തൊടുപുഴ: ഇടുക്കി പീരുമേട്ടില്‍ അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ജോമോനെ പിടികൂടി. ഈ കേസില്‍ ജോമോനൊപ്പമുള്ള കൂട്ടുപ്രതിയായ രാജേന്ദ്രന് ഇന്നലെ കോടതി വധശിക്ഷ വിധിച്ചിരുന്നു.
മൂന്നാറിന് സമീപം തമിഴ്നാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തിഗ്രാമമായ പെരിഞ്ചാംകുട്ടിയില്‍ നിന്ന് മൂന്നാര്‍ പോലീസ് ആണ് ജോമോനെ പിടികൂടിയത്. ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്പ്പോയതായിരുന്നു ഇയാള്‍. രാജേന്ദ്രന് തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ വധശിക്ഷ വിധിച്ച വിവരവും കൂട്ടുപ്രതിയായ ജോമോന് ജാമ്യത്തിലിറങ്ങി മുങ്ങിയ വിവരവും വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പെരിഞ്ചാംകുട്ടിയിലെ നാട്ടുകാര്‍ ജോമോനാണെന്ന് സംശയിക്കുന്നയാള്‍ ഇവിടെയുണ്ടെന്ന വിവരം മൂന്നാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
2007 ഡിസംബര്‍ രണ്ടിനാണു പീരുമേട് 57-ാം മെയിലില്‍ വള്ളോംപറമ്പു വീട്ടില്‍ മോളി (57), മകള്‍ നീനു (22) എന്നിവരെ പ്രതികളായ രാജേന്ദ്രനും ജോമോനും ചേര്‍ന്നു മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തത്. കേസില്‍ അറസ്റ്റിലായ ഇരുവര്‍ക്കും ആറുമാസത്തിനുശേഷം ജാമ്യം കിട്ടിയിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ ജോമോന് മുങ്ങുകയായിരുന്നു.
വണ്ടിപ്പെരിയാര്‍ സ്വദേശിയായ ജോമോന് മൂന്നാറിലേക്ക് പോകുകയും ഇവിടെ തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ പെരിഞ്ചാംകുട്ടിയില്‍ പുനരധിവസിപ്പിക്കപ്പെട്ട ആദിവാസികള്‍ക്കൊപ്പം കൃഷിപ്പണി ചെയ്തു ജീവിക്കുകയുമായിരുന്നു. നാട്ടുകാരില്‍ നിന്ന് വിവരം കിട്ടി അന്വേഷണത്തിന് പോലീസെത്തിയപ്പോള്‍ കാപ്പിത്തോട്ടത്തില്‍ കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ജോമോന്. പോലീസിന് മുന്നില്‍ എതിര്‍പ്പൊന്നും കൂടാതെ കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: