കഴിഞ്ഞദിവസം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ധന-വായ്പാനയം പൊതുവെ നിരാശയാണ് പൊതുസമൂഹത്തില്‍ പടര്‍ത്തിയിരിക്കുന്നത്. വന്‍ പ്രതീക്ഷയുമായി കാത്തിരുന്ന വ്യവസായ മേഖല പ്രത്യേകിച്ചും ഉത്കണ്ഠാകുലമായ ഒരവസ്ഥയിലുമായി. വ്യാവസായിക വളര്‍ച്ച നന്നേ കുറവായ സാഹചര്യത്തില്‍ പലിശനിരക്കുകള്‍ കുറച്ച് സാമ്പത്തിക മേഖലയെ ആശ്വസിപ്പിക്കുന്ന നടപടികള്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളുമെന്ന് പൊതുവെ ഒരു സംസാരമുണ്ടായിരുന്നു. നാളിതുവരെ അങ്ങനെയുള്ള ചില നടപടികള്‍ കൈക്കൊള്ളുകയും അതു ശുഭകരമായ ഒരന്ത്യത്തില്‍ എത്തുകയും ചെയ്ത അനുഭവമുള്ളതുകൊണ്ടായിരുന്നു അത്. എന്നാല്‍ കാര്യങ്ങള്‍ തികച്ചും തകിടംമറിക്കുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ എത്തിയിരിക്കുന്നു.
റിസര്‍വ് ബാങ്കിന്റെ നയം പ്രഖ്യാപിക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെ ഓഹരിവിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പൊതുവെ ഊഹക്കച്ചവടത്തിന്റെ കൂത്തരങ്ങായ ഓഹരി വിപണിക്ക് പ്രതീക്ഷയുടെ മിന്നാമിനുങ്ങ്വെട്ടം പോലും കാണാനാവാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു സ്ഥിതിയുണ്ടായത്. പണപ്പെരുപ്പം ഒരു തരത്തിലും പിടിതരാതെ ഉയരുന്ന സാഹചര്യത്തില്‍ സാമ്പത്തികരംഗത്തിന്റെ ‘നട്ടെല്ല് സംരക്ഷണം’ എന്ന ആത്യന്തിക നിലപാടിലേക്ക് റിസര്‍വ് ബാങ്ക് നീങ്ങിയെന്നു വേണം കരുതാന്‍. ഒരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ഇത്തരമൊരു നടപടി ദൂരക്കാഴ്ചയുള്ള ഒരു സമീപനത്തിന്റെ തുടക്കമാണ്. പെട്ടെന്ന് അതൃപ്തിയും അസ്വസ്ഥതയും തോന്നുമെങ്കിലും രക്ഷാകര്തൃത്വബോധത്തോടെ നീങ്ങുന്ന സ്ഥാപനത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ സൂചകമാണത്.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പാ പലിശയായ റിപ്പോനിരക്കും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയ്ക്കു നല്കുന്ന പലിശയായ റിവേഴ്സ് റിപ്പോ നിരക്കും മാറ്റമില്ലാതെ തുടരുന്നത് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചടുലത നഷ്ടപ്പെടുത്താനിടയുണ്ട്. കൂടുതല്‍ ധനം കൈകാര്യം ചെയ്യാനുള്ള ശേഷിയും അതിന് ഇറങ്ങിത്തിരിക്കാനുള്ള ചങ്കുറപ്പും നഷ്ടപ്പെടുമ്പോള്‍ സ്വാഭാവികമായുണ്ടാവേണ്ട സാമ്പത്തിക ചലനാത്മകതയ്ക്കാണ് സ്തംഭനം ഉണ്ടാവുന്നത്. അത് ഒരു തരത്തില്‍ പറഞ്ഞാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ അവസ്ഥയാണ്. ഈ മേഖലയില്‍ നിരാശപടരുമ്പോള് ആത്യന്തികമായി രാജ്യത്തിന്റെ ഉയര്‍ച്ചയുടെ ഗ്രാഫ് താഴുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. എന്നാല്‍ സാമ്പത്തികരംഗത്തെ ഈ സ്തംഭനാവസ്ഥ സസൂക്ഷ്മം നിരീക്ഷിക്കുന്ന റിസര്‍വ് ബാങ്ക് അതിന്റെ ഗതിവിഗതികളെക്കുറിച്ചുള്ള ചിത്രം സ്പഷ്ടമായി രൂപപ്പെടുത്തും. അത് പക്ഷേ, പൊതുജനത്തെയോ രാഷ്ട്രീയ നേതൃത്വത്തെയോ തൃപ്തിപ്പെടുത്താനുള്ളതായിക്കൊള്ളണമെന്നില്ല.
പണപ്പെരുപ്പം ഏപ്രിലിലെ 7.23 ശതമാനത്തില്‍ നിന്ന് മെയ് മാസത്തില്‍ 7.55 ശതമാനമായി ഉയര്‍ന്നപ്പോള്‍ റിസര്‍വ് ബാങ്ക് കാല്‍ശതമാനമെങ്കിലും പലിശകുറയ്ക്കുമെന്നായിരുന്നു കരുതിയത്. കരുതല്‍ ധനാനുപാതമായ സിആര്‍ആര്‍ നിരക്കും കുറക്കുമെന്ന് ബാങ്കുകള്‍ കരുതി. എന്നാല്‍ അതൊന്നും ഉണ്ടായില്ല. വ്യാവസായിക വളര്‍ച്ച തല്ക്കാലം അങ്ങനെ നില്ക്കട്ടെ, പണപ്പെരുപ്പം നിയന്ത്രിക്കാം എന്ന് അടിസ്ഥാന സാമ്പത്തിക യുക്തിയിലേക്ക് ആര്‍ബിഐ എത്തുകയാണുണ്ടായത്. അതേസമയം അനിവാര്യമായ സമയത്ത് ഇടപെട്ട് വേണ്ട ആശ്വാസ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കരുതല്‍ ധനാനുപാതം കുറച്ചില്ലെങ്കിലും കയറ്റുമതിക്കുള്ള ക്രെഡിറ്റ് റിഫിനാന്‍സ് പരിധി നിലവിലെ 15 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് ചില മേഖലകള്‍ക്ക് ആശ്വാസമാണ്. കയറ്റുമതിമേഖലയില്‍ മുപ്പതിനായിരം കോടി രൂപയുടെ അധികലഭ്യതയാണുണ്ടാവുക. കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോഴും രാജ്യത്തെ മൊത്തം ബാധിക്കുന്ന കാര്യത്തെക്കുറിച്ച് യുക്തിസഹമായ നിലപാട് ആര്‍ബിഐ സ്വീകരിക്കുന്നുണ്ടെന്ന കാര്യം ഇതിലൂടെ കാണാതിരുന്നുകൂട.
ആര്‍ബിഐയുടെ നയത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തേണ്ടതല്ലെങ്കിലും ഭാരതത്തിന്റെ വളര്ച്ചാക്ഷമതയുമായി ബന്ധപ്പെടുത്തി ആഗോള ഏജന്‍സി നല്കുന്ന തരം തിരിവ് നിരാശാജനകമാണ്. ഭാരതത്തിന്റെ സുസ്ഥിരാവസ്ഥാ ഗ്രേഡില്‍ നിന്ന് പ്രതികൂലാവസ്ഥ ഗ്രേഡിലേക്കാണ് ഏജന്‍സിയായ ഫിച്ച് താഴ്ത്തിയിരിക്കുന്നത്. അഴിമതി, നയരൂപവത്കരണത്തിലെ പോരായ്മകള്‍, ഉയര്‍ന്ന പണപ്പെരുപ്പം, ഭരണനിര്‍വഹണത്തിലെ പോരായ്മകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് വളര്‍ച്ചാ അനുമാനം കുറച്ചിരിക്കുന്നത്. ഇവ മെച്ചപ്പെടുത്താനായില്ലെങ്കില്‍ ഭാരതത്തിന്റെ വളര്‍ച്ച ഇനിയും താഴുമെന്നാണ് ഏജന്‍സിയുടെ കണക്കുകൂട്ടല്‍. നിക്ഷേപസൗഹൃദ അന്തരീക്ഷം ഇല്ലാത്ത അവസ്ഥയിലേക്ക് ഇത് കൊണ്ടുചെന്നെത്തിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ എന്ന അന്താരാഷ്ട്രറേറ്റിങ്ങ് ഏജന്‍സിയും ഭാരതത്തിന്റെ റേറ്റിങ് പ്രതികൂലത്തിലേക്ക് താഴ്ത്തിയിരുന്നു.
കേന്ദ്രനേതൃത്വം ഇതൊക്കെ ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്ന കാര്യം ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. തങ്ങളുടെ പിടിപ്പുകേടിന്റെ രഹസ്യം പുറത്തുവന്നതോടെ അതൊക്കെ അത്തരം ഏജന്‍സികളുടെ മുന്‍വിധിയാണ്, പഴയകണക്കുകള്‍ പരിഗണിച്ചതിന്റെ ഫലമാണ് എന്നൊക്കെപ്പറഞ്ഞ് പരിഹസിക്കുകയാണ് രാഷ്ട്രപ്രതിക്കസേരയിലേക്ക് നോക്കിയിരിക്കുന്ന പ്രണബ് മുഖര്‍ജി. അദ്ദേഹത്തിന്റെ ഉപദേശകന് കൗശിക്ബാബുവും അതു ശരിവെക്കുന്നു. അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് അവരുടേതായ അജണ്ടകള്‍ ഉണ്ടെങ്കിലും അവരുടെ കണക്കു കൂട്ടലുകള്‍ മൊത്തം മോശമാണെന്ന വിലയിരുത്തല്‍ ശരിയല്ല.
നമ്മുടെ കുഴപ്പം ചൂണ്ടിക്കാണിക്കുമ്പോള്‍ വസ്തുനിഷ്ഠമായി പരിശോധിക്കുന്നതിനുപകരം അടച്ചാക്ഷേപിക്കുന്നത് വിപരീതഫലമാണുണ്ടാക്കുക. ഇത്തരം ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളില്‍ പണപ്പെരുപ്പത്തിന്റെ വശം മാത്രമേ റിസര്‍വ് ബാങ്കിന് നിയന്ത്രിച്ചും ശരിയാക്കിയും നിര്‍ത്താനാവൂ. അത് ഒരു പരിധിവരെ അവരുടെ ധന-വായ്പാനയത്തില്‍ പ്രതിഫലിച്ചിട്ടുമുണ്ട്. ശേഷിച്ചത് ശരിയാക്കാനുള്ള ഇച്ഛാശക്തി കാണിക്കേണ്ടത് കേന്ദ്രഭരണകൂടമാണ്. അതവര് നിര്‍വഹിക്കുമോ എന്ന് കാത്തിരുന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: