പെരുമ്പാവൂര്‍: രണ്ടുപേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചതോടെ പെരുമ്പാവൂരും പ്രദേശവും ഭീതിയിലായിത്തുടങ്ങി. രായമംഗലം, മുടക്കുഴ പഞ്ചായത്തുകളിലായാണ് രണ്ട് രോഗികള്‍ക്ക് ഡങ്കിപ്പനിയുള്ളതായി വിവരം ലഭിച്ചത്. ഇതിന് ഒപ്പമായി ഈ പ്രദേശത്ത് ഹെപ്പറ്റൈറ്റിസും പടരുന്നതായും പറയുന്നു. കഴിഞ്ഞദിവസം എട്ടുപേരുടെ സ്രവം പരിശോധിച്ചതിലാണ് രണ്ടുപേര്‍ ഡങ്കിപ്പനിബാധിതരാണെന്ന് തെളിഞ്ഞത്. ഓരോദിവസം ചെല്ലുന്തോറും പനിബാധിതരുടെ എണ്ണം പെരുകുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇതിനാല്‍ പൂര്‍ണമായ രോഗബാധിതരുടെ വിവരങ്ങള്‍ അധികൃതര്‍ക്കും ലഭിക്കുന്നില്ല.
കഴിഞ്ഞ മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ ഏറ്റവുമധികം പടര്‍ന്നുപിടിച്ച മേഖലകളിലൊന്ന് പെരുമ്പാവൂരാണെന്നും ആരോഗ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ അത്യാഹിതങ്ങള്‍ സംഭവിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ഈ പ്രദേശത്ത് ഏറ്റവുമധികം പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും അന്യസംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ താമസിക്കുന്നതുമായ പഞ്ചായത്തുകളില്‍ ഒന്ന് രായമംഗലം പഞ്ചായത്താണ്. ഇവിടെ ഡങ്കിപ്പനി പിടിപെട്ടിട്ടുണ്ടെന്നറിഞ്ഞതോടെ ജനങ്ങള്‍ ആശങ്കയിലായി.
എന്നാല്‍ മിക്ക ഹെല്‍ത്ത് സെന്ററുകളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും താലൂക്ക് ആശുപത്രിയില്‍ രണ്ട് ഫിസിഷ്യന്മാര് വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളതെന്നും പറയുന്നു. മേഖലയിലെ മിക്ക പഞ്ചായത്തുകളിലും പ്രതിരോധമരുന്ന് വിതരണവും ജലസംഭരണികളുടെ ക്ലോറിനേഷനും ഉദ്ഘാടനം നടന്നതല്ലാതെ ജനോപകാരപ്രദമായ രീതിയില്‍ നടപ്പിലാക്കുന്നില്ലെന്നും രോഗികള്‍ പറയുന്നു. വരുംദിവസങ്ങളില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടാനാണ് സാധ്യതയെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: