കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ വധക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചയില്‍ പങ്കുള്ള സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന് വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു.
രണ്ടുപേര്‍ക്കൊപ്പം ഓട്ടോയില്‍ കോടതിയില്‍ വന്നിറങ്ങിയ കുഞ്ഞനന്തന് കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു. കോടതിയില്‍ കീഴടങ്ങിയ കുഞ്ഞനന്തനെ പത്തു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കുഞ്ഞനന്തനെ എല്ലാ ദിവസവും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്നും കോടതി ഉത്തരവിട്ടു.
വടകര കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കുഞ്ഞനന്തന് കോടതിയില്‍ കീഴടങ്ങിയിരിക്കുന്നത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഒരുമാസം പൂര്‍ത്തിയായ ദിവസമാണ് കുഞ്ഞനന്തന് വടകര കോടതിയില്‍ കീഴടങ്ങിയിരിക്കുന്നത്.
ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് കുഞ്ഞനന്തനാണെന്ന് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി കൊടി സുനി അന്വേഷണ സംഘത്തിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ചന്ദ്രശേഖരന് പാര്‍ട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണെന്നും അതിനാല്‍ വധിക്കണമെന്നുമായിരുന്നു കുഞ്ഞനന്തന്റെ നിര്‍ദ്ദേശം. കുഞ്ഞനന്തന് പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ നിന്നും ഇതിനായി നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തങ്ങള്‍ ചന്ദ്രശേഖരനെ വധിച്ചതെന്നും കൊടി സുനി പോലീസിന് മൊഴി നല്‍കിയിരുന്നു.
ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങിയതിന് പിന്നാലെയാണ് കുഞ്ഞനനതനും കീഴടങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: