ബുച്ചാറെസ്റ്റ്: റുമാനിയയില്‍ മുന്‍ പ്രധാനമന്ത്രി അഡ്രിയാന്‍ നാസ്താസെ ജീവനൊടുക്കാന്‍ ശ്രമിച്ചു. അഴിമതി കേസില്‍ രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ ശരിവച്ചുകൊണ്ട് റുമാനിയ ഹൈക്കോടതിയുടെ വിധി വന്നതിനു പിന്നാലെയായിരുന്നു അഡ്രിയാന്റെ ആത്മഹത്യാശ്രമം.
സ്വന്തം തോക്ക് ഉപയോഗിച്ച് കഴുത്തില്‍ വെടിവച്ച അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അഡ്രിയാനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
2000- 2004ല്‍ റുമാനിയയുടെ പ്രധാനമന്ത്രിയായിരുന്ന അഡ്രിയാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 15 ലക്ഷം യൂറോ നിയമവിരുദ്ധമായി സമ്പാദിച്ചുവെന്നാണ് കുറ്റം. എന്നാല്‍ തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. എന്നാല്‍ അഡ്രിയാനെതിരെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
നിലവിലെ പ്രധാനമന്ത്രിയും അഡ്രിയാന്റെ ഉറ്റസുഹൃത്തുമായ വിക്ടര്‍ പോണ്ഡ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അതേസമയം, അഡ്രിയാന്‍ അപകടനില തരണംചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഡ്രിയാന്റെ അഭിഭാഷകന് സ്ട്രോസ്ബര്‍ഗിലെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: