മോസ്കോ: ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് വീണ്ടും ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്നു. ജൂലൈയില്‍ റഷ്യയുടെ സോയൂസ് 31 പേടകത്തിലാണ് സുനിത രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു തിരിക്കുന്നത്.
2006ല്‍ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍ ആറ് മാസം താമസിച്ച് റെക്കോര്‍ഡിട്ട സുനിതയുടെ രണ്ടാമത്തെ ബഹിരാകാശ യാത്രയാണിത്. അടുത്ത മാസം 14ന് കസാഖിസ്ഥാനിലെ ബെയ്ക്കനുര് കോസ്മോ ഡ്രോമില്‍ നിന്നാണ് സുനിത പറന്നുയരുക. റഷ്യന്‍ ഫെഡറല്‍ സ്പേസ് ഏജന്‍സിയില്‍ നിന്നുള്ള യൂറി മലന്ഷെങ്കോ, ജപ്പാന് എയറോസ്പേസ് കേന്ദ്രത്തിലെ അകിഹിക്കോ ഹോഷിഡേ എന്നിവരും സഹയാത്രികരായി ഉണ്ട്.
സുനിത വില്യംസിനും സഹയാത്രികര്‍ക്കും ബഹിരാകാശത്ത് തിരക്കുള്ള ദിവസങ്ങളായിരിക്കുമെന്ന് നാസ അറിയിച്ചു. രണ്ട് തവണ വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയുള്ള സഞ്ചാരം, ജപ്പാന്, യു.എസ്, റഷ്യ എന്നിവരുടെ ബഹിരാകാശ വാഹനങ്ങള്‍ ഇറക്കുക എന്നിങ്ങനെ നിരവധി ദൗത്യങ്ങളാണ് യാത്രികര്‍ക്കുള്ളത്. ലണ്ടനില്‍ ഈ വര്‍ഷം നടക്കുന്ന ഒളിമ്പിക്സിനെ ബഹിരാകാശ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിയും യാത്രയിലുണ്ട്.
നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞയായ സുനിത ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് കഴിഞ്ഞ (195 ദിവസം)വനിത എന്ന റെക്കോര്‍ഡിന് ഉടമയാണ്. യു.എസിലെ ഒഹായോയിലേക്കു കുടിയേറിയ ഗുജറാത്തി മാതാപിതാക്കളുടെ മകളായ സുനിതയെ 1998ല്‍ ആണ് നാസ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: