ന്യൂദല്‍ഹി: വിദേശ വായ്പാ പരിധി ഉയര്‍ത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുതിയ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കടപത്രങ്ങളിലെ വിദേശ നിക്ഷേപ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും രൂപയുടെ മൂല്യം കനത്ത ഇടിവ് നേരിടുന്ന പശ്ചാത്തലത്തിലുമാണ് സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചത്.
രൂപയുടെ മൂല്യം ഉയര്‍ത്താന്‍ നടപടികള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. വിദേശ വായ്പ പരിധി 4000 കോടി ഡോളറായാണ് ഉയര്‍ത്തിയത്. നേരത്തേ ഇതു 3000 കോടി ഡോളറായിരുന്നു. ഇതുപ്രകാരം ഇന്ത്യന്‍ കമ്പനികള്‍ക്കു വിദേശത്തു നിന്നു കൂടുതല്‍ കടമെടുക്കാനാകും. സര്‍ക്കാര്‍ കടപത്രങ്ങളിലെ വിദേശ നിക്ഷേപ പരിധി 1500 കോടി ഡോളറില്‍ നിന്ന് 2000 കോടി ഡോളറാക്കി ഉയര്‍ത്തി.
അടിസ്ഥാന സൗകര്യ, നിര്‍മാണ മേഖലകളിലെ വിദേശ വായ്പ 1000 കോടി ഡോളര്‍ വരെയായി ഉയര്‍ത്തി. ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കു സ്വകാര്യ സ്ഥാപനങ്ങളുടെ കടപത്രങ്ങളില്‍ 2000 കോടി ഡോളര്‍ വരെ നിക്ഷേപിക്കാമായിരുന്നെങ്കിലും സര്‍ക്കാര്‍ കടപത്രങ്ങളില്‍ 1500 കോടി ഡോളര്‍ നിക്ഷേപിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ.
പ്രഖ്യാപനം ഓഹരി വിപണിയില്‍ നിരാശ പടര്‍ത്തി. പ്രഖ്യാപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇന്നു രാവിലെ പ്രതീക്ഷയോടെ തുടങ്ങിയ ഓഹരി വിപണികളില്‍ പിന്നീടു മുന്‍തൂക്കം നഷ്ടമായി. ഡോളര്‍ നിരക്കില്‍ മാറ്റം വരാത്തതാണു കാരണം. സൂചികകള്‍ താഴേക്കു പോയി. സെന്‍സെക്സ് 70 പോയിന്റ് ഇടിഞ്ഞു 16,901ലും നിഫ്റ്റി 25 പോയിന്റ് ഇടിഞ്ഞ് 5,122ലുമാണു വ്യാപാരം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: