ഇസ്ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി അയോഗ്യനാക്കപ്പെട്ടെങ്കിലും അത് പാക്കിസ്ഥാനിലെ ജനാധിപത്യത്തെ ഉലയ്ക്കില്ലെന്ന് പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ‘ദ ന്യൂസ് ഇന്റര്‍നാഷണല്‍’ എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ഗിലാനിയെ അയോഗ്യനാക്കിയത് നിര്ഭാഗ്യമായിപ്പോയെന്നും സുപ്രീംകോടതി വിധി അനിവാര്യമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗിലാനി പറുത്താക്കപ്പെട്ടെങ്കിലും രാജ്യത്തിന്റെ ജനാധിപത്യ സമ്പ്രദായത്തെ അത് ഉലച്ചിട്ടില്ലെന്നും പുതിയ പ്രധാനമന്ത്രിയെ പാര്‍ലമെന്റ് ഉടന്‍ തെരഞ്ഞെടുക്കുമെന്നും പത്രം പറയുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ഇനി കുറച്ച് മാസമേ ഉള്ളൂവെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.
കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി അയോഗ്യനാണെന്നും അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരുവാന്‍ അവകാശമില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതി ശിക്ഷിച്ച പാര്‍ലമെന്റംഗത്തെ അയോഗ്യനാക്കണമെന്നാണ് പാക്കിസ്ഥാന് ഭരണഘടന നിഷ്ക്കര്ഷിക്കുന്നതെന്നും ഇതനുസരിച്ച് കോടതി ശിക്ഷി വിധിച്ച ഏപ്രില്‍ 26 മുതല്‍ ഗിലാനി പാര്‍ലമെന്റംഗവും പ്രധാനമന്ത്രിയുമല്ലെന്നും ചീഫ് ജസ്റ്റിസ് ഇഫ്ത്തിക്കര്‍ ചൗധരി വ്യക്തമാക്കി. ഗിലാനി പാര്ലമെന്റംഗമല്ലെന്ന് വ്യക്തമാക്കി വിജ്ഞാപനമിറക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗിലാനിക്ക് അയോഗ്യത കല്‍പ്പിക്കേണ്ടതില്ലെന്ന നാഷണല്‍ അസംബ്ലി സ്പീക്കര്‍ ഫെഹ്മിത മിര്‍സയുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് ചൊവ്വാഴ്ച ഗിലാനിയെ അയോഗ്യനാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതി കേസുകള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്ന സുപ്രീംകോടതി ഉത്തരവ് ഗിലാനി പാലിക്കാത്തതിനെത്തുടര്‍ന്നാണ് ഗിലാനിയെ കോടതിയലക്ഷ്യക്കേസില്‍ പ്രതീകാത്മകമായി ശിക്ഷിച്ചത്. കോടതി പിരിയുംവരെ തടവ് ശിക്ഷ അനുഭവിച്ച ഗിലാനിയെ അയോഗ്യനാക്കേണ്ടെന്ന് പാക്കിസ്ഥാന് നാഷണല്‍ അസംബ്ലി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസിന്റെ വാദം കേള്‍ക്കുന്നതിനിടയില്‍ ഗിലാനിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും കോടതിവിധി പരിശോധിക്കുവാനും തിരുത്തുവാനും സ്പീക്കര്‍ക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു. എന്തായാലും ഗിലാനിയുടെ അയോഗ്യത രാജ്യത്ത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നത് മറ്റു ദിവസങ്ങളില്‍ കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: