കൊച്ചി: അക്രമ രഹിത സമൂഹസൃഷ്ടിയെന്ന സന്ദേശവുമായി ഗാന്ധിജിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ നാടുകളിലൂടെ കടന്നു പോകുന്ന യുവജന പര്യടനം ഇന്ന് ജില്ലയിലെത്തും. 17ന് കന്യാകുമാരിയില്‍ നിന്നാരംഭിക്കുന്ന ഗാന്ധി പീസ് ബസിന്റെ പര്യടനമാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങുന്നത്. ജൂലൈയില്‍ മംഗലാപുരത്താണ് പര്യടനത്തിന്റെ സമാപനം.
കേരള ഗാന്ധി സ്മാരക നിധിയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പര്യടനപരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്. അഞ്ച് ബസുകളിലായാണ് ഗാന്ധി സമാധാന സന്ദേശ വാഹകരുടെ പര്യടനം. തമിഴ്നാട്, കേരളം, കര്‍ണാടകം എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ ഗാന്ധിജിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ കേന്ദ്രങ്ങളില്‍ പര്യടനം എത്തും. വിവിധ സ്ഥലങ്ങളില്‍ പര്യടനത്തിന്റെ ഭാഗമായി ചര്‍ച്ചായോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ 23ന് എത്തുന്ന പീസ് ബസിന്റെ ആദ്യ സ്വീകരണം മുളന്തുരുത്തിയിലാണ്. ഉച്ചയ്ക്ക് ഒന്നിന് പെരുമ്പള്ളി മാഹേര്‍ സ്നേഹഭവനില്‍ ജില്ലാതലത്തില്‍ ആദ്യസ്വീകരണം നല്‍കും. ഭവന് അങ്കണത്തില്‍ ഒരുക്കുന്ന പ്രദര്‍ശനം വീക്ഷിക്കാന്‍ വിവിധ സ്കൂളുകളില്‍ നിന്നായി വിദ്യാര്‍ഥികള്‍ എത്തും. സ്വീകരണത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീസ് പുത്തന്‍വീട്, മാഹേര്‍ സ്ഥാപക ഡയറക്ടര്‍ സിസ്റ്റര്‍ ലൂസി കുര്യന്, ഇ.ആര്. വിജയന് തുടങ്ങിയവര്‍ പങ്കെടുക്കും. ഇവിടെ ഉച്ചഭക്ഷണത്തിന് ശേഷം ‘അക്രമത്തിനെതിരെ യുവശക്തി’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്.
23-ന് വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ എത്തുന്ന സംഘത്തിന് നഗരസഭ അധ്യക്ഷന്‍ ആര്.വേണുഗോപാലിന്റെ നേതൃത്വത്തില്‍ വന്‍വരവേല്‍പ്പ് നല്‍കും. സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കും. പ്രകൃതി ജീവനത്തെക്കുറിച്ചുള്ള ചര്‍ച്ചയും ഗാന്ധി ചിത്രപ്രദര്ശനവുമാണ് പര്യടനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ചിട്ടുള്ളത്.
പാലാരിവട്ടം ജംഗ്ഷനിലാണ് കൊച്ചി നഗരത്തിലെ സ്വീകരണകേന്ദ്രം. വൈകിട്ട് അഞ്ചിന് കൗണ്‍സിലര്‍മാരും പൗരപ്രമുഖരും ചേര്‍ന്നാണ് ഗാന്ധി പീസ് ബസിനെ വരവേല്‍ക്കുക. ആലുവയാണ് അടുത്ത സ്വീകരണ കേന്ദ്രം. വൈകിട്ട് 7.30ന് അദ്വൈതാശ്രമത്തിലെത്തുന്ന പര്യടനത്തിലെ സംഘാംഗങ്ങള്‍ ആചാര്യന്മാരുമായി അഭിമുഖം നടത്തും. സംഘര്‍ഷ നിവാരണ പ്രക്രിയയാണ് അഭിമുഖത്തിന്റെ വിഷയം.ഇന്നു രാത്രിയും 24നും ആലുവ ജനസേവ ശിശുഭവനില്‍ സംഘം വിശ്രമിക്കും.
ജൂണ്‍ 25ന് രാവിലെ എട്ടിന് ആലുവ യു.സി കോളേജിലെത്തുന്ന സംഘത്തെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരിക്കും. ഗാന്ധിജിയുടെ പാദമുദ്ര പതിഞ്ഞ ഈ കലാലയത്തില്‍ മഹാത്മാവ് നട്ട മാവുണ്ട്. അദ്ദേഹത്തിന്റെ കയ്യൊപ്പ് കോളേജിലെ സന്ദര്ശകപുസ്തകത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്. അക്രമത്തിനെതിരെ സമൂഹപ്രതിജ്ഞയാണ് കോളേജിലെ പരിപാടി. അങ്കമാലിയാണ് ജില്ലയിലെ അവസാന സ്വീകരണകേന്ദ്രം. പര്യടനത്തിന് ജില്ലാതല യാത്രയയപ്പ് നല്‍കുന്നതും ഇവിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: