പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെ അയോഗ്യനായി പ്രഖ്യാപിച്ച പാക്കിസ്ഥാന് സുപ്രീംകോടതി അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് പ്രഖ്യാപിച്ചതോടെ പാക്കിസ്ഥാന് കടുത്ത ഭരണപ്രതിസന്ധി നേരിടുകയാണ്. കള്ളപ്പണ കേസില്‍ പ്രസിഡന്റ് സര്‍ദാരിക്കെതിരെയുള്ള കേസുകളില്‍ പുനരന്വേഷണം നടത്തണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിക്കാത്തതിനാലാണ് ഗിലാനി ശിക്ഷാവിധേയനായത്. 2009ലാണ് പ്രസിഡന്റ് ആസഫ് അലി സര്‍ദാരിക്ക് സ്വിറ്റ്സര്‍ലന്റിലെ കള്ളപ്പണ നിക്ഷേപത്തിന് കേസെടുത്തത്. കോടതി നിര്ദ്ദേശലംഘനത്തിന് ഗിലാനിക്കെതിരെ കേസെടുത്തിട്ടും പ്രധാനമന്ത്രി ഗിലാനി സര്‍ദാരിക്ക് പ്രസിഡന്റെന്ന നിലയില്‍ നിയമപരിരക്ഷയുണ്ടെന്ന് വാദിച്ച് കേസന്വേഷണം നടത്താതിരുന്നതിനാണ് ഈ ശിക്ഷ. ഇതോടെ പാക്കിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുകയാണ്. പാക്കിസ്ഥാനില്‍ പ്രധാനമന്ത്രിമാര്‍ വാഴാറില്ല. ഗിലാനി പാക്കിസ്ഥാനിലെ പതിനാറാമത്തെ പ്രധാനമന്ത്രിയാണ്. ഗിലാനി നാലുകൊല്ലം തികയ്ക്കുന്നതിനിടയിലാണ് കോടതിയുടെ അയോഗ്യതാ പ്രഖ്യാപനം. പാക് ജുഡീഷ്യറിയും പാര്‍ലമെന്റും തമ്മിലുള്ള വടംവലി പ്രസിദ്ധമാണ്. പാക്കിസ്ഥാന് സുപ്രീംകോടതി എന്നും അവിടുത്തെ സര്‍ക്കാരിന് ഭീഷണിയായിരുന്നു. പ്രസിഡന്റായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോവിന്റേത് കോടതി കൊലപാതകമാണെന്നാണല്ലോ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി പ്രസ്താവിച്ചിരുന്നത്. ഒരു പ്രധാനമന്ത്രിക്കും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധ്യമാകാതിരുന്നതിനും പഴി കോടതിക്കാണ്.
ഒരു പാര്‍ലമെന്റംഗത്തിന്റെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ചുള്ള തീരുമാനം ദേശീയ അസംബ്ലിയിലായിരിക്കെ സുപ്രീംകോടതി നടപടി ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗിലാനിയെ അയോഗ്യനാക്കാനുള്ള നടപടിക്ക് സ്പീക്കറാണ് തുടക്കമിടേണ്ടത്. ഈ വിധി സ്പീക്കറുടെ സ്ഥാനത്തിന്റെ മൂല്യവും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ജനാധിപത്യ വ്യവസ്ഥയുടെ തുടര്‍ച്ചയ്ക്കായി ഭരണഘടനാപരമായ നടപടി സ്വീകരിക്കാനും പ്രധാനമന്ത്രിയുടെ ചുമതലകൂടി നിര്‍വഹിക്കാനും കോടതി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നതും വിചിത്രം. ഇതോടുകൂടി ഗിലാനി പുറപ്പെടുവിച്ച ഉത്തരവുകളും അസാധുവാക്കപ്പെടുന്നു. പാക് സര്‍ക്കാരുമായുള്ള സൈന്യത്തിന്റെ ബന്ധം എന്നും സംശയത്തിന്റെ നിഴലിലായിരുന്നു. പക്ഷേ ഇത്തവണ സൈന്യം അട്ടിമറിക്ക് മുതിര്‍ന്നില്ലെങ്കിലും സുപ്രീംകോടതി നടപടി വിരല്‍ചൂണ്ടുന്നത് സൈന്യവും ജുഡീഷ്യറിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്കാണെന്ന സംശയവുമുയരുന്നു. പാക് ജനാധിപത്യം ഇപ്പോള്‍ ഭീഷണിയിലാണ്. പിപിപിയുടെ പ്രതിനിധിയായ സ്പീക്കറെ അവഗണിച്ചത് പാര്‍ലമെന്റിനെ അവഗണിക്കുന്നതിന് തുല്യമാണ്. പാക്കിസ്ഥാനെ വിഖ്യാതമായ ‘ഫോറിന് പോളിസി മാഗസിന്’ പരാജിതരാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാക്കിസ്ഥാന് സൈന്യത്തിന്റെ ഏക ചിന്ത കാശ്മീരിനെപ്പറ്റിയും ഇന്ത്യയെപ്പറ്റിയാണെന്നുമുള്ള വസ്തുത പൊതു അറിവാണ്. ഇപ്പോള്‍ പാക്കിസ്ഥാനെ പരാജിത രാഷ്ട്ര പട്ടികയില്‍ പതിമൂന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചത് പാക്കിസ്ഥാനില്‍ കോടതി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അന്വര്‍ത്ഥമായി.
ഇപ്പോള്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി സമിതി കൂടി അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുവാനുള്ള നീക്കത്തിലാണ്. മുക്താര്‍ മഖ്ദുംഷഹാബുദിനാണ് സാധ്യതയെന്നാണ് വാര്‍ത്ത. പാക് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഗിലാനിയെ അയോഗ്യനാക്കിയുള്ള കോടതിവിധി വന്നിരിക്കുന്നത്. സര്‍ദാരി തന്റെ റഷ്യന്‍ സന്ദര്‍ശനം മാറ്റിവച്ചാണ് പിപിപി മീറ്റിംഗ് തുടങ്ങുന്നത്. പാര്‍ലമെന്റിന്റെ പ്രതികരണവും ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. ഒമ്പതുവര്‍ഷത്തെ പട്ടാള ഭരണത്തിനുശേഷം സ്ഥാപിക്കപ്പെട്ട ജനാധിപത്യവും വെറും നാലുവര്‍ഷത്തിനുശേഷം അട്ടിമറിക്കപ്പെടുന്നത് കോടതികൂടി ഒത്തുചേര്‍ന്നാണ്. ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ട പാക്കിസ്ഥാനില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് നിയമവിധി തേടിയാല്‍ സഹതാപവോട്ട് ഗിലാനിക്കൊപ്പമായിരിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ ഉരുണ്ടുകൂടിയിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്ത്യക്കും ആശങ്കയുളവാക്കുന്നുണ്ട്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ അല്ലെങ്കില്‍ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യയെ കരുവാക്കുമോ?
ഡ്രൈവര്‍ ഗുണ്ടകള്‍
കേരളം വിനോദസഞ്ചാര വികസനം, പ്രത്യേകിച്ച് ആഭ്യന്തര സഞ്ചാര വികസനം ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും കേരളജനതയ്ക്ക് ഇന്നും വിദേശികള്‍ കൗതുകവസ്തുക്കളും തദ്ദേശീയര്‍ ചൂഷണോപാധികളുമാണ്. ഇതിനടിവരയിടുന്ന സംഭവമാണ് ദല്‍ഹിയില്‍നിന്നുള്ള മൂന്നംഗ കുടുംബത്തിനുനേരെ കൊച്ചിയിലെ ഓട്ടോറിക്ഷാ ഗുണ്ടകള്‍ അഴിച്ചുവിട്ട ആക്രമണം. അമിതകൂലി ആവശ്യപ്പെട്ട് നടുറോഡില്‍ നടന്ന ആക്രമണത്തിലെ പ്രതികളായ ഓട്ടോ ഗുണ്ടകള്‍ പിടിയിലായത് അക്രമം പോലീസ് സ്ഥാപിച്ച ഒളിക്യാമറയില്‍ പതിഞ്ഞതിനാലാണ്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നും മൂന്ന് ഓട്ടോകളിലായി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലെത്തിച്ചതിന് പ്രേം മല്‍ഹോത്ര എന്നയാളും ഭാര്യയും സഞ്ചരിച്ചിരുന്ന ഓട്ടോഡ്രൈവര്‍ 80 രൂപയാണ് വാങ്ങിയത്. ഒപ്പമുണ്ടായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോഡ്രൈവര്‍മാര്‍ 60 രൂപ വാങ്ങിയപ്പോള്‍ 60 രൂപ പോരേ എന്ന് ചോദിച്ച ദമ്പതികളെയാണ് ഓട്ടോ ഡ്രൈവറും സമീപത്തുള്ള ഗുണ്ടകളും ചേര്‍ന്ന് കൈയേറ്റം ചെയ്തത്. യുവതിയെ തള്ളി താഴെയിട്ടപ്പോള്‍ തടയാന്‍ ചെന്ന ഭര്‍ത്താവിനെയും മകനെയും കമ്പിവടിയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് കണ്ട്രോള് റൂമിലെ ക്യാമറയില്‍ പതിഞ്ഞതും അറസ്റ്റിലേക്ക് നയിച്ചതും.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളോട് കടുത്ത അപമര്യാദ കാണിക്കുന്ന ഓട്ടോഡ്രൈവര്‍മാരും വിദേശി യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന നാട്ടുകാരും കേരളത്തിനപമാനമാണ്. ഓട്ടോ ഗുണ്ടായിസം കേരളത്തില്‍ വളരുകയാണ്. ഒരിക്കലും മീറ്ററനുസരിച്ചുള്ള കൂലികൊണ്ട് തൃപ്തിപ്പെടാതെ അവര്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നതും പതിവാണ്. അമിതകൂലി ഈടാക്കിയാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഇപ്പോള്‍ എറണാകുളം റേഞ്ച് ഐജി പത്മകുമാര്‍ പറഞ്ഞത് സ്വാഗതാര്‍ഹമാണ്. നഗരത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനും പോലീസ് നടപടി എടുക്കുകയാണ്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ബോധവല്ക്കരണക്ലാസുകള് സംഘടിപ്പിക്കാനുള്ള നീക്കവും സ്വാഗതാര്‍ഹമാണ്. സിറ്റിയില്‍ മാല പൊട്ടിക്കല്‍, പോക്കറ്റടി, പൂവാലശല്യം, വാഹനമോഷണം തുടങ്ങിയവ ചെയ്യുന്നവരെ പിടികൂടാന്‍ കൂടുതല്‍ ക്യാമറകള്‍ സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: