കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എന്‍.എസ്.എസിന്റെ രൂക്ഷ വിമര്‍ശനം. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ ക്രൂരമായ അനാസ്ഥ തുടരുകയാണെന്ന് എന്‍.എസ്.എസ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ സമുദായങ്ങളെ സര്‍ക്കാര്‍ വിഡ്ഡികളാക്കുകയാണെന്നും എന്‍.എസ്.എസിന്റെ പ്രമേയം കുറ്റപ്പെടുത്തി.
എന്‍.എസ്.എസിന്റെ 2012-13 വര്‍ഷത്തെ ബജറ്റ് അവതരത്തിന് മുന്നോടിയായ അവതരിപ്പിച്ച പ്രമേയത്തിലാണ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടി സംവരണവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെ കാലമേറെയായി. ഇത് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുകയാണ്. ഭരണഘടന അനുവദിക്കില്ലെന്ന മുടന്തന്‍ ന്യായമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ അധ്യാപക ബാങ്ക് രൂപീകരണം എന്‍എസ്എസ് അംഗീകരിക്കില്ലെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് സുകുമാരന്‍ നായര്‍ പറഞ്ഞു. നിയമ വിരുദ്ധമായി നിയമനം ലഭിച്ചിട്ടുള്ള ആളുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് അധ്യാപക ബാങ്ക്. ഇത് ഉടന്‍ റദ്ദാക്കണം. നിയമ വിരുദ്ധ നിയമങ്ങള്‍ എന്‍.എസ്.എസ് മാനേജുമെന്റ് നടത്തിയിട്ടില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
ഭൂരിപക്ഷ സമുദായങ്ങളെ വിഡ്ഡികളാക്കിക്കൊണ്ട് ന്യൂനപക്ഷ സമുദായത്തിന് സര്‍ക്കാര്‍ കീഴടങ്ങി. സാമുദായിക അസന്തുലിതാവസ്ഥ പരിഹരിക്കാതെ ലീഗിന് അഞ്ചാം മന്തിയെ നല്‍കിയത്. മന്ത്രിമാരുടെ വകുപ്പ് മാറ്റം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവായിരുന്നു. നെയ്യാറ്റിന്‍കരയില്‍ മതേതര ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സമദൂര നയമാണ് എന്‍.എസ്.എസ് സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പിള്ള-ഗണേഷ് കുമാര്‍ തര്‍ക്കത്തില്‍ എന്‍.എസ്.എസ് ബാലകൃഷ്ണപിള്ളയ്ക്കൊപ്പം നില്‍ക്കുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ബാലകൃഷ്ണപിള്ളയെ ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടി ഗണേഷ്കുമാറിനെ ഉപയോഗിക്കുകയാണ്. യു.ഡി.എഫ് താക്കീത് ചെയ്തിരുന്നുവെങ്കില്‍ ഗണേഷ് അടങ്ങിയേനെ. ഒരു മകനും അച്ഛനെതിരെ കാട്ടാത്ത സമീപനമാണ് ഗണേഷ് പിള്ളയ്ക്കെതിരെ സ്വീകരിച്ചിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനം ആരംഭിച്ചത്. ജനറല്‍ സെക്രട്ടറിയായശേഷം പ്രഥമ ബജറ്റാണ് സുകുമാരന്‍ നായര്‍ അവതരിപ്പിച്ചത്. 95.50 കോടി രൂപ വരവും അത്രയുംതന്നെ തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ സാമൂഹ്യ, ക്ഷേമ, വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കുന്നു.
6.14 കോടി രൂപ ക്യാപ്പിറ്റല്‍ ഇനങ്ങളിലും 89.35 കോടി രൂപ റവന്യൂ ഇനങ്ങളിലും ബജറ്റില്‍ വരവ് പ്രതീക്ഷിക്കുന്നു. കൊട്ടിയത്ത് ലോ കോളജ്, തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് അക്കാദമി എന്നിവ ആരംഭിക്കും. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ മേഖലകളില്‍ സ്വാശ്രയ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ബജറ്റില്‍ നിര്‍ദേശമുണ്ട്.
അയ്യായിരം കരയോഗങ്ങളിലും ഹ്യൂമന്‍ റിസോഴ്സ് സെല്ലുകള്‍ രൂപീകരിക്കും. മദ്യാസക്തി, വിവാഹധൂര്‍ത്ത് എന്നിവയ്ക്കെതിരെ മുഴുവന്‍ കരയോഗങ്ങളിലും ബോധവത്കരണം നടത്തും. സ്വയം സഹായപദ്ധതികളുടെ സാമ്പത്തിക ക്രയവിക്രയം 700 കോടി രൂപയാക്കുമെന്നും ബജറ്റില്‍ പറയുന്നു.
ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സുകുമാരന്‍ നായര്‍ ഉന്നയിച്ചത്. പരാജയത്തിന്റെ പടുകുഴിയിലേക്കാണ് യു.ഡി.എഫ് സര്‍ക്കാര്‍ പോകുന്നത്. അഞ്ചാം മന്ത്രി യു.ഡി.എഫിന്റെ നാശത്തിനാണ്. നെയ്യാറ്റിന്‍കരയിലെ വിജയം സര്‍ക്കാരിന്റെ ഭരണത്തിനുള്ള അംഗീകാമല്ല. സാമുദായിക ധ്രുവീകരണമാണ് സര്‍ക്കാരിന് നെയ്യാറ്റിന്‍കരയില്‍ വിജയം നേടിക്കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ നായര്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ വകുപ്പുകളില്‍ ഏറ്റവും മോശം വിദ്യാഭ്യാസ വകുപ്പാണ്. എന്‍.എസ്.എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ എന്‍.എസ്.എസ് ആസ്ഥാനത്ത് കയറ്റാത്തതിന്റെ കാരണം അദ്ദേഹത്തിനും രമേശ് ചെന്നിത്തലയ്ക്കും വ്യക്തമായി അറിയാവുന്നത്. അത് എന്താണെന്ന് വെളിപ്പെടുത്തുന്നില്ല. വെളിപ്പെടുത്തിയാല്‍ ന്യൂനപക്ഷ സംവരണം ഇപ്പോഴത്തേതിനെക്കാള്‍ വിഷയമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: