ന്യൂദല്‍ഹി: യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ പ്രണബ് മുഖര്‍ജി രാജിവെക്കുന്നതോടെ കേന്ദ്രത്തില്‍ ധനമന്ത്രിയുണ്ടാകില്ല. ധനമന്ത്രാലയത്തിന്റെ ചുമതലകൂടി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഏറ്റെടുത്തേക്കും.
ഇന്ത്യന്‍ സമ്പദ്ഘടന അപകടകരമായ സാഹചര്യത്തില്‍ എത്തിനില്‍ക്കുന്നതിനാല്‍ മറ്റൊരാളെ ധനമന്ത്രിയാക്കുന്നതില് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് താല്‍പ്പര്യമില്ലത്രെ. മികച്ച സാമ്പത്തിക വിദഗ്ധന്‍ കൂടിയായി അറിയപ്പെടുന്ന മന്‍മോഹന്‍സിംഗ് തന്നെ ധനവകുപ്പും കൈകാര്യം ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെയും താല്‍പ്പര്യം.
ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും സ്പെക്ട്രം അഴിമതിക്കേസിലും മറ്റും പ്രതിപക്ഷത്തിന്റെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്ന് കരുതുന്നു. ഇതിന് പുറമെ ലോക്സഭയിലേക്കുള്ള അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പും വിവാദത്തിലാണ്.
സ്പെക്ട്രം കുംഭകോണം, വൊഡാഫോണ്‍ നികുതിപ്രശ്നം തുടങ്ങിയവ വന്‍ വിവാദമായതോടെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന കാര്യത്തില്‍ വിദേശനിക്ഷേപകര്‍ ആശങ്കയിലാണ്. ധനമന്ത്രാലയത്തിന്റെ നിയന്ത്രണം മന്മോഹന്റെ കൈകളില്‍ എത്തുന്നതോടെ ഇന്ത്യയെ ഒരു സുരക്ഷിത നിക്ഷേപക രാജ്യമാക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. സാമ്പത്തിക കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള പാണ്ഡിത്യവും ഗുണം ചെയ്യുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
90കളുടെ തുടക്കത്തില്‍ മന്‍മോഹന്‍സിംഗ് ധനമന്ത്രിയായിരിക്കെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വരുത്തിയ ഉദാരവല്‍ക്കരണം സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
ഉയര്‍ന്ന നാണയപ്പെരുപ്പം, മോശമായ വ്യവസായിക ഉല്‍പ്പാദനം, ശോചനീയമായ കാര്‍ഷിക വളര്‍ച്ച എന്നിവക്കെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പടയൊരുക്കല് നടത്തുന്നതിനിടെയാണ് മുഖര്‍ജി ധനവകുപ്പിന്റെ ചുമതല ഒഴിയുന്നത്. ഇതിന് പുറമെയാണ് സാമ്പത്തിക മാന്ദ്യവും.
മുഖര്‍ജി രാജിവെക്കുന്നതോടെ, ലോക്സഭയില്‍ പുതിയ നേതാവിനെയും കോണ്‍ഗ്രസിന് കണ്ടെത്തേണ്ടിവരും.
ഇതിനിടെ, ധനമന്ത്രിയെന്ന നിലയിലുള്ള തന്റെ അവസാനത്തെ സന്ദേശം ഇന്ന് നല്‍കുമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം നോര്‍ത്ത് ബ്ലോക്ക് ഓഫീസിന് മുന്നില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
പാര്‍ട്ടിയുടെ ഉന്നത ഘടകമായ കോണ്‍ഗ്രസ് പ്രവര്ത്തകസമിതിയുമായി 32 വര്‍ഷം നീണ്ട ബന്ധം മുഖര്‍ജി അനുസ്മരിച്ചു. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രത്യേക യോഗം ചേര്‍ന്ന് മുഖര്‍ജിക്ക് യാത്രയയപ്പ് നല്കി. മുതിര്‍ന്ന നേതാവിന്റെ അഭാവം ഏറെ അനുഭവപ്പെടുമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുഖര്‍ജിക്ക് യാത്രയയപ്പ് നല്കി. രാഷ്ട്രപതി തെരഞ്ഞെടുപിനുള്ള നാമനിര്‍ദ്ദേശപത്രിക ഈ മാസം 28ന് അദ്ദേഹം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: