ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ബിജെപിയുടെ ഏജന്റാണെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി. മുലായത്തിന്റെ ലക്ഷ്യം രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണെന്നും റഷീദ് ആല്‍വി പറഞ്ഞു. മൊറാദാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മുലായത്തെ ആല്‍വി രൂക്ഷമായി വിമര്‍ശിച്ചത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യു.പി.എ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയെ വിജയപ്പിക്കണമെങ്കില്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ നിര്‍ണായകമായിരിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് വക്താവ് നടത്തിയ പരാമര്‍ശം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
ബി.ജെ.പിയുടെ ഏറ്റവും വലിയ ഏജന്റായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് മുലായം സിംഗ് യാദവ് ആണ്. കഴിഞ്ഞ പത്ത് വര്‍ഷമായി താനിക്കാര്യം പറയുകയാണെന്നും ഇത് മറ്റുള്ളവര്‍ക്ക് രസിക്കുമോ എന്ന് അറിയില്ലെന്നും മൊറാദാബാദില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കവെ ആല്‍വി പറഞ്ഞു.
മുലായത്തിനെതിരായ പരാമര്‍ശത്തില്‍ ആല്‍വി മാപ്പു പറയണമെന്ന് സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. മുലായത്തിന് ആല്‍വിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സമാജ്വാദി പാര്‍ട്ടി വക്താവ് പറഞ്ഞു.
അതേസമയം ആല്‍വിയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ് തള്ളി. ആല്‍വിയുടെ പരാമര്‍ശം പാര്‍ട്ടിയുടേതല്ലെന്ന് പറഞ്ഞ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി, മതേതര ശക്തികളെ എപ്പോഴും ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെന്ന് റഷീദ് ആല്‍വി പറഞ്ഞു. എസ്.പിയും കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയൊരു തെരഞ്ഞെടുപ്പ് സാഹചര്യത്തിലാണ് താനങ്ങനെ പറഞ്ഞത്. അത് വിവാദമക്കേണ്ട കാര്യമില്ലെന്നായിരുന്നു ആല്‍വിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: