വാഷിങ്ങ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ ഐഎസ്ഐ യെ സഹായിച്ച പാക്ക് ഡോക്ടര്‍ ഷഹീദ് അഫ്രീദിയെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്നും അദ്ദേഹത്തെ ഒരു കുറ്റവാളിയെപ്പോലെ കാണുന്നത് അവസാനിപ്പിക്കണമെന്നും അമേരിക്ക പാക്കിസ്ഥാനോടാവശ്യപ്പെട്ടു.
പാക്കിസ്ഥാന് തീര്‍ച്ചയായും ഡോക്ടറെ മോചിപ്പിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇപ്പോള്‍ പാക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമില്ലാത്ത നടപടിയാണ് ഉണ്ടാകുന്നത്. അല്‍ഖ്വയ്ദ എന്ന ഭീകര സംഘടനയെ അവസാനിപ്പിക്കുവാനാണ് ഡോക്ടര്‍ സഹായിച്ചത്. അദ്ദേഹത്തെ കുറ്റവാളിയായി കണക്കാക്കരുതെന്നും ഹിലരി പറഞ്ഞു.
യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറി ജയിംസ് ബേക്കറുമായുള്ള സംയുക്ത സംഭാഷണത്തിലാണ് ഹിലരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.ലാദന് എവിടെയാണ് പാക്കിസ്ഥാനില്‍ ഒളിച്ചിരുന്നതെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പാക്കിസ്ഥാനിലെ ഏതെങ്കിലും ഉന്നതര്ക്കറിയാമായിരുന്നത് സംബന്ധിച്ച് തെളിവ് നല്കാന് യുഎസിന് ആകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.2009 ല്‍ വിദേശ സെക്രട്ടറി എന്ന നിലക്ക് പാക്കിസ്ഥാനില്‍ ആദ്യം സന്ദര്‍ശിച്ചപ്പോള്‍ ലാദന് എവിടെയാണ് താമസിച്ചിരുന്നതെന്നത് സംബന്ധിച്ച് പാക്ക് സര്‍ക്കാരിന് അറിയില്ലെന്ന വസ്തുത വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.പാക്കിസ്ഥാനിലെ സൈനിക ആസ്ഥാനത്തിനടുത്ത് രഹസ്യ കേന്ദ്രത്തില്‍ ലാദന് താമസിച്ചിരുന്നുവെന്ന വിവരം ഇവര്ക്കറിയില്ലെന്നത് ഇപ്പോഴും തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഹിലരി പറഞ്ഞു.എങ്കിലും ഇക്കാര്യത്തില്‍ തങ്ങളുടെ കൈവശം തെളിവില്ലെന്നത് സത്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ലാദനെ കൊലപ്പെടുത്താന്‍ ചാര സംഘടനയെ സഹായിച്ചതിന് പാക്ക് ഡോക്ടര്‍ക്ക് 33 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: