മെക്സിക്കോ: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും സംയുക്തമായി ആവശ്യപ്പെട്ടു. മെക്സിക്കോയില്‍ ജി 20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇരുനേതാക്കളും നിലപാട് വ്യക്തമാക്കിയത്.
വിദേശശക്തികളെ ഉപയോഗിച്ച് സിറിയയിലെ ഭരണകൂടത്തെ താഴെയിറക്കുന്ന സമീപനം സ്വീകാര്യമല്ലെന്ന് ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടു. പ്രശ്നപരിഹാരത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ തുടരുമെന്നും പുടിന് പറഞ്ഞു. ഐക്യരാഷ്ട്രസഭയുമായും യുഎന്‍ സമാധാന ദൂതന് കോഫി അന്നനുമായും ചര്‍ച്ച നടത്തിയശേഷം പരിഹാരം കണ്ടെത്താന്‍ റഷ്യ സമ്മതിച്ചതായി ഒബാമ അറിയിച്ചു.
അതേസമയം, സിറിയയില്‍ രക്തച്ചൊരിച്ചില്‍ തുടരുകയാണ്. ഏറ്റവും ഒടുവിലുണ്ടായ ആക്രമണത്തില്‍ 52 പേര് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സിറിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് സൈനിക സഹായം നല്‍കുന്നത് റഷ്യയാണെന്ന് നേരത്തെ യുഎസ് ആരോപിച്ചിരുന്നു. സിറിയയുടെ കാര്യത്തില്‍ റഷ്യന്‍ നിലപാട് മാറ്റണമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയന്‍ ജനങ്ങള്‍ക്കെതിരെ നടത്തുന്ന ഹെലികോപ്റ്റര്‍ ആക്രമണങ്ങള്‍ക്ക് സഹായം നല്‍കുന്നതും റഷ്യയാണെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ റഷ്യ നിരാകരിച്ചിരുന്നു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ക്കിടയിലാണ് ഒബാമയും പുടിനും ചര്‍ച്ച നടത്തിയെന്നതും ശ്രദ്ധേയമാണ്.
യുഎന്‍-അറബ് ലീഗ് സമാധാന ദൂതന് കോഫി അന്നന്റെ സമാധാന പദ്ധതികള്‍ സിറിയയില്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും യുഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സിറിയയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് യുഎന്‍ നിരീക്ഷക സംഘം കഴിഞ്ഞ ദിവസങ്ങളില്‍ സിറിയന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: