കാല്‍നൂറ്റാണ്ടോളം എം.എം.മണി സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു. സിപിഎമ്മിനുമാത്രം ഉള്‍ക്കൊള്ളാനും അഭിമാനിക്കാനും കഴിയുന്ന സെക്രട്ടറി. പാര്‍ട്ടിയുടെ അടിസ്ഥാന ചിന്താപദ്ധതികള്‍ക്ക് അനുരൂപനാകയാല് അണികളിലും നേതൃത്വത്തിലും ഒരേപോലെ സ്വാധീനം പുലര്‍ത്തുന്നയാള്‍. തന്റെ കുപ്രസിദ്ധമായ പ്രസംഗത്തിലൂടെ രാഷ്ട്രീയത്തിന്റെ വിപര്യയങ്ങള്ക്കിടയില് മലയാളി മറന്നുകിടന്ന ചിലവന്യരാഷ്ട്രീയ സത്യങ്ങളെ മണി ഓര്‍മിപ്പിച്ചു. ഈ സേവനം മുമ്പും അദ്ദേഹം ചെയ്തിട്ടുണ്ട്. അന്നൊന്നും മലയാളിയുടെ മനഃസാക്ഷി ഇന്നേപോലെ ഒരാഘാതസ്മൃതിയില്പ്പെട്ട് ജാഗരൂകമായിട്ടില്ലാത്തതിനാല് അതാരും ശ്രദ്ധിച്ചിരുന്നില്ലെന്നുമാത്രം.
അദ്ദേഹം പ്രസംഗത്തില്‍ മുഖ്യമന്ത്രിയേയും കേന്ദ്രമന്ത്രിയേയുമൊക്കെ വിശേഷിപ്പിച്ച വാക്കുകള്‍, ആഭാസകരവും ദ്വയാര്ത്ഥസഹിതവുമായ പ്രയോഗങ്ങള്‍, മഹാശ്വേതദേവിയെന്ന വയോധികയുടെ സ്ത്രീത്വ ത്തെ ആഴത്തിലപമാനിക്കുന്ന പറച്ചിലുകള്‍, ഭൂതാവേശിതമായ ശരീരഭാഷ എന്നിവയൊക്കെ മലയാളിയുടെ പ്രബുദ്ധതയേയും സദാചാരബോധാക്തിയേയും ചോദ്യം ചെയ്യുന്നതാണ്. നാം പുച്ഛിക്കുന്ന രാഷ്ട്രീയ സംസ്ക്കാരമുള്ള ബീഹാറില്‍ അതിന്റെ അധമകാലത്തുപോലും ഇത്ര തരംതാരണ പ്രസംഗങ്ങള്‍ അരങ്ങേറിയിരിക്കില്ല. ഈ നേട്ടത്തില്‍ സിപിഎമ്മിന്റെ അണികള്‍ക്കും അഭിമാനിക്കാം; അവയുടെ നിലവാരത്തിലും രാഷ്ട്രീയ സംസ്ക്കാരത്തിലും. മറ്റൊരു രാഷ്ട്രീയ പാര്ട്ടിയിലായിരുന്നുവെങ്കിലൊരുപക്ഷേ അണികള്‍ തന്നെ അവസാനിപ്പിച്ചേനെ ഇത്തരം പ്രസംഗാഭാസം. ജനത്തിന് പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് പിണറായി പറഞ്ഞത് ഇപ്പോഴാണ് പൂര്‍ണമായി നമുക്ക് മനസ്സിലായി വരുന്നത്. ടിപിയുടെ മൃതദേഹം കാണാന്‍ പോയ അച്യുതാനന്ദനേയും മണി പുലഭ്യം പറയുന്നു; മരിച്ചാലും പകയടങ്ങാത്ത കമ്മ്യൂണിസ്റ്റിന്റെ ക്രൗര്യത്തോടെ. പാര്‍ട്ടിയുടെ പ്രതിസന്ധി കാലത്തൊക്കെ അച്യുതാന്ദനെ തെറിവിളിച്ചും പിണറായിയെ പ്രകീര്ത്തിച്ചുമാണ് പലരും പ്രത്യയശാസ്ത്രത്തോടുള്ള കൂറുകാട്ടുന്നത്. അത് ഏറനാടന്‍ താമശയായും ഇടുക്കിയിലെ വികടസരസ്വതിയായും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തിക്തഫലിതങ്ങളാകുന്നു.
മണിയണ്ണന് വിളിച്ചുപറഞ്ഞ കൊലപാതകങ്ങളുടെ രാഷ്ട്രീയ പരിസരം നോക്കുക. തോട്ടം മേഖലയില്‍ കടന്നുവന്ന കോണ്‍ഗ്രസ് നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കി കൊല ചെയ്തു തുടങ്ങുക. മൂന്നെണ്ണംആയപ്പോഴേക്കും അവര്‍ ഭയന്ന് ഓടിപ്പോവുക. അങ്ങനെ ഓടിപ്പോയില്ലായിരുന്നുവെങ്കില്‍ അന്ത്യം സംഭവിക്കുന്നതുവരെ കൊലകള്‍ തുടര്‍ന്നേനെ എന്ന് വ്യക്തം. നാലാമത്തെ കൊല പകരത്തിനുപകരമായിരുന്നു. കണ്ണിനും പല്ലിനും എതിരാളികളെ വകവരുത്തിക്കൊണ്ട് അവരുടെ സംഘടനാ സ്വാതന്ത്ര്യം ഹനിക്കുക. അതുതന്നെയാണ് കണ്ണൂരില്‍ പണ്ടേ പിണറായി പറഞ്ഞതും നടത്തിയതും. അര്‍ഹമായ സ്ഥലങ്ങളില്‍ മാത്രം ശാഖ നടത്തിയാല്‍ ആര്‍എസ്എസുകാര്‍ കൊല്ലപ്പെടില്ലെന്ന്. പുതിയ സ്ഥലങ്ങളില്‍ തുടങ്ങിയാല്‍ നേരിടുമെന്ന്. അന്ന് സാംസ്ക്കാരിക കേരളം പഞ്ചപുച്ഛമടക്കി കേട്ടുനിന്നു. വിനീത വിധേയന്റേയും ലാഭമോഹിയുടേയും മഹാമൗനത്തോടെ. കൊല ചെയ്യുന്നതുമാത്രമല്ല, അതില്‍നിന്നും രക്ഷപ്പെടുന്നതും മണി സഖാവിന്റെ വിവരണത്തിലുണ്ട്. കൊലയെങ്ങനെയുണ്ട് നന്നായിരുന്നോ എന്ന് പോലീസിനോട് ചോദിക്കുക. പാര്‍ട്ടി ഒരു ലിസ്റ്റും പ്രതികളേയും കൊടുക്കുക. കോടതിയില്‍ വരുമ്പോള്‍ കൈകാര്യം ചെയ്യുക. ഈ കൈകാര്യം ചെയ്യലില്‍ സാക്ഷികളെ കൈകാര്യം ചെയ്യലുണ്ട്. വാദിയെ കൈകാര്യം ചെയ്യലുണ്ട്. നട്ടെല്ലുള്ള നിയമപാലകരാണെങ്കില് അവരെ കൈകാര്യം ചെയ്യലുണ്ട്. യഥാര്‍ത്ഥ പ്രതികളല്ലാത്തതിനാല്‍ നിയമത്തെയും നീതിന്യായവ്യവസ്ഥയെത്തന്നെയും കൈകാര്യം ചെയ്യലുണ്ട്.
അവനവന്റെ ആശയത്തോടുള്ള അഭിമാനമല്ല അന്യന്റെ ആശയത്തോടുള്ള അസഹിഷ്ണുതയാണ് പിണറായി നയിക്കുന്ന കമ്മ്യൂണിസത്തിന്റെ അടിസ്ഥാന വികാരം. അതുകൊണ്ടാണ് സമാന ആശയം പുലര്‍ത്തുന്നവര്‍ പോലും കുലംകുത്തികളും കോലിട്ടിളക്കുന്ന ഇടങ്ങേറുകളുമായി തോന്നുന്നത്. അത്യഗാധമായ വെറുപ്പും ധാര്‍ഷ്ട്യവും പ്രകടഭാവവുമാകുന്നത്. എം.എം.മണിയുടെ പ്രസംഗത്തിനിടയിലെ അംഗചലനങ്ങള്‍ നോക്കുക. ശരീരത്തിന്റെ ഭാവം ശ്രദ്ധിക്കുക. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടയില്‍ കാലു വിറപ്പിച്ചും ശരീരം ആട്ടിയും കൊണ്ട് അദ്ദേഹം വെളിവാക്കുന്ന ആന്തരിക വിക്ഷുബ്ധത അപഗ്രഥിക്കുക.
ഫാസിസത്തിന്റെ ജൈവസ്വഭാവമാണിതെന്ന് ഭീതിയോടെ നാം തിരിച്ചറിയുന്നു. ആ മാനസികാവസ്ഥയെ വിശദീകരിക്കാന്‍ കഴിയുന്ന ഒരു മനഃശാസ്ത്ര നിപുണന് അതിന്റെ സാമൂഹ്യാവസ്ഥകളിലേക്കു ചെന്നെത്താനാകും. പ്രജ്ഞയില്‍ പാഞ്ഞുനടക്കുന്ന ഈ കാട്ടികൂട്ടുകള് ഓരോ ഫാസിസ്റ്റിന്റേയും ക്രൂരന്മാരായ ഏകാധിപതികളുടേയും ജൈവ നിഗൂഢതയായിരുന്നു. അതിന്റെ സൂക്ഷ്മമായ തുടര്‍ച്ച, വംശപരമായ ആവര്‍ത്തനം ചരിത്രത്തില്‍ നടക്കുന്നുണ്ട്. അതിന്റെ രാഷ്ട്രീയമായ പരിണാമം നമ്മുടെ കമ്മ്യൂണിസ്റ്റ് വൈകൃതത്തിന്റെ ഭീമമായ ഊര്‍ജ്ജമായി പ്രസരിക്കുന്നുണ്ട്. ആ പ്രസരണമായിരിക്കണം എം.എം.മണിയുള്‍പ്പെടെയുള്ളവരുടെ ശാരീരികോര്‍ജ്ജം. നാട്ടുവിശ്വാസം പ്രേതം കൂടിയതെന്നും മനഃശാസ്ത്രം ബോഡി എനര്‍ജി നെഗേറ്റെവായതെന്നും പറയുന്ന അത്തരമൊരു ശാരീരികാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുമെങ്കില് നമുക്ക് കണ്ടെത്താനായേക്കും.
കമ്മ്യൂണിസത്തിന്റെ കഴിവിനെക്കാള്‍ കോണ്‍ഗ്രസിന്റെ കഴിവുകേടാണ് നമ്മുടെ ദുര്‍ഗതി. സിപിഎം നേതാക്കളിലേക്ക്, ആസൂത്രകരിലേക്ക് അന്വേഷണം നീളുന്ന അവസ്ഥയുണ്ടായാല്‍ എന്നേ കേരളത്തിലെ രാഷ്ട്രീയ കൊലകള്‍ അവസാനിപ്പിച്ചേനെ. അതിന് ഒരാരംഭം കുറിയ്ക്കാന്‍ ചന്ദ്രശേഖരന്റെ ജീവരക്തം തൂവേണ്ടിവന്നു. ആസൂത്രണവും നടപ്പാക്കലും കൊണ്ട് സിപിഎമ്മും സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ട് നിസ്സംഗമായിരുന്ന് കോണ്‍ഗ്രസും ഇടവും വലവും നില്ക്കുന്നു. ഇടയില്‍ ഇരകള്‍ നിസ്സഹായര്‍, നിരപരാധികള്‍ നിലവിളിച്ചൊടുങ്ങുന്നു. ഈ ധൈര്യത്തിന്റെ വേദിയില്‍ മൈക്കുവെച്ചുകെട്ടിയാണ് എം.എം.മണി തങ്ങള്‍ ചെയ്ത കൊലകള്‍ പരസ്യമായി വിളിച്ചു പറഞ്ഞത്. വിജയനതിനെ ന്യായീകരിച്ചത്.
കഷ്ടകാലം കടന്നുവരുന്നത് പിഴച്ചുപോകുന്ന വാക്കിലൂടെയും തെറ്റായെടുക്കുന്ന തീരുമാനത്തിലൂടെയും വിവേകമില്ലാത്ത പ്രവൃത്തിയിലൂടെയുമാണ്. മഹാഭാരതത്തിലെ വിദുരര്‍ ധൃതരാഷ്ട്രര്‍ക്ക് മനസ്സിലാക്കിക്കൊടുത്തത് കാലം നശിപ്പിക്കാനുദ്ദേശിക്കുന്നവരുടെ ബുദ്ധിയെ ചിതറിച്ചുകളയുന്നു എന്നാണ്. ദുഷ്ടതയ്ക്ക് വിരാമങ്ങളോ ഭാവാത്മക പരിണാമങ്ങളോ ഉണ്ടായേ തീരൂ. കാലം അതിന് ചില ശകുനപ്പിഴകളിലൂടെ ദുസൂചന കൊടുക്കാറുണ്ട്. അത്തരമൊരപകട മണിയാണ് എം.എം.മണിയിലൂടെ കാലം മുഴക്കിയത്. അത് കേള്‍ക്കുക.
വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: