കൊച്ചി: കാലാവധി കഴിഞ്ഞ മുഴുവന്‍ ഗ്യാസ് സിലിണ്ടറുകളും ഉടന്‍ പിന്‍വലിച്ച് പകരം കാലാവധിയുള്ള സിലിണ്ടര്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്കി. അതോടൊപ്പം ജില്ലയിലെ ഗ്യാസ് വിതരണ ലോറികളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനയും നടത്തും.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം പഴക്കമുള്ള മുഴുവന്‍ ഓറിയണ്‍ റബ്ബര്‍ വാഷറുകളും മാറ്റി നല്‍കണം. എല്ലാ ഗുണഭോക്താക്കള്‍ക്കും ഗ്യാസ് സിലിണ്ടര്‍ പരിശോധനയുടെ പ്രത്യേക പരിശോധനാ കാര്‍ഡോ നിലവിലുള്ള കാര്‍ഡില്‍ രേഖപ്പെടുത്തുന്ന സംവിധാനമോ തുടങ്ങാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊട്ടിത്തെറി സംഭവത്തില്‍ പോലീസിന്റെ അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. സുരക്ഷ ഉറപ്പാക്കാതെ വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ നിയമമനുസരിച്ച് 10 വര്‍ഷം കഴിഞ്ഞ സിലിണ്ടറുകള്‍ മുഴുവന്‍ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കി സുരക്ഷയുറപ്പാക്കി മാത്രമേ കാലാവധി അഞ്ചു വര്‍ഷത്തേക്ക് നീട്ടി നല്‍കാറുള്ളൂവെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പ്രതിനിധികള്‍ പറഞ്ഞു.
സിലിണ്ടറുകളുടെ വാല്‍വ്, ബോഡി, ഓറിയണ്‍ റബ്ബര്‍ വാഷര്‍ എന്നിവയുടെ പരിശോധനയ്ക്ക് പുറമെ ഗ്യാസ് നിറയ്ക്കുന്ന സമയത്തും വിതരണത്തിന് നല്കുന്ന സമയത്തും പരിശോധിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട്. അപകടം നടന്ന കുടുംബത്തിന് നാഷണല്‍ ഇന്‍ഷ്വറന്‍ കമ്പനി വഴി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്നും കമ്പനി അധികൃതര്‍ കളക്ടര്‍ക്ക് ഉറപ്പ് നല്കി.
ഗ്യാസ് വിതരണം ചെയ്യുന്നവര്‍ക്ക് കമ്പനിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്കാന് യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബിപിസിഎല്‍ എല്‍പിജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അടുത്ത മാസം സുരക്ഷാ മാസമായി ആചരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളുടെ യോഗം ഉടന്‍ വിളിക്കുമെന്നും കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ എഡിഎം ആയ ആര്.ഡി.ഒ. കെ.എന്‍. രാജി, എച്ച്പിസിഎല്‍. പ്ലാന്റ് മാനേജര്‍ ടി.യു. സുനില്‍കുമാര്‍, ഐഒസി സീനിയര്‍ മാനേജര്‍ ആര്. ഗിരീഷ്കുമാര്‍, ബിപിസിഎല്‍ സെയില്‍സ് വിഭാഗം പ്രതിനിധി സോനു എസ്. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: