍കാനാവണമെന്ന് ഗാന്ധി പീസ് ബസ് യാത്ര ക്യാപ്റ്റന്‍ ഡോ. എന്‍.രാധാകൃഷ്ണന് പറഞ്ഞു. പുതിയ ആശയങ്ങള്‍ മാത്രം ഉള്കൊണ്ടുജീവിക്കുന്ന യുവജനതയില്‍ ഗാന്ധിയന്‍ ചിന്തകളും തത്വങ്ങളും സന്ദേശങ്ങളും പകര്‍ന്ന് നല്‍കുന്നതിലൂടെ മാത്രമേ അക്രമങ്ങള്‍ക്കും അക്രമ രഹിതസമൂഹത്തിനും മാറ്റമുണ്ടാകൂ.
അക്രമ രഹിത സമൂഹസൃഷ്ടിയെന്ന സന്ദേശവുമായി ഗാന്ധിജിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ നാടുകളിലൂടെ കടന്നു പോകുന്ന യുവജന പര്യടനം ആലുവ യു.സി.കോളേജില്‍ സന്ദര്‍ശനം നടത്തി. ഗാന്ധിജിയുടെ പാദമുദ്ര പതിഞ്ഞ ഈ കലാലയത്തില്‍ മഹാത്മാവ് നട്ട മാവില്‍ സംഘം പുഷ്പാര്‍ച്ചന നടത്തി.
ശേഷം വിദ്യാര്‍ഥികളുമായി ‘ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. 17ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഗാന്ധി പീസ് ബസിന്റെ പര്യടനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഇന്നലെ തൃശ്ശൂര്‍ ജില്ലയിലേക്ക് കടന്നു. ജൂലൈ രണ്ടിന് മംഗലാപുരത്താണ് പര്യടനത്തിന്റെ സമാപനം.
കേരള ഗാന്ധി സ്മാരക നിധിയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പര്യടനപരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്. അഞ്ച് ബസുകളിലായാണ് ഗാന്ധി സമാധാന സന്ദേശ വാഹകരുടെ പര്യടനം. തമിഴ്നാട്, കേരളം, കര്‍ണാടകം എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ ഗാന്ധിജിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ കേന്ദ്രങ്ങളില്‍ പര്യടനം എത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ പര്യടനത്തിന്റെ ഭാഗമായി ചര്‍ച്ചായോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ 23നാണ് ഗാന്ധി പീസ് ബസ് എത്തിയത്. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍, കൊച്ചി നഗരത്തില്‍ പാലാരിവട്ടം ജംഗ്ഷന്, ആലുവ അദ്വൈതാശ്രമം, ആലുവ ജനസേവ ശിശുഭവന്, ആലുവ യു.സി കോളേജ് എന്നിവിടങ്ങളിലാണ് യാത്രയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: