തിരുവനന്തപുരം: സംഘടനാ പുനഃസംഘടനയെ ചൊല്ലിയുള്ള കോണ്‍ഗ്രസ്സിനകത്തെ തര്‍ക്കം വീണ്ടും മുറുകുന്നു. എംഎല്‍എമാരും എംപിമാരും സംഘടനാ ചുമതലവഹിക്കുന്നതിനെതിരെയാണ് ഒരു വിഭാഗം ശബ്ദമുയര്‍ത്തുന്നതെങ്കില്‍ സംഘടനാ ചുമതല കിട്ടിയേപറ്റൂ എന്ന വാശിയിലാണ് മറ്റു ചിലര്‍. ഒരാള്‍ക്ക് ഒരു ചുമതല എന്ന സമീപനം വച്ചാല്‍ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സംഘടനാ ചുമതലവഹിക്കാനാവില്ല. എന്നാല്‍ രമേശ് ചെന്നിത്തലയെ ഈ പരിഗണനയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ പുനസംഘടനാ ചര്‍ച്ചകള്‍ സജീവമായത്. ഗ്രൂപ്പടിസ്ഥാനത്തില്‍ കാലങ്ങളായി വീതംവെയ്പ്പാണ് പാര്‍ട്ടിയില്‍ നടന്നുവരുന്നത്. ഇത്തവണയെങ്കിലും ഈ സ്ഥിതിക്ക് മാറ്റം വരണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കെപിസിസി പുനഃസംഘടന ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരന് രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസിന്റെ പുനഃസംഘടനാ വിഷയം വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്. ഗ്രൂപ്പ് താല്പര്യമല്ല, മെറിറ്റാണ് പുനഃസംഘടനക്ക് മാനദണ്ഡമാക്കേണ്ടതെന്നും സുധീരന് ആവശ്യപ്പെടുന്നു. പാര്‍ട്ടിയില്‍ ഇനിയും ഗ്രൂപ്പ് പരിഗണനയുണ്ടായാല്‍ ഇടപെടും. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം വേണ്ടത്ര ശക്തമല്ല. കഴിവുള്ളവര്‍ നേതൃനിരയിലേക്ക് വരണം. അങ്ങിനെയുള്ളവരെ നേതൃനിരയിലേയ്ക്ക് കൊണ്ടുവരാന്‍ മനഃപ്പൂര്‍വമായ ശ്രമം തന്നെ വേണ്ടിവരുമെന്നും സുധീരന് പറഞ്ഞു.
കെപിസിസി പുനഃസംഘടന പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തരത്തിലാവണമെന്നും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ വീതംവയ്ക്കുന്നത് നിറുത്തലാക്കണമെന്നും കഴിഞ്ഞദിവസം കേന്ദ്രമന്ത്രി വയലാര്‍ രവിയും വ്യക്തമാക്കിയിരുന്നു. വയലാര്‍ രവി ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പില്ലെന്നും അദ്ദേഹം പറയുന്നു. ഇതിന് പിന്നാലെയാണ് വി.എം. സുധീരന് പ്രതികരണവുമായി രംഗത്തെത്തിയത്. അതേസമയം പുനഃസംഘടന വൈകിപ്പിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് എന്‍.പി. ചന്ദ്രശേഖരന് ആരോപിച്ചു. എത്രയും വേഗം കോണ്‍ഗ്രസ് പുനഃസംഘടന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ സുധീരന്റെ ആവശ്യങ്ങള്‍ പാര്‍ട്ടി പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഈ മാസം ആദ്യം കെപിസിസി പുനഃസംഘടന ഉടന്‍ നടത്തുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. രമേശ് ചെന്നിത്തല മന്ത്രിയായാല്‍ കെപിസിസി പ്രസിഡന്റാകണമെന്ന ആഗ്രഹം സുധീരനുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരന്നു. എന്നാല്‍ മന്ത്രിസ്ഥാനത്തെക്കുറിച്ച് തത്കാലം ചര്‍ച്ചയില്ലെന്നാണ് കഴിഞ്ഞദിവസം രമേശ് ചെന്നിത്തല പറഞ്ഞത്. മന്ത്രിയെക്കാള്‍ വലിയ സ്ഥാനമാണത്രെ കെപിസിസി പ്രസിഡന്റ് പദവി. ചെന്നിത്തല പ്രസിഡന്റ് പദവി കൈവിടില്ലെന്നുറപ്പായതോടെയാണ് പുനഃസംഘടനാ ചര്‍ച്ച സജീവമായിരിക്കുന്നത്. പാര്‍ട്ടിയില്‍ ഒരു കാര്യവും നടക്കുന്നില്ലെന്ന പരാതി പരക്കെയുണ്ട്. നോമ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ഭരണസമിതികളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കാന്‍പോലും ഒരുവര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ലെന്ന പരിഭവം വ്യാപകമാണ്. ഏതായാലും വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ്സിലെ പോരിന് ഉശിര് വയ്ക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: