തിരുവനന്തപുരം : മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള സി.എച്ച്. മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റിന് സംഭാവനകള്‍ നല്കാന് പഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. ഒരു ലക്ഷം രൂപമുതല്‍ മൂന്ന് ലക്ഷം രൂപവരെ സംഭാവന നല്‍കാനാണ് അനുമതി. ജൂണ്‍ അഞ്ചിനാണ് ഉത്തരവിറക്കിയത്. നേരത്തെ തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്തുകള്‍ക്കായിരുന്നു അനുവാദം നല്‍കിയിരുന്നത്. ലീഗ് ജില്ലാ സെക്രട്ടറിയുടെ കത്തിനെത്തുടര്‍ന്ന് അതിപ്പോള്‍ സംസ്ഥാന വ്യാപകമാക്കിയിരിക്കുകയാണ്.
കേരളത്തില്‍ ആയിരത്തോളം പഞ്ചായത്തുകളുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ തുകയായ ഒരു ലക്ഷം രൂപ നല്കിയാല് തന്നെ 10 കോടി രൂപ ട്രസ്റ്റിലേക്ക് ഒഴുകിയെത്തും. യാതൊരു അദ്ധ്വാനവുമില്ലാതെയാണിത്രയും തുക ലീഗ് കാരുടെ കൈയ്യിലെത്തുന്നത്. ലീഗ് ഭരിക്കുന്നതോ യുഡിഎഫ് ഭരിക്കുന്നതോ ആയ പഞ്ചായത്തുകള്‍ മൂന്ന് ലക്ഷം വീതം നല്‍കാനും സാധ്യതയുണ്ട്. തിരുവനന്തപുരം നന്ദാവനത്താണ് സിഎച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആസ്ഥാനം.
പാരമ്പര്യമുള്ള നേതാക്കളുടെ പേരിലുള്ള സ്മാരകങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും സംഭാവന നല്കാന് മുമ്പും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ അഴിമതിയും സ്വജനപക്ഷപാതവുമാണ് ഈ സംഭാവനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം മുഹമ്മദ് കോയയുടെ മകന് എം.കെ. മുനീറാണ് സംസ്ഥാനത്തിന്റെ പഞ്ചായത്തു വകുപ്പ് മന്ത്രി. ഭരണത്തിന്റെ എല്ലാ തലത്തിലും അനധികൃതവും അവിഹിതവുമായ കൈകടത്തല്‍ മുസ്ലിം ലീഗ് നടത്തുന്നതിന്റെ ഒന്നാന്തരം തെളിവാണ് പഞ്ചായത്തുകള്‍ വഴിയുള്ള ഈ പണപ്പിരിവ്. നേരത്തെ അഞ്ചാംമന്ത്രി നേടിയെടുത്തു. വിദ്യാഭ്യാസ പൊതുമേഖലാ തലങ്ങളിലെ സ്ഥാപനങ്ങളിലെല്ലാം ലീഗുകാരെ തിരുകിക്കയറ്റി. കേരളഭരണം ലീഗിന്റെ നീരാളിപ്പിടിയില്‍ ഒതുങ്ങി എന്നാണ് ഈ ഉത്തരവും തെളിയിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: