മുന്‍വിധിയോടെയാണ് ന്യായാധിപര്‍ എന്ന ആദരണീയ വിഭാഗത്തെ ഞാനെക്കാലവും കണ്ടിട്ടുള്ളത്. സമൂഹവുമായി ബന്ധമില്ലാത്തവരും സാമൂഹ്യ പ്രതിബദ്ധതയില്ലാത്തവരും സ്വര്ഗജാതരുമായ ഇവരെക്കുറിച്ച് കുട്ടിക്കാലം തൊട്ടുള്ള എന്റെ മനസ്സിലെ ചിത്രം കറുത്ത കോട്ടുമിട്ട് കട്ടിയുള്ള കണ്ണടയും ശിക്ഷ വിധിക്കാന്‍ കൈയില്‍ കൊടുകൊടിയുമായി ഇരിക്കുന്നവര്‍ എന്നതാണ്. ഭയപ്പെടുത്തുന്ന ആ ചിത്രത്തിന് ഇന്നും അധികമൊന്നും മാറ്റമില്ല. അവരെ ചോദ്യം ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്ന് പണ്ടേ കേട്ടു പഠിച്ചതാണ്. അപൂര്‍വം ചില അവസരങ്ങളില്‍ മാത്രമേ എനിക്ക് കോടതിയില്‍ ജഡ്ജിമാരുടെ മുന്നില്‍ ഹാജരാവേണ്ടി വന്നിട്ടുള്ളൂ. വ്യക്തി ജീവിതത്തിലും മാധ്യമജീവിതത്തിലും സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ട ഒരു വിഭാഗം എന്ന മുന്‍വിധിയുടെ വെളിച്ചത്തില്‍ ചെറുതും വലുതുമായ ജഡ്ജിമാരുമായി ഞാന്‍ അടുക്കാന്‍ ശ്രമിക്കുകയോ ഇടപഴകാറോ ഇല്ല. നീണ്ട പത്രപ്രവര്‍ത്തനജീവിതത്തില്‍ നാളിതുവരെ എനിക്ക് ഏതെങ്കിലും പത്രത്തിനുവേണ്ടി കോടതി നടപടികള്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുമില്ല. ജഡ്ജിമാരെപ്പറ്റിയുള്ള മേല്‍പ്പറഞ്ഞ മുന്‍വിധി മൂലമാവാം ജുഡീഷ്യറിയെ കുറിച്ചുള്ള വിവാദപരാമര്‍ശങ്ങള്‍ ഉയരുമ്പോള്‍, അതുയര്‍ത്താന്‍ അര്‍ഹതയില്ലാത്തവരില്‍ നിന്നാണെങ്കില്‍ കൂടി, അത്തരം പരാമര്‍ശങ്ങളോട് എനിക്ക് പൂര്‍ണമായ യോജിപ്പാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഒപ്പം, ഇക്കൂട്ടരെ വിമര്‍ശിക്കാനും നാട്ടിലാരെങ്കിലും വേണമല്ലോ എന്ന ചിന്തയും. ഇമ്മാതിരി ചിന്താഗതി വെച്ചു പുലര്‍ത്തുന്നത് അഭിലഷണീയമല്ലെന്നും അതിലേറെ അപകടകരമാണെന്നും അറിയാം. കോര്ട്ടലക്ഷ്യമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന മാപ്പര്‍ഹിക്കാത്ത കുറ്റമാണതെന്നും അറിയാം. ആ തിരിച്ചറിവ് മൂലമാണ് അവയൊക്കെ പരസ്യമായി പറയാനോ പ്രസിദ്ധീകരിക്കാനോ ധൈര്യപ്പെടാത്തത്. അടുത്തകാലത്ത് മുംബൈയിലെ ഒരു മാധ്യമസ്ഥാപനത്തോട് ഒരു ജഡ്ജിയുടെ പേര് മാറിപ്പോയതിന് കോര്ട്ടലക്ഷ്യമെന്ന കുറ്റം ചുമത്തി നൂറ് കോടി രൂപ പിഴയടക്കാനാവശ്യപ്പെട്ടപ്പോള് ഒരു മാധ്യമ പ്രവര്‍ത്തകനായ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. പൂര്‍വജന്മസുകൃതം കൊണ്ടോ, അച്ഛനമ്മമാര്‍ ചെയ്ത പുണ്യം കൊണ്ടോ ഒരു കേസിലും ഇതുവരെ ഞാന്‍ ശിക്ഷിക്കപ്പെടുകയോ എനിക്ക് ഒരുപൈസ പിഴയടക്കേണ്ടി വരികയോ ഉണ്ടായിട്ടില്ല. നിരന്തരം കോടതി കയറാനും തുടര്‍ച്ചയായി പിഴയടക്കാനും നിര്‍ബന്ധിതരായ പത്രാധിപന്മാര് ഇന്ത്യയിലുണ്ടായിട്ടുണ്ട്. മഹാനായ പത്രാധിപര്‍ സദാനന്ദിന് അതൊരു ഹരമായിരുന്നു. അതിനായി അദ്ദേഹവും ഒരു പ്രത്യേക തുകയും കുറെ സമയവും നീക്കിവെച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്.
ജഡ്ജിമാരിലേക്ക് മടങ്ങാം. സമൂഹവുമായും സാധാരണക്കാരുമായും എക്കാലവും അകലം പാലിക്കുന്ന ദന്തഗോപുരവാസികളാവണം അവര്‍ എന്നതായിരുന്നു ഇന്ത്യന്‍ ജുഡീഷ്യറിയുടെ അടിസ്ഥാനഘടനയ്ക്കും സ്വഭാവത്തിനും രൂപം നല്കിയ ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചതും അനുശാസിച്ചതും. അണുവിട വ്യത്യാസമില്ലാതെ അത് അതേപടി പിന്തുടരണമെന്ന് ഇന്നും വാദിക്കുന്നവര്‍ ഇന്ത്യയിലുണ്ട്. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അങ്ങനെ വേണമത്രെ. സ്വാതന്ത്ര്യത്തിനുശേഷം സാമൂഹ്യപ്രതിബദ്ധതയുള്ളവരും സാധാരണക്കാരന്റെ സ്പന്ദനങ്ങള്‍ അറിയുന്നവരുമായ ന്യായാധിപന്മാര് പലതലത്തിലും ഇന്ത്യയിലുണ്ടായി എന്നത് ആശ്വാസകരമാണ്. അവര്‍ക്കിടയില്‍ ഒരു പടി കൂടി കടന്ന ജുഡീഷ്യല്‍ ആക്ടിവിസ്റ്റുകള്‍ തന്നെ ഉണ്ടായി. ഭരണയന്ത്രവും ഭരണാധികാരികളും അനുദിനം പാളുകയും പരാജയപ്പെടുകയും ചെയ്യുന്നത് പലപ്പോഴും ജുഡീഷ്യല്‍ ആക്ടിവിസത്തിന് പ്രകോപനവും പ്രേരണയുമായി. സമൂഹത്തില്‍ അതൊരാവശ്യവും. നീതിപീഠത്തിന്റെ ഇടപെടല്‍ വര്‍ധിച്ചുവരുന്നതോടെ വാര്‍ത്തയുടെ പ്രധാന സ്രോതസുകളിലൊന്നായി കോടതികള്‍ മാറി. ഇന്നിപ്പോള്‍ കോടതി നടപടി ‘കവര്‍’ ചെയ്യാന്‍ മാത്രമായി പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ നിരവധിയാണ്. പല ദിവസങ്ങളിലും പ്രധാനവാര്‍ത്ത തന്നെ കോടതികളില്‍ നിന്നാണ്.
അതിനിടയിലാണ് കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന ന്യായാധിപന് തന്നെ ഒരു സദ്വാര്ത്ത സൃഷ്ടിച്ചത്. സദ്വാര്‍ത്തകള്‍ വളരെ വിരളമായ വേളയിലാണ് സാധാരണക്കാരില്‍ സാധാരണക്കാരനെപ്പോലെ അസാധാരണമായി പെരുമാറിയ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് വാര്‍ത്ത സൃഷ്ടിച്ചത്. വാര്‍ത്ത സൃഷ്ടിക്കുകയെന്നതോ അതുവഴി വാര്‍ത്താമാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയെന്നതോ അദ്ദേഹത്തിന്റെ ഉദ്ദേശ്യമേ ആയിരുന്നില്ല. എറണാകുളം നഗരത്തില്‍ താന്‍ കുടുംബസമേതം താമസിക്കുന്ന വസതിക്ക് മുന്നിലുള്ള റോഡില്‍ കാടുപിടിച്ചു കിടക്കുന്നതിന്റെ ഫലമായി കാനകള്‍ അടഞ്ഞ് ഞായറാഴ്ച രാത്രിയിലെ കനത്ത മഴയില്‍ വെള്ളം പൊങ്ങിയപ്പോഴാണ് സ്ഥാനമാനങ്ങള്‍ മറന്ന് അദ്ദേഹത്തിലെ പൗരബോധം ഉണര്‍ന്നത്. ഒരു സാധാരണക്കാരനെപ്പോലെ മുണ്ടും ബനിയനും ധരിച്ച് തൂമ്പയുമെടുത്ത് റോഡിലിറങ്ങിയ ജസ്റ്റിസ് രാധാകൃഷ്ണന് കോരിച്ചൊരിയുന്ന മഴയത്ത് ഇരുവശത്തേയും കാടും പടലും വെട്ടിത്തെളിച്ച് വെടിപ്പാക്കുന്നത് കൗതുകത്തോടെ നാട്ടുകാര്‍ നോക്കിനിന്നുവെന്നാണ് റിപ്പോര്‍ട്ട്. നനഞ്ഞു കുതിര്‍ന്ന ന്യായാധിപന് പണി പൂര്‍ത്തിയാക്കിയശേഷമാണ് പിന്തിരിഞ്ഞത്.
കൗതുകകരമായ ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പണ്ട് പ്രസ്താവിച്ച ഒരു മഹാത്മാവിനെയാണ് ഓര്‍മ്മ വന്നത്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് തൂമ്പയുമെടുത്ത് മഴയത്ത് റോഡ് വൃത്തിയാക്കാനിറങ്ങിയത് ഒരു ‘പബ്ലിസിറ്റി സ്റ്റണ്ടാ’ണെന്നും ഹൈക്കോടതി ജഡ്ജിയുടെ പണിയല്ലതെന്നും വാദിക്കുന്ന ചില ‘സിനിക്കുകള്‍’ നമുക്കിടയിലുണ്ട്. പക്ഷെ ശക്തവും വ്യക്തവുമായ സന്ദേശമാണ് ആ അസാധാരണ പ്രവൃത്തിയിലൂടെ അദ്ദേഹം ഉത്തരവാദിത്തബോധം നഷ്ടപ്പെട്ട അധികൃതര്‍ക്ക് മാത്രമല്ല പൗരബോധം നഷ്ടപ്പെട്ട സമൂഹത്തിനാകെ നല്‍കിയത്. അതിനിയൊരു ‘പബ്ലിസിറ്റി സ്റ്റണ്ടാ’ണെന്ന് അംഗീകരിച്ചാല്‍ തന്നെ അത്തരം ‘സ്റ്റണ്ടു’കള്‍ അനുകരണീയമാണ്. അവ ഇടയ്ക്കിടെ ആവര്ത്തിക്കപ്പെടേണ്ടതുമാണ്.
പൊങ്ങച്ച സംസ്ക്കാരവും അതിന്റെ ഫലമായുള്ള ദുരഭിമാനവും കൊടികുത്തി വാഴുന്ന കേരളത്തിന്റെ വാണിജ്യ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്താണ് ഒരു ഹൈക്കോടതി ജഡ്ജി ഇങ്ങനെ ചെയ്തതെന്നും ചെയ്യേണ്ടി വന്നതും എന്നതിനാണ് പ്രസക്തിയും പ്രാധാന്യവുമേറുന്നത്. ‘സ്മാര്‍ട്ട് സിറ്റി’ വികസിപ്പിച്ചെടുക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ തുറമുഖ നഗരത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനും ഉള്ള തത്രപ്പാടിലാണ് കഴിഞ്ഞ കുറെ നാളുകളായി സര്‍ക്കാരും നഗരവികസന അതോറിറ്റിയും നഗരസഭയുമൊക്കെ. ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്ന് അവകാശപ്പെട്ടാണ് വിനോദസഞ്ചാരികളെ വിദേശത്തുനിന്ന് ആകര്‍ഷിക്കാന്‍ നാം ശ്രമിക്കുന്നത്. ‘ഹരിത കേരളം സുന്ദര കേരളം’ എന്നൊക്കെ പറഞ്ഞാണ് നിക്ഷേപകരെ മയക്കിയെടുക്കാന്‍ ‘എമേര്‍ജിംഗ് കേരള’യും മറ്റും നാം സംഘടിപ്പിക്കുന്നത്. ഒരു മഴ പെയ്താല്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ് നമ്മുടെ നഗരങ്ങളിലെന്നത് ഈ ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇടയില്‍ നാം മറന്നു പോവുന്നു. മാലിന്യ കൂമ്പാരമായി കേരളം മാറിക്കൊണ്ടിരിക്കുന്നതിന് നേരെ മൂക്കുപൊത്തി മാറി നില്ക്കാനെ നമുക്കാവുന്നുള്ളൂ. ഒരു തൂമ്പയെടുത്താല്, ചൂലുകൊണ്ട് ഒന്ന് അടിച്ചുവാരിയാല്‍ സ്വന്തം വീട്ടുമുറ്റത്താണെങ്കില്‍പ്പോലും തകര്ന്നുപോകുന്നതാണല്ലൊ നമ്മുടെ അന്തസ്സും അഭിമാനവും. പരിസര ശുചീകരണം സര്‍ക്കാരിന്റേയും നഗരസഭയുടേയും മാത്രം ഉത്തരവാദിത്തമെന്നാണല്ലൊ ഗാന്ധിജിയുടെ നാട്ടിലെ ആഗോളീകരണകാലത്തെ സിദ്ധാന്തം. പകര്‍ച്ച വ്യാധികളും പലതരം പനികളും പിടിച്ച് ജനതയാകെ വിറയ്ക്കുമ്പോഴും നമ്മുടെ അധികൃതര്‍ ആകാശനഗരം പടുത്തുയര്‍ത്തുന്നതിനെപ്പറ്റി പകല്‍ സ്വപ്നം കണ്ടിരിപ്പാണ്. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ പ്രവൃത്തിയുടെ സന്ദേശം ശക്തവും ചൈതന്യവത്തുമാവുന്നത്. അതോടെ ജഡ്ജിമാരെക്കുറിച്ച് എന്റെ മനസ്സിലുള്ള ആ പഴയ ചിത്രം മാറുകയാണോ എന്നെനിക്ക് സംശയം. തൂമ്പയുമെടുത്ത് റോഡുവക്കില്‍ മഴ നനഞ്ഞുനില്ക്കുന്ന ആ ന്യായാധിപന്റെ ചിത്രത്തിന് മുന്നില്‍ തല കുനിച്ചുപോവുന്നു-ആദരവോടെ, ആരാധനയോടെ.
ഹരി എസ.് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: