ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആദിവാസി നേതാവും ലോക്സഭാ മുന്‍ സ്പീക്കറുമായ പി.എ. സാംഗ്മയെ പിന്തുണക്കാന്‍ ബിജെപി തീരുമാനിച്ചു. എഐഎഡിഎംകെ, ബിജെഡി തുടങ്ങിയ കക്ഷികള്‍ സാംഗ്മക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യുപിഎ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കേന്ദ്രമന്ത്രിയുമായ പ്രണബ് മുഖര്‍ജിയെയാണ് സാംഗ്മ നേരിടുക. മുഖര്‍ജിയെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി വേണമെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് സാംഗ്മയെ പിന്തുണക്കാന്‍ ബിജെപി തീരുമാനിച്ചത്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചും കുതന്ത്രങ്ങള്‍ പ്രയോഗിച്ചും അധികാരത്തില്‍ തുടരുന്ന ഒരു സര്‍ക്കാരിനെ പിന്തുണക്കാന്‍ മുഖ്യപ്രതിപക്ഷകക്ഷിക്ക് കഴിയില്ലെന്ന് സാംഗ്മയെ പിന്തുണക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് ബിജെപി നേതാക്കളായ അരുണ്‍ ജെറ്റ്ലി, സുഷമാസ്വരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ഉന്നത നേതാവും വടക്കു-കിഴക്കന്‍ മേഖലയുടെ അത്യുന്നത നേതാവുമായ സാംഗ്മയെ പിന്തുണക്കണമെന്ന് എല്ലാ എന്‍ഡിഎ സഖ്യകക്ഷികളോടും സുഷമാസ്വരാജ് അഭ്യര്‍ത്ഥിച്ചു. സഖ്യകക്ഷികളുടെ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും എന്‍ഡിഎയുടെ കെട്ടുറപ്പിനെ ഒരു വിധത്തിലും ബാധിക്കില്ല. സാംഗ്മക്ക് പിന്തുണ നല്കുന്ന കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ നടത്തിവരുന്നു.
സാംഗ്മക്ക് പിന്തുണ നല്‍കാനുള്ള ബിജെപിയുടെ തീരുമാനത്തെ ബിജെഡി നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് സ്വാഗതം ചെയ്തു. ആദിവാസി നേതാവായ സാംഗ്മയെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണക്കാന്‍ തയ്യാറാകണം. ന്യൂനപക്ഷ സമുദായത്തില്‍പ്പെടുന്ന സാംഗ്മ വടക്കു-കിഴക്കന്‍ മേഖലയിലെ പ്രമുഖ നേതാവാണെന്ന് രാഷ്ട്രപതിസ്ഥാനത്തേക്ക് സാംഗ്മയെ ആദ്യം നിര്‍ദ്ദേശിച്ച പട്നായിക്ക് പറഞ്ഞു.
വിവിധ സമൂഹങ്ങളില്‍പ്പെട്ടവര്‍ രാഷ്ട്രപതിപദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും ആദിവാസിസമൂഹത്തെ മാത്രം മാറ്റിനിര്‍ത്തിയ പശ്ചാത്തലത്തില്‍ സാംഗ്മയുടെ വിജയം എല്ലാവരും ഉറപ്പാക്കണമെന്ന് ബിജെഡി സീനിയര്‍ വൈസ് പ്രസിഡന്റ് ദാമോദര്‍ റൗട്ട് പറഞ്ഞു.
സാംഗ്മക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെപിയുടെ നടപടിയെ എഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയും സ്വാഗതംചെയ്തു. സാംഗ്മയെ പിന്തുണക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് ‘അവര്‍ തന്നെ തീരുമാനിക്കട്ടെ’ എന്നായിരുന്നു ജയലളിതയുടെ മറുപടി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ച ബിജെപിയെ സാംഗ്മ നന്ദി അറിയിച്ചു. ഇനിയും നിലപാട് അറിയിക്കാത്ത ജനതാദള്‍ (യു), ശിവസേന തുടങ്ങിയ കക്ഷികളുടെ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. താന്‍ എന്‍സിപിയില്‍നിന്നും മേഘാലയ നിയമസഭയില്‍നിന്നും രാജിവെച്ചിട്ടുണ്ട്. “ഏതെങ്കിലും ഒറ്റ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയല്ല ഞാന്‍. രാജ്യത്തെ രണ്ട് ശക്തരായ മുഖ്യമന്ത്രിമാരായ ജയലളിതയും നവീന്‍ പട്നായിക്കുമാണ് പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിജെപിയുടെ തീരുമാനവും ഏറെ സന്തോഷകരമാണ്. കലാം മത്സരത്തിനില്ലെന്ന് തീരുമാനിച്ചതോടെ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും മറ്റും തന്നെ പിന്തുണക്കുമെന്ന് സാംഗ്മ പ്രത്യാശ പ്രകടിപ്പിച്ചു. കലാം മത്സരത്തിനില്ലെങ്കില്‍ തന്നെ പിന്തുണക്കുമെന്ന് മമത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരില്‍ മന്ത്രിയായ മകള്‍ അഗതാ സാംഗ്മ ആര്‍ക്കാവും വോട്ടുചെയ്യുക എന്ന ചോാദ്യത്തിന് സ്വന്തമായ തീരുമാനമെടുക്കാന്‍ പക്വതയുള്ള വ്യക്തിയാണ് അവള് എന്നായിരുന്നു സാംഗ്മയുടെ മറുപടി. എന്‍ഡിഎയിലെയും യുപിഎയിലെയും എല്ലാ പാര്‍ട്ടികളുടെയും പിന്തുണ തേടി രാജ്യവ്യാപകമായി പര്യടനം നടത്തുവാനും സാംഗ്മ തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: