കൊച്ചി: ഭാവി തലമുറക്ക് ചിട്ടയായ ചിന്താശക്തി സജ്ജമാക്കുന്നതിന് ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് എഡ്യുടെയ്ന്‍മെന്റ് തയ്യാറാക്കിയിരിക്കുന്ന ‘തോട്സ് ലാബ്’ എന്ന ന്യൂതന പ്രോഗ്രാമിന് ഇന്ത്യയില്‍ ആദ്യമായി കൊച്ചിയില്‍ തുടക്കം കുറിക്കുന്നു.
രാജ്യത്തെ ആദ്യ തോട്സ് ലാബ് അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക്ക് സ്കൂളിലും, തൊടുപുഴ ദി വില്ലേജ് ഇന്റര്‍ണാഷണല്‍ സ്കൂളിലുമായി ആരംഭിക്കും. അങ്കമാലി വിശ്വജ്യോതി സ്കൂളിലെ തോട്സ് ലാബിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും. എം എല്‍ എ മാരായ ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, തിരകഥാകൃത്ത് രഞ്ജി പണിക്കര്‍. എം ജി യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം ഡോ. എം. സി. ദിലിപ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. നാലു വയസുമുതല്‍ തന്നെ പ്രായോഗിക പഠനത്തിലൂടെയും ഘടനാപരമായ അനുകരണങ്ങളിലൂടെയും ചിന്തകള്‍ വികസിപ്പിക്കുന്നതിലായിരിക്കും തോട്സ് ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘ഇന്ത്യയുടെ നാളത്തെ കാവല്ഭടന്മാര്’ എന്ന ചിന്ത ഈ പദ്ധതിയിലൂടെ പ്രോല്‍സാഹിപ്പിക്കപ്പെടും. പ്രശ്നങ്ങള്‍ക്ക് പരിഹാരം, ഉചിതമായ തീരുമാനം എന്നിവയ്ക്ക് ഫലം കണ്ടെത്തുന്ന രീതിയിലായിരിക്കും പ്രായോഗിക പഠനം ക്രമീകരിച്ചിരിക്കുന്നത്. “100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനം തന്നെ ഇതിന്റെ അവതരണത്തിനായി തിരഞ്ഞെടുത്തത് ഉചിതമായെന്നും വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂള്‍, ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവരുമായി സഹകരിച്ച് ഈ സംരംഭം തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്നും പദ്ധതിയുടെ സഹ പ്രാരംഭകനും സിഇഒയുമായ അശുതോഷ് ഖുറാന കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
2014ലോടെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സാന്നിദ്ധ്യവും സ്വന്തം ടൂളുകളും വികസിപ്പിക്കുവാനുമാണ് മൈന്‍ഡ് എഡ്യൂടെയ്ന്മെന്റ് ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിലേക്ക് കൂടി എത്തുന്നതിനായി വിവിധ ദേശീയ-അന്താരാഷ്ട്ര ഫണ്ടിങ് പദ്ധതികളില്‍ പങ്കാളിയാകുന്നതിനും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 രാജ്യങ്ങളില്‍ കമ്പനിയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനും ഓരോ വര്‍ഷവും ഒരു കോടി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ രംഗത്ത് 2010ല്‍ ‘പവര്‍ ഓഫ് ഐഡിയാസ്’ ബഹുമതി ലഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ രാജ്യത്തെ 30ലധികം സ്കൂളുകള്‍ ഈ പ്രോഗ്രാം നടപ്പിലാക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. കേരളം കൂടാതെ തമിഴ്നാട്, ഉത്തരഖണ്ട് എന്നീ സംസ്ഥാനങ്ങളിലും ഈ വര്‍ഷം പദ്ധതി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: