കേരളം നേരിടുന്ന ബഹുവിധ പ്രശ്നങ്ങളില്‍ സാധനങ്ങളുടെ വിലക്കയറ്റമാണ് ഇന്ന് സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നത്. ഉപഭോഗ സംസ്ഥാനമായ കേരളം ഭക്ഷ്യവസ്തുക്കള്‍ക്കും ഒരുവിധം എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും തൊഴിലിന് പോലും ആശ്രയിക്കുന്നത് അന്യസംസ്ഥാനങ്ങളെയാണല്ലോ. നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമ്പോഴും രാഷ്ട്രീയ അതിജീവനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാരിന് സാധനവില കുതിച്ചുയരുന്നതോ ജനജീവിതം ദുസ്സഹമായതോ പ്രശ്നമല്ല. അരി, പച്ചക്കറി വിലയടക്കം എല്ലാ സാധനങ്ങളുടെയും വില നാലിരട്ടിയിലധികം വര്‍ധിച്ചിരിക്കുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള സാധനവരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന വ്യാപാരികളുടെ ന്യായീകരണം വിലപ്പോകാത്തത് ആന്ധ്രയില്‍നിന്നുള്ള അരി മാര്‍ക്കറ്റില്‍ യഥേഷ്ടം എത്തുന്നു എന്നതാണ്. ജനങ്ങള്‍ വലയുമ്പോഴും എഫ്സിഐ ഗോഡൗണുകളില്‍ ടണ്‍കണക്കിന് അരി കെട്ടിക്കിടന്ന് നശിക്കുന്നത് അവഗണിക്കുന്ന സര്‍ക്കാര്‍ ജനദ്രോഹമാണ് ചെയ്യുന്നത്. 20,000 ടണ്‍ അരി ഇപ്രകാരം നശിച്ചുവത്രേ. പച്ചക്കറികള്‍ക്കെല്ലാം രണ്ടോ മൂന്നോ ഇരട്ടി വില വര്‍ധിച്ചിരിക്കുന്നു. ഉഴുന്ന്, പരിപ്പ്, മുളക്, മല്ലി, പഞ്ചസാര മുതലായ എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലവര്‍ധന വിരല്‍ ചൂണ്ടുന്നത് പൊതുവിതരണ വകുപ്പിന്റെ കഴിവില്ലായ്മയിലേക്കോ അനാസ്ഥയിലേക്കോ ആണ്. വിലവര്‍ധനക്ക് വ്യാപാരികള്‍ നല്കുന്ന വിശദീകരണം പച്ചക്കറി വരവ് കുറഞ്ഞു എന്നതാണ്. പക്ഷെ മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ സുലഭമാണ്.
വിലക്കയറ്റം നിയന്ത്രിക്കുമെന്നും മാവേലിസ്റ്റോറുകള്‍ വഴി കൂടുതല്‍ അരി വിതരണം ചെയ്യുമെന്നും മറ്റും മുഖ്യമന്ത്രി പ്രസ്താവനമഴ ചൊരിയുന്നുണ്ട്. സംസ്ഥാനത്തിന് നല്കുന്ന അരിവിഹിതം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ലഭിക്കുന്ന അരി ഗോഡൗണുകളില്‍ കിടന്നു നശിക്കുന്നതിന് പ്രതിവിധി ആരായുന്നില്ല. ഒരു രൂപക്കും രണ്ട് രൂപക്കും അരി വിതരണം നടത്തി എന്ന് അവകാശപ്പെടുമ്പോഴും പൊതുവിപണിയില്‍ എന്തുകൊണ്ട് അരിവില ഉയരുന്നുവെന്ന മറുചോദ്യമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ ഹോട്ടലുകളില്‍ ഭക്ഷണവില കുതിക്കുന്നത് സ്വാഭാവികമെന്ന് പറയാം. പക്ഷെ ഭക്ഷണവില ഹോട്ടലുകളില്‍ ദിനംപ്രതി ഉയരുന്നത് ഹോട്ടലുകളെ ഭക്ഷണത്തിന് ആശ്രയിക്കുന്ന നഗര തൊഴിലാളികള്‍ക്ക് ദുരിതമാണ് കാഴ്ചവെക്കുന്നത്. ഹോട്ടലുകള്‍ ഇവരെ ചൂഷണം ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അന്യായവും ഏകപക്ഷീയവുമായ ഹോട്ടല്‍ ഭക്ഷണ വിലവര്‍ധന നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭരണഘടന അനുവദിക്കുംവിധമുള്ള നിയമനിര്‍മ്മാണം കോടതി നിര്‍ദ്ദേശിക്കുമ്പോള്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് വിലവര്‍ധനാ നിയന്ത്രണം നിയമാനുസൃതമല്ലെന്നാണ് വാദിക്കുന്നത്. വിലവര്‍ധനവിനെതിരെ കേരള കണ്‍സ്യൂമര്‍ എജ്യോൂക്കേഷന്‍ സൊസൈറ്റി ഉപഭോക്തൃ കോടതിയില്‍ നല്കിയ ഹര്‍ജിയെ പ്രതിരോധിക്കാന്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിവിധി.
ഉപഭോക്താക്കളെ അന്യായമായി ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഭരണഘടന അനുവദിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും നിര്‍ദ്ദേശിച്ച ഹൈക്കോടതി ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പഴകിയ ഭക്ഷണം പിടിച്ചെടുക്കുമ്പോള്‍ അത് എവിടെനിന്ന് പിടിച്ചു എന്നത് മറച്ചുവെച്ച് ഹോട്ടലുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനെയും കുറ്റപ്പെടുത്തി. ഹോട്ടല്‍ ഭക്ഷണവില ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി വളരെ പ്രസക്തമാണെന്ന് പറഞ്ഞ കോടതി വിലക്കയറ്റത്തിനനുപാതികമായി മാത്രമേ ഭക്ഷണവില വര്‍ധിപ്പിക്കാവൂ എന്നും പറഞ്ഞു. ഇന്ന് ഒരേ തരത്തിലുള്ള ഹോട്ടലുകള്‍ പോലും തന്നിഷ്ടപ്രകാരം വില നിശ്ചയിക്കുമ്പോള്‍ ദോശക്കും മറ്റും പല ഹോട്ടലുകളും പല വില ഈടാക്കുന്നതുതന്നെ ഈ രംഗത്തെ അപ്രമാദിത്വമാണ് തെളിയിക്കുന്നത്. സാധനവില കുതിച്ചുയരുന്നത് ജനങ്ങളെ പൊതുവെ ബാധിക്കുമ്പോള്‍ നഗരങ്ങളില്‍ ജോലിക്ക് വന്നുപോകുന്ന ‘ഫ്ലോട്ടിംഗ് പോപ്പുലേഷന്‍’ ആണ് ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നത്. ഇവരാണ് ചൂഷണവിധേയരാകുന്നത്. ഈ രണ്ട് പ്രശ്നങ്ങളും കാതലായ ജനകീയ പ്രശ്നങ്ങളാണ്. ഇതില്‍ സര്‍ക്കാര്‍ അമാന്തം കാണിക്കാതെ സത്വര നടപടി സ്വീകരിക്കേണ്ടതാണ്. പ്രത്യേകിച്ച് ഇപ്പോള്‍ ഡീസല്‍ വിലവര്‍ധനക്കുള്ള സാധ്യത ഉയരുമ്പോള്‍. അതും വിലവര്‍ധനക്കുള്ള ഉപാധിയായി ചൂഷകസംഘം മുതലെടുത്തേക്കാം.
വീട്ടമ്മമാര്‍ ഇങ്ങനെ
മരിക്കേണ്ടവരോ?
കേരളത്തില്‍ ഇന്ന് യമരാജാവിന്റെ തേര്‍വാഴ്ച- (അതോ പോത്തുവാഴ്ചയോ) നടക്കുകയാണ്. വിവിധ പനികള്‍ ബാധിച്ച് ജനങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം മരണത്തിന് കീഴ്പ്പെടുന്നു. സ്കൂള്‍കുട്ടികള്‍ സഞ്ചരിക്കുന്ന സ്കൂള്‍ബസ്സ് അപകടത്തില്‍പ്പെട്ട് കുട്ടികള്‍ മരിക്കുന്നു. അലക്ഷ്യമായും മദ്യപിച്ചും വാഹനമോടിച്ച് റോഡില്‍ നടക്കുന്ന മനുഷ്യക്കുരുതിയും അനവരതം തുടരുന്നു. ഇപ്പോള്‍ വീട്ടമ്മമാരുടെ ജീവന് അപകടത്തിലാക്കുന്നത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ്. വീടുകള്‍ തകര്‍ക്കപ്പെടുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. ഈവര്‍ഷംതന്നെ അഞ്ച് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറികളാണ് കേരളത്തില്‍ ഉണ്ടായത്. ഇത് സിലിണ്ടര്‍ ഉപയോഗത്തിലെ അശ്രദ്ധയാണെന്ന് ആരോപിക്കുമ്പോഴും ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്ക് പിന്നില്‍ ഐഎസ്ഐ മുദ്രയില്ലാത്ത വ്യാജ സിലിണ്ടറുകളാണെന്നാണ് സിലിണ്ടര്‍ നല്കുന്ന ഇന്ത്യന്‍ ഒായില്‍ കോര്പ്പറേഷന് പറയുന്നത്. ഐഎസ്ഐ മുദ്രയില്ലാത്ത വ്യാജ റെഗുലേറ്ററുകളാണത്രേ പൊട്ടിത്തെറിക്ക് പിന്നില്‍. എളങ്കുന്നപ്പുഴയിലുണ്ടായ സിലിണ്ടര്‍ പൊട്ടിത്തെറിയിലും റെഗുലേറ്റര്‍ ആണ് കത്തിത്തുടങ്ങിയത്. ഉപഭോക്താക്കളുടെ അശ്രദ്ധയും ഗ്യാസ് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഇലക്ട്രിക് പ്ലഗ്ഗിന് സമീപംവെച്ച് ഗ്യാസ് കൈകാര്യം ചെയ്യുന്നത് കടുത്ത ചൂടേറ്റ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതിനിടയാക്കുന്നുവെന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയ അന്വേഷണ സമിതി കണ്ടെത്തിയത്. അടുപ്പ് കത്തിക്കുന്നതിന് മുമ്പ് ഗ്യാസ് ചോരുന്നില്ലെന്നുറപ്പാക്കുക, ബര്‍ണര്‍ ദിവസവും വൃത്തിയാക്കുക, മണ്ണെണ്ണ, ഇലക്ട്രിക് സ്റ്റൗ എന്നിവ സമീപം കത്തിക്കാതിരിക്കുക മുതലായവയാണ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍. പക്ഷെ വ്യാജ സിലിണ്ടര്‍ വ്യാപകമാകുമ്പോള്‍ കിട്ടുന്ന സിലണ്ടറിന്റെ ഭാരം, വെല്‍ഡിങ്ങിലെ അപാകത മുതലായവ ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് സാധാരണക്കാരുടെയും ബിപിഎല്‍ കുടുംബങ്ങളുടെയും ഗ്യാസ് ഉപയോഗം വര്‍ധിക്കുമ്പോള്‍ ഇവ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെപ്പറ്റി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള കൊച്ചി ജില്ലാ കളക്ടറുടെ നീക്കം സ്വാഗതാര്‍ഹമാണ്. സിലിണ്ടറുകള്‍ക്കൊപ്പം വിതരണം ചെയ്യാന്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനും വ്യാജനെ ഒഴിവാക്കാന്‍ കര്‍ശനമായ പരിശോധന നടത്താനും ഓയില്‍കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സിലിണ്ടര്‍ ദുരന്തങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ഗ്യാസ് ഉപയോഗത്തിലും വ്യാജനെ ഒഴിവാക്കുന്നതിനും ജാഗ്രത പാലിക്കേണ്ടതാണ്. സുരക്ഷ ഉറപ്പാക്കുന്നതില്‍ എണ്ണക്കമ്പനികള്‍ കാണിക്കുന്ന അനാസ്ഥ കുറ്റകരംതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: